ADVERTISEMENT

കോഴിക്കോട് ∙ ചുമയുടെ മരുന്ന് കുടിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവറിന് മേലുദ്യോഗസ്ഥർ ചാർത്തി നൽകിയത് മദ്യപാനിയുടെ പരിവേഷം! ഇന്നലെ രാവിലെ 7ന് കോഴിക്കോട് – മാനന്തവാടി റൂട്ടിൽ ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് ഡിപ്പോ ഡ്രൈവർ ആർഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിനെയെയാണു ബ്രെത്തലൈസർ ചതിച്ചത്.

രാവിലെ 6.15ന് പാവങ്ങാട് ഡിപ്പോയിൽ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാൻഡിൽ എത്തിച്ചു. തുടർന്നു മാനന്തവാടിയിലേക്കു യാത്ര പുറപ്പെടും മുൻപ് ഷിദീഷിനെ ഊതിച്ചപ്പോൾ 9 പോയിന്റ് റീഡിങ് കണ്ടു. ഇതോടെ വാഹനം ഓടിക്കാൻ പാടില്ലെന്ന് മേലധികാരികൾ നിലപാടെടുത്തു. ജീവിതത്തിൽ മദ്യം കഴിക്കാത്ത ആളാണെന്നും ആശുപത്രിയിൽ പോയി പരിശോധിക്കാമെന്നും ഷിദീഷ് പറഞ്ഞു. സംഭവം വഷളായതോടെ പൊലീസുമെത്തി.

ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത ആളാണ് താനെന്ന് ഷിദീഷ് മനോരമ ഓൺലൈനോട് പറഞ്ഞു. ‘‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചുമയുണ്ടായിരുന്നു. ഹോമിയോ മരുന്നാണ് കഴിക്കുന്നത്. അലോപ്പതി മരുന്ന് കഴിക്കാറില്ല. സുഖമില്ലാതിരുന്നിട്ടും അവധി ദിവസങ്ങളിൽ ആളു കുറവായതിനാലാണ് ജോലിക്കെത്തിയത്. പാവങ്ങാടു നിന്ന് ബസ് എടുത്ത് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിച്ച ശേഷം ഹോമിയോ മരുന്നു കഴിച്ചു. ഓരോ മണിക്കൂർ ഇടവിട്ട് കഴിക്കേണ്ട മരുന്നായിരുന്നു. മരുന്ന് കഴിച്ച ശേഷമാണ് ഊതിയത്. ഇതോടെയാണ് 9 പോയന്റ് റീഡിങ് കണ്ടത്. എല്ലാ ദിവസവും രാവിലെ ഊതാറുണ്ട്. ഇതുവരെ കുഴപ്പമൊന്നുമുണ്ടായില്ല.

പൊലീസ് എത്തിയെങ്കിലും 30 പോയിന്റോ അതിലധികമോ ഉണ്ടെങ്കിലേ മദ്യപിച്ചതിനു തുടർ നടപടിയെടുക്കാൻ കഴിയൂ എന്നു പറഞ്ഞു. ആശുപത്രിയിൽ പോയി പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും കെഎസ്ആർടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ തയാറായില്ല. ഒടുവിൽ ഇന്നു ഡ്യൂട്ടിക്കെത്താനും അടുത്ത ദിവസം എംഡിയുമായി നേരിൽ കാണാനും നിർദേശം ലഭിച്ചു. ഇന്ന് ജോലിക്ക് പോയിട്ടില്ല. വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകും. നാളെ എംഡിയെ കണ്ടശേഷമേ ഇനി ജോലിക്കു കയറുന്നുള്ളു’’– ഷിദീഷ് പറഞ്ഞു.

ബ്രെത്തലൈസറിൽ പൂജ്യം ആണെങ്കിൽ മാത്രമേ ഡ്യൂട്ടി നൽകാൻ അനുവാദമുള്ളൂ എന്നു പരിശോധിച്ച സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. ഒരു വർഷം മുൻപാണ് കെഎസ്ആർടിസി ഡ്രൈവർമാർക്കു ബ്രെത്തലൈസർ പരിശോധന ആരംഭിച്ചത്. ഇതിൽ ഒന്നിൽ കൂടുതൽ പോയിന്റ് രേഖപ്പെടുത്തിയാൽ തിരിവനന്തപുരത്തേക്കു റിപ്പോർട്ട് നൽകും. 6 മാസം സസ്പെൻഷനും പിന്നീടു സ്ഥലംമാറ്റവും ഇതിനെത്തുടർന്നുണ്ടാകും.

ഡ്യൂട്ടിക്കെത്തുന്ന നിരവധി ഡ്രൈവർമാർ ബ്രത്തലൈസറിൽ ചെറിയ റീഡിങ് രേഖപ്പെടുത്തിയാലും തിരിച്ചു പോകേണ്ടി വരുന്നുണ്ട്. ചുമ മരുന്നുകൾ, ആയുർേവദ മരുന്നുകൾ തുടങ്ങിയവ കഴിക്കുന്നവരിൽ ചെറിയ രീതിയിൽ റീഡിങ് രേഖപ്പെടുത്താറുണ്ട്. തലേന്ന് മദ്യം കഴിച്ചാലും പിറ്റേന്ന് പരിശോധനയിൽ റീഡിങ് കാണിക്കാറുണ്ട്. എന്നാൽ ഭൂരിഭാഗം പേരും പ്രശ്നമുണ്ടാക്കാൻ നിൽക്കാതെ ജോലിക്ക് കയറാതെ മടങ്ങുകയാണ് പതിവ്.

English Summary:

Breathalyzer False Positive: A KSRTC driver in Kozhikode was wrongly accused of drunk driving after his breathalyzer test showed a positive reading due to cough medicine.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com