‘അത് നമ്മുടെ ക്യാപ്സൂളുകൾക്കെതിരാണ്’: നിർമല– പിണറായി കൂടിക്കാഴ്ചയെക്കുറിച്ച് പോസ്റ്റുമായി പി.വി.അൻവർ

Mail This Article
മലപ്പുറം ∙ കേരളത്തോടുള്ള നയം തിരുത്തുന്നതിനോ കേരളത്തിനു ലഭിക്കാനുള്ള പണം വാങ്ങുന്നതിനോ അല്ല കേന്ദ്ര ധമന്ത്രി നിർമലാ സീതാരാമൻ കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതെന്ന് പി.വി. അൻവർ. എം.ആർ.അജിത് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചു കൊണ്ടുള്ള ലിസ്റ്റ് കേന്ദ്ര സർക്കാരിനു സംസ്ഥാന സർക്കാർ കൈമാറിയിട്ടുണ്ട്. ഗവർണറോട് ഒന്നിച്ചുള്ള മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം ആകെ തുക വിജയമായിരുന്നെന്നാണ് താൻ മനസിലാക്കുന്നതെന്നും അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ആർഎസ്എസ് പശ്ചാത്തലമുള്ള ഗവർണറെയും കൂട്ടി മുഖ്യമന്ത്രി ഡൽഹി സന്ദർശിച്ചത് കേരളത്തിന്റെ പൊതുവായ ആവശ്യത്തിനാണെന്ന് സമൂഹമാധ്യമങ്ങളിൽ വിശദീകരണം നൽകുന്ന സഖാക്കളോട് തനിക്ക് പറയാനുള്ളത്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടത്തുമെന്ന് നിങ്ങൾ സമ്മതിക്കുകയേ അരുത്. കാരണം അത് നമ്മുടെ ക്യാപ്സൂളുകൾക്കെതിരാണെന്നും അൻവർ പറയുന്നു.
അൻവറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേന്ദ്ര സർക്കാരിനു കേരളത്തോടുള്ള നയം തിരുത്തുന്നതിനോ, കേരളത്തിനു ലഭിക്കാനുള്ള പണം വാങ്ങുന്നതിനോ അല്ല നിർമല സീതാരാമൻ ‘കേരള ഹൗസിലെത്തി’ മുഖ്യമന്ത്രിയെ കണ്ടത് എന്നാണ് എന്റെ അഭിപ്രായം. ആയിരുന്നെങ്കിൽ അതിനു ഗവർണറെക്കാൾ നല്ല ‘ഓപ്ഷൻ’ സർവകക്ഷി എന്ന സംവിധാനമായിരുന്നു. കൂടുതൽ ജനാധിപത്യപരവും ഈ രീതിയാണ്. ഞാൻ ഉന്നയിച്ചതടക്കമുള്ള നിരവധി ആരോപണങ്ങളുടെ പശ്ചാതലത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെയാണ് ഏഴു പേരുള്ള ലിസ്റ്റിൽ പിണറായി സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്നും കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത്, തിരിച്ചയക്കുന്ന മൂന്നുപേരിൽ ആരെ വേണമെങ്കിലും സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാം.
അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതടക്കം ഗൗരവമുള്ള വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന ഒരു ഉദ്യോഗസ്ഥനെ അന്വേഷണം നടക്കുമ്പോൾ തന്നെ സംസ്ഥാന പൊലീസ് മേധാവിയാക്കാൻ തിടുക്കപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ അസാംഗത്യം ആരും ചോദ്യം ചെയ്യരുത്. കാരണം, ഇവിടെ ചോദ്യങ്ങളില്ല. ഉത്തരവുകൾ മാത്രമേയുള്ളു.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ നീണ്ട നിര ആവർത്തനവിരസമാണ്. പിണറായി വിജയൻ ഒരു കാരണവശാലും എഡിജിപിയെ കൈവിടില്ലെന്ന് ഞാൻ മുൻപൊരിക്കൽ സൂചിപ്പിച്ചിട്ടുള്ളതാണ്. ഞാൻ പറഞ്ഞതിൽ ഒരു മാറ്റവും ഇതേവരെ ഉണ്ടായിട്ടില്ല.
ആർഎസ്എസ് പശ്ചാത്തലമുള്ള ഗവർണറെയും കൂട്ടി മുഖ്യമന്ത്രി ഡൽഹി സന്ദർശിച്ചത് കേരളത്തിന്റെ പൊതുവായ ആവശ്യത്തിനാണെന്ന് സോഷ്യൽ മീഡിയ വിശദീകരണം നൽകുന്ന സഖാക്കളോട് എനിക്ക് പറയാനുള്ളത്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടത്തുമെന്ന് നിങ്ങൾ സമ്മതിക്കുകയേ അരുത്. കാരണം അത് നമ്മുടെ ക്യാപ്സൂളുകൾക്കെതിരാണ്.
പി.വി അൻവർ