എപ്പോഴും ഇന്ത്യയെ നോക്കിയിരുന്നാൽ മതിയോ, ഇംഗ്ലണ്ടിന്റെ കാര്യം കൂടി ശ്രദ്ധിക്കൂ: നാസർ ഹുസൈനും ആതർട്ടനും ഗാവസ്കറിന്റെ മറുപടി

Mail This Article
മുംബൈ∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന ഇംഗ്ലണ്ട് മുന്‍ താരങ്ങളുടെ വിമർശനങ്ങള്‍ക്കു മറുപടിയുമായി സുനിൽ ഗാവസ്കർ. ചാംപ്യൻസ് ട്രോഫിയിലെ മത്സരങ്ങൾ ദുബായിൽ മാത്രം കളിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് വലിയ ആനുകൂല്യമാണുണ്ടാകുന്നതെന്ന് നാസർ ഹുസെയ്നും മിക് ആതർട്ടനും ആരോപിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ മുൻ താരങ്ങൾ ഇംഗ്ലണ്ട് ടീമിന്റെ പ്രകടനത്തിൽ ശ്രദ്ധിച്ചാൽ മതിയെന്നാണു ഗാവസ്കറുടെ ഉപദേശം. ചാംപ്യൻസ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനോടും ഓസ്ട്രേലിയയോടും തോറ്റ ഇംഗ്ലണ്ട് സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു.
‘‘ഇവരെല്ലാം വളരെയധികം അനുഭവ സമ്പത്തുള്ള ആളുകളാണ്. സ്വന്തം ടീം എന്തുകൊണ്ട് സെമിയിൽ കടന്നില്ലെന്ന് നിങ്ങൾക്കു പരിശോധിക്കാമല്ലോ. അതാണു ഞാൻ നിങ്ങളോടു ചോദിക്കുന്നത്. ഇന്ത്യയിലേക്കു നോക്കി ഇരിക്കാതെ, നിങ്ങൾക്കു സ്വന്തം പിന്നാമ്പുറത്തേക്കു കൂടി നോക്കിക്കൂടെ? നിങ്ങളുടെ താരങ്ങൾ അത്രയും മോശം അവസ്ഥയിലായിരിക്കും.’’– ഗാവസ്കർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
‘‘മത്സര ഫലങ്ങൾ എങ്ങനെയാണെന്നു നോക്കൂ. അവർ എപ്പോഴും ഇന്ത്യയുടെ കാര്യവും പറഞ്ഞു വിലപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് അതു കിട്ടി, ഇന്ത്യയ്ക്ക് ഇതു കിട്ടി, എപ്പോഴും ഇതു തുടരുകയാണ്. ഇത്തരം പ്രതികരണങ്ങളെ നമ്മൾ ഒഴിവാക്കിവിടേണ്ട സമയമായിട്ടുണ്ട്. അവർ കരഞ്ഞുകൊണ്ടിരിക്കട്ടെ. നമുക്ക് ശ്രദ്ധിക്കാൻ എത്രയോ നല്ല കാര്യങ്ങളുണ്ട്. അത്തരം സമീപനമാണു സ്വീകരിക്കേണ്ടത്.’’
‘‘രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥാനം എവിടെയെന്ന് അവർ കാണുന്നില്ല. ടെലിവിഷൻ റൈറ്റ്സിലും വരുമാനത്തിലും ഇന്ത്യയുടെ റോൾ വളരെ വലുതാണ്. ഇന്ത്യ ലോക ക്രിക്കറ്റിനു നൽകുന്നതിൽനിന്നാണ് അവരുടെ ശമ്പളവും വരുന്നതെന്നു മനസ്സിലാക്കണം.’’– സുനിൽ ഗാവസ്കർ പ്രതികരിച്ചു. സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ നടത്തുന്നത്. ഇന്ത്യയുടെ എല്ലാ കളികളും ദുബായില്‍ നടത്തുമ്പോൾ മറ്റു ടീമുകൾ പാക്കിസ്ഥാനിലെ വിവിധ വേദികളിലേക്കും ദുബായിലേക്കും സഞ്ചരിക്കുന്ന സാഹചര്യമാണ്. സെമി ഫൈനലും ഇന്ത്യ ഫൈനലില്‍ കടന്നാൽ ആ മത്സരവും ദുബായിലാണു നടക്കുക.