‘വരൂ, നോട്ടയ്ക്ക് വോട്ട് ചെയ്യൂ’വെന്ന് കോൺഗ്രസ്, പ്രചാരണം നിർത്തി നേതാക്കൾ; ഇൻഡോറിലേക്കോ ആ റെക്കോർഡ്?
Mail This Article
കുറച്ചു വർഷങ്ങളായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരു രഹസ്യം തേടി മധ്യപ്രദേശിലെ ഇൻഡോറിലേക്ക് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്താറുണ്ട്. 2017 മുതൽ ‘വൃത്തിയുടെ നഗരം’ എന്ന നേട്ടം സ്വന്തമാക്കിയ ഇൻഡോറിൽനിന്ന്, ആ നേട്ടത്തിന് പിന്നിലുള്ള വിജയമന്ത്രം കണ്ടു പഠിച്ച് അവരുടെ നാട്ടിൽ നടപ്പിലാക്കാനാണ് ഈ യാത്ര. തുടർച്ചയായി ഏഴാം വട്ടവും ഇൻഡോർ ഒന്നാം സ്ഥാനത്തുനിന്ന് പുറത്തായില്ല. പക്ഷേ ഇത്തവണ ചെറിയൊരു മാറ്റമുണ്ടായി, ഒന്നാം സ്ഥാനം ഗുജറാത്തിലെ വജ്രനഗരമെന്ന വിശേഷണമുള്ള സൂറത്തുമായി ഇൻഡോറിനു പങ്കുവയ്ക്കേണ്ടി വന്നു. രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ വീണ്ടും ഇൻഡോറും സൂറത്തും വാർത്തകളിൽ നിറയുകയാണ്. വൃത്തിയുടെ കാര്യത്തിലല്ലെന്നു മാത്രം. ജനാധിപത്യത്തിൽ ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത ചില ശീലങ്ങളുടെ കേന്ദ്രമായിട്ടാണ് സൂറത്തും തൊട്ടുപിന്നാലെ ഇൻഡോറും കടന്നുവന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എന്നതിലൂടെയാണ് സൂറത്ത് വാർത്തകളിൽ നിറഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളുകയും ബിജെപി സ്ഥാനാർഥിയൊഴികെ മറ്റെല്ലാ സ്ഥാനാർഥികളും ദുരൂഹമായി അവരുടെ പത്രിക പിൻവലിക്കുകയും ചെയതതോടെയാണ് സൂറത്തിൽ ബിജെപി വോട്ടെടുപ്പിനു മുൻപുതന്നെ എതിരില്ലാ ജയം സ്വന്തമാക്കിയത്.