സത്തായർ, ചെറുകടിയെങ്കിലും രുചിയിൽ വലിയവൻ
Mail This Article
അകത്ത് ആരെന്ന് പിടിതരാത്ത അറേബ്യൻ ചെറുകടിയാണു സത്തായർ. ഒറ്റനോട്ടത്തിൽ സാദാ പഫ്സെന്നോ പൊട്ടറ്റോ ബൺ എന്നോ തോന്നാം. എന്നാൽ കടിയിലറിയാം കാര്യം. മൃദുലം, രുചിയിൽ അഗ്രഗണ്യൻ. പച്ചക്കറിക്കും കോഴിക്കും ഇതിനുള്ളിൽ കയറിപ്പറ്റാം. മനസ്സുവച്ചാൽ അതിനുമപ്പുറം. മൈദ, പച്ചക്കറി, മുട്ട തുടങ്ങിയവയാണ് അടിസ്ഥാന ചേരുവകൾ.
ഒരുകപ്പ് മൈദയിൽ അൽപം സോഡാപ്പൊടി ചേർക്കണം. ചപ്പാത്തിമാവിന്റെ പാകത്തിൽ നന്നായി കുഴച്ച് 15-20 മിനിറ്റ് മാറ്റിവയ്ക്കുക. കാരറ്റ്, ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, സവാള, ബീൻസ്, ക്യാപ്‌സിക്കം, തക്കാളി എന്നിവയാണ് അകത്തെ കൂട്ടിനു വേണ്ടത്. തീരെ ചെറുതായി അരിയണം. സവാള അരിഞ്ഞത് നന്നായി വഴറ്റിയ ശേഷം മറ്റുപച്ചക്കറികൾ ചേർക്കണം. ചെറുതീയിൽ മൂടിവച്ച് വേവിക്കണം. ഇതിൽ മഞ്ഞൾപ്പൊടി, മുളക്, ഇറച്ചിമസാലപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർക്കണം.
നന്നായി വെന്ത് ഏറെക്കുറെ ഡ്രൈയായി കിട്ടും. വലിയൊരു ചപ്പാത്തിയുടെ വലുപ്പത്തിൽ മാവ് പരത്തിയശേഷം ത്രികോണാകൃതിയിൽ പത്തായി മുറിക്കുക. ഓരോന്നിലും പാകത്തിനു പച്ചക്കറിക്കൂട്ട് വച്ച് മറ്റൊരു പാളിയെടുത്ത് മൂടുക. കലക്കിയ മൈദകൊണ്ട് അരിക് നന്നായി ഒട്ടിച്ചു സീൽ ചെയ്യണം. മുട്ട അടിച്ചുപതപ്പിച്ച് ബ്രഷുകൊണ്ട് ഇതിന്റെ പുറത്തു പുരട്ടി 20 ഡിഗ്രി ചൂടിൽ 15-20 മിനിറ്റ് അവ്നിൽ വയ്ക്കുക.
പച്ചക്കറിക്കു പകരം കോഴിമസാല ചേർത്താൽ രുചി അപ്പാടെ മാറും. കോഴിയുടെ തൊലിയും എല്ലും നീക്കി മഞ്ഞളും ഉപ്പും ചേർത്ത് വേവിക്കണം. ഇറച്ചി ചെറുതായി പിച്ചിയിടണം. ചെറുതായി അരിഞ്ഞ സവാള നന്നായി വഴറ്റി തക്കാളി ചേർത്ത് കുഴഞ്ഞുവരുമ്പോൾ ഇറച്ചിമസാല ചേർക്കണം. ഇതിലേക്ക് ഇറച്ചിചേർത്ത് ചെറുതീയിൽ ഒന്നുകൂടി വേവിക്കുക. ഈ കൂട്ട് ഓരോ പാളിയിലും നിരത്തി ആദ്യത്തേതു പോലെ സത്തായർ തയാറാക്കുക.
English Summary : Baked Pastry Savory Filling Cheese Zaatar.