പ്രഷർകുക്കറിൽ തയാറാക്കാം നല്ല പഞ്ഞിപോലെയുള്ള മാർബിൾ കേക്ക്
Mail This Article
വ്യത്യസ്തരുചിയിലുള്ള കേക്കുകൾ ക്രിസ്മസ് വിരുന്നിന്റെ പ്രത്യേകതയാണ്, വളരെ എളുപ്പത്തിൽ മാർബിൾ കേക്ക് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- മൈദ – 1 ½ കപ്പ്
- പഞ്ചസാര – 1 ¼ കപ്പ്
- വെജിറ്റബിൾ ഓയിൽ – ½ കപ്പ്
- മുട്ട – 2 എണ്ണം
- വാനില എസ്സൻസ് – 1 ടീസ്പൂൺ
- കൊക്കോ പൗഡർ – 1 ½ ടേബിൾ സ്പൂൺ
- ബേക്കിങ് പൗഡർ – 1 ½ ടീ സ്പൂൺ
- പാൽ – ¾ കപ്പ്
തയാറാക്കുന്ന വിധം
മൈദയിലേക്ക് ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനു ശേഷം ഈ മാവ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. (ഇങ്ങനെ ചെയ്യുമ്പോൾ ബേക്കിങ് സോഡയും, ബേക്കിങ് പൗഡറും മൈദമാവിൽ നന്നായി മിക്സ് ആകും) ഇങ്ങനെ രണ്ടു പ്രാവശ്യം കൂടി അരിക്കുക. ആകെ മൂന്ന് പ്രാവശ്യം അരിക്കുന്നു. ഇനി ഒരു കേക്ക് ടിൻ എടുത്ത് അതിൽ കുറച്ച് ഓയിലോ, ബട്ടറോ നന്നായി പുരട്ടുക. അതിനുശേഷം കേക്ക് ടിന്നിന്റെ വട്ടത്തിനനുസരിച്ച് മുറിച്ച ഒരു ബട്ടർ പേപ്പർ പാത്രത്തിന്റെ ഉള്ളിലായി വയ്ക്കുക. പാത്രത്തിന്റെ സൈഡിലും പേപ്പർ വയ്ക്കുക. ഇനി മിക്സിയുടെ ജാറിൽ ഒന്നേകാൽ കപ്പ് പഞ്ചസാര പൊടിച്ചെടുക്കുക. അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചതും, ഒരു ടീസ്പൂൺ വാനില എസ്സൻസും കൂടി ഒഴിച്ച് ഒരു പ്രാവശ്യം മിക്സിയിൽ അടിക്കുക. വാനില എസ്സൻസ് മുട്ടയുടെ കൂടെ ഒഴിച്ച് അടിച്ചെടുത്താൽ മുട്ടയുടെ മണം ഉണ്ടാവില്ല. ഈ അടിച്ചെടുത്ത ബാറ്ററിലേക്ക് ഓയിൽ ചേർത്ത് വീണ്ടും മിക്സിയിൽ ഒരു പ്രാവശ്യം കൂടി അടിക്കുക. ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് മൈദ കുറേശ്ശെ വീതം ഇട്ട് ഒരു വശത്തേക്ക് ഇളക്കിക്കൊടുക്കുക.
ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പാൽ ചേർത്ത് ഇളക്കുക. നല്ല കട്ടിയാണെങ്കിൽ വീണ്ടും മൂന്ന് ടേബിൾ സ്പൂൺ പാല്‍ കൂടി ചേർത്തിളക്കുക. വീണ്ടും രണ്ട് ടേബിൾ സ്പൂൺ കൂടി ചേർത്തിളക്കുന്നു. തവിയിൽ നിന്ന് റിബൺ പോലെ ഊർന്നു വീഴുന്ന പരുവമാണ് മാവിന്റെ പാകം. ഇതിൽ നിന്ന് പകുതി മാവ് മറ്റൊരു ബൗളിലേക്ക് ഒഴിച്ചു വയ്ക്കുക. അതിലേക്ക് കൊക്കോ പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യുന്നു. ഇത് കട്ടിയാണെങ്കിൽ ഇതിലേക്ക് ഒരു ടേബിള്‍ സ്പൂൺ പാൽ കൂടി ചേർത്തിളക്കുന്നു.
ഈ കേക്കുണ്ടാക്കുന്നത് ഒരു കുക്കറിലാണ്. അതിനായി ആദ്യം ഒരു കുക്കറെടുത്ത് അതിൽ രണ്ടു കപ്പ് ഉപ്പ് ഇട്ട ശേഷം ചൂടാക്കാൻ വയ്ക്കുക. അതിൽ ഒരു റിങ് ഇറക്കി വയ്ക്കുക. ഇത് മൂന്നു മിനിറ്റ് നേരം (കുക്കറിന്റെ വെയ്റ്റ് വയ്ക്കാതെ) തീ കൂട്ടി വച്ച് ചൂടാക്കുക.
ഇനി കേക്ക് ടിന്നിലേക്ക് രണ്ടു മാവും മാറി മാറി ഒഴിക്കണം. മാവ് ഒഴിക്കുമ്പോൾ രണ്ടിനും കൂടി ഒരു തവി ഉപയോഗി ക്കരുത്. രണ്ടിനും വേറെ വേറെ തവി എടുക്കുക. ആദ്യം ക്രീം കളറിലുള്ള ബാറ്റർ പാത്രത്തിന്റെ നടുവിലായി ഒഴിക്കുന്നു. അതിന്റെ നടുവിലായി കൊക്കോ ബാറ്റർ ഇങ്ങനെ മാവ് തീരുന്നതു വരെ മാറി മാറി ഒഴിച്ചു കൊടുക്കുക. നടുവിലായിട്ട് വേണം മാവ് ഒഴിച്ചുകൊടുക്കാൻ. അതിനുശേഷം പാത്രം ഒന്ന് ടാപ്പ് ചെയ്യുന്നു. അതിനു ശേഷം ഇഷ്ടമുള്ള രീതിയിൽ ഡിസൈൻ കൊടുക്കാം.
ഇനി ചൂടായ കുക്കറിലേക്ക് കേക്കിന്റെ ബാറ്റർ ഇറക്കി വയ്ക്കുന്നു. പാത്രം കുക്കറിന്റെ നടുക്കായി തന്നെ വയ്ക്കുക. കുക്കറിന്റെ സൈഡിൽ കേക്ക് ടിൻ മുട്ടാതെ കൃത്യം നടുക്കായി തന്നെ വയ്ക്കാൻ ശ്രദ്ധിക്കുക. ആദ്യത്തെ മൂന്ന് മിനിറ്റ് തീ കൂട്ടി വയ്ക്കുക. അതിനു ശേഷം 45–50 മിനിട്ട് വരെ വേകാൻ വയ്ക്കുക. ചില കേക്ക് വേകാൻ 55 മിനിട്ടു വരെ എടുക്കും. കുക്കറിന്റെയും ഫ്ളെയിമിന്റെയും ഒക്കെ അനുസരി ച്ചിരിക്കും കേക്ക് വേകുന്നതിന്റെ സമയം. ഇവിടെ 50 മിനിട്ടാണ് എടുത്തിരിക്കുന്നത്. ആദ്യത്തെ മൂന്ന് മിനിറ്റു കഴിയുമ്പോൾ തീ കുറച്ചു വയ്ക്കണം. 50 മിനിട്ട് കഴിയുമ്പോൾ തീ ഓഫ് ചെയ്ത് ഒരു ടൂത്ത് പിക്ക് ഉപയോഗിച്ചു വെന്തോ എന്നു നോക്കുക. അതിനുശേഷം കേക്ക് നന്നായി തണുത്ത ശേഷം മുറിച്ചെടുക്കാം.
ശ്രദ്ധിക്കാൻ
- കേക്കുണ്ടാക്കാൻ വെളിച്ചെണ്ണ എടുക്കരുത്. ഏതെങ്കിലും വെജിറ്റബിൾ ഓയിൽ ഉപയോഗിക്കണം.
- പാൽ തിളപ്പിച്ചോ, തിളപ്പിക്കാതെയോ ഉപയോഗിക്കാം.
English Summary: Marble Cake without Oven and Beater