ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പണമില്ല; സഹായം തേടി കായിക താരം
Mail This Article
അത്തോളി (കോഴിക്കോട്)∙ ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പണമില്ലാതെ കായികതാരം വിഷമിക്കുന്നു. ആലിൻ ചുവട് കുറ്റിക്കണ്ടി സാന്റി ജോണാണ് തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ പണമില്ലാത്തതിനാൽ കായിക പ്രേമികളുടെ സഹായം തേടുന്നത്. തുർക്കിയിലേക്ക് പോകാൻ താൽപര്യമുണ്ടെങ്കിൽ ചൊവ്വാഴ്ചക്കകം 10,000 രൂപ ആം റസ്‍ലിങ് അസോസിയേഷനിൽ കെട്ടി വയ്ക്കണം. എങ്കിലേ ലോക ചാംപ്യൻഷിപ്പിലേക്കുള്ള പാസ് ലഭിക്കുകയുള്ളൂ.
തുടർന്ന് 1,72,000 രൂപ യാത്രയ്ക്കും മറ്റുമായി വേണം. ഇത്രയും രൂപ സ്വരൂപിക്കാൻ കൂലിപ്പണിക്കാരനായ സാന്റിക്കാവില്ല. മക്കളുടെ പ്രേരണയാലാണ് സാന്റി മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇളയ മകൻ മർവിൻ സാന്റി ബോക്സിങ്ങിൽ കഴിഞ്ഞ 3 തവണ സംസ്ഥാന ചാംപ്യനാണ്. മൂത്ത മകൻ നോബിൾ സാന്റി പഞ്ചഗുസ്തിയിൽ ജില്ലയിൽ രണ്ടാം സ്ഥാനത്താണ്. മൂന്നു സെന്റ് സ്ഥലവും അതിലെ ചെറിയൊരു വീടുമാണ് ഇവർക്കാകെയുള്ള സമ്പാദ്യം.
സ്പോർട്സ് അസോസിയേഷന്റെ യാതൊരുവിധ സഹായങ്ങളും ആം റസ്‍ലിങ് താരങ്ങൾക്കു കിട്ടാറില്ല. 8 പേരാണ് കേരളത്തിൽ നിന്നും അർഹത നേടിയത്. ഹൈദരാബാദിൽ വച്ചു നടന്ന ദേശീയ മത്സരത്തിൽ 70 കിലോ ഗ്രാന്റ് മാസ്റ്റർ വിഭാഗത്തിൽ ഇടത് കൈ കൊണ്ട് വെള്ളിയും വലതു കൈകൊണ്ട് വെങ്കലവും നേടിയാണ് സാന്റി ലോക ചാംപ്യൻഷിപ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. യാത്രാ ചെലവ് സ്വന്തമായി എടുത്താണ് ഹൈദരാബാദിലെ ദേശീയ മത്സരത്തിലും പങ്കെടുത്തത്.
English Summary: Arm wrestling star seeking help to compete in world championship