ശ്രേയയുടെ ഉടുപ്പുകളിൽ കാണാം അമ്മയുടെ സ്നേഹവും കരുതലും
Mail This Article
നന്നേ ചെറുപ്പം മുതലേ വേദികളിൽ നിന്നു വേദികളിലേക്ക് പാട്ടുമായി പാറി നടക്കുന്ന ഗായികയാണ് ശ്രേയ ജയദീപ്. ഓരോ വേദിയിലും ആയിരിക്കണക്കിന് കാണികൾ... പ്രഗത്ഭർക്കൊപ്പം പാടാനുള്ള അവസരങ്ങൾ... കേരളത്തിലെ ടീനേജ് സെലിബ്രിറ്റികളിൽ ഏറ്റവുമധികം വാത്സല്യം നേടിയെടുത്ത താരം കൂടിയാണ് ശ്രേയ.
ശ്രേയ വേദിയിൽ പാടുമ്പോൾ, പാട്ടിനു പുറമെ ആരാധകർ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യമുണ്ട്. ശ്രേയക്കുട്ടിയുടെ ഫാഷൻ സെൻസ്. ആരാണ് ശ്രേയയുടെ ഫാഷൻ ഡിസൈനർ എന്നു ചോദിച്ചാൽ, കുസൃതിച്ചിരിയോടെ ശ്രേയ പറയും, ‘എന്റെ ഫാഷൻ ഡിസൈനർ എന്റെ അമ്മയാണ്. മിഠായിത്തെരുവിൽ നടന്നു നടന്നു തുണി വാങ്ങിച്ച്, പാറ്റേൺ കണ്ടെത്തി തയ്പ്പിച്ചെടുക്കുന്നതാണ് ഓരോ ഉടുപ്പുകളും!’
‘‘ഞാനിടുന്ന വസ്ത്രങ്ങളിൽ ഭൂരിഭാഗവും തയ്പ്പിച്ചെടുക്കുന്നതാണ്. അതിന്റെ മുഴുവൻ ക്രെഡിറ്റും അമ്മയ്ക്കാണ്. കോഴിക്കോടുള്ള സംഗീതും ജയലക്ഷ്മിയും മിഠായിത്തെരുവും ഒക്കെ കയറിയിറങ്ങി തുണി വാങ്ങി, അതിനു വേണ്ട ബീഡ്സും പൂക്കളും കണ്ടെത്തി അതും കൂടി ചേർത്താണ് തയ്ക്കാൻ കൊടുക്കുന്നത്. രീഷ്മ ആന്റിയാണ് ഉടുപ്പുകൾ തുന്നിത്തരുന്നത്. പരിപാടികൾക്കു പോകുമ്പോൾ ആളുകൾ പറയാറുണ്ട്, ഡ്രസ് കാണാൻ നല്ല രസമുണ്ട് എന്ന്! അതു കേൾക്കുമ്പോൾ എന്നേക്കാളും സന്തോഷം അമ്മയ്ക്കാണ്. അമ്മയാണല്ലോ ഓരോ ഉടുപ്പിന്റെയും തുണികൾക്കായി കോഴിക്കോട്ടെ കടങ്ങൾ കയറി ഇറങ്ങുന്നത്,’’– ശ്രേയ പറഞ്ഞു.
‘എന്റെ ഓരോ ഉടുപ്പിന്റെയും പാറ്റേണും നിറങ്ങളും ഒക്കെ നിശ്ചയിക്കുന്നത് അമ്മ തന്നെയാണ്. ഞാൻ വളരെ കുറച്ചു അഭിപ്രായങ്ങളെ പറയാറുള്ളൂ. അധികം വിലയുള്ള മെറ്റീരിയലുകൾ ഒന്നും അമ്മ വാങ്ങാറില്ല. കളർ കോമ്പിനേഷൻസ് എല്ലാം അമ്മ പ്രത്യേകം ശ്രദ്ധിക്കും. പിന്നെ, ഏതു പാറ്റേൺ പറഞ്ഞാലും അതു സ്റ്റൈലായി രീഷ്മാന്റി തുന്നിത്തരും,’ വേദിയിൽ തന്നെ സ്റ്റാർ ആക്കുന്ന ഉടുപ്പുകളെക്കുറിച്ച് ശ്രേയ വാചാലയായി.
അമ്മ പ്രസീത ഡിസൈൻ ചെയ്ത ഉടുപ്പുകളിൽ ശ്രേയക്കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വേഷമുണ്ട്. പൂക്കൾ തുന്നിച്ചേർത്ത ലളിതവും സ്റ്റൈലിഷുമായ ഒരു ഫ്രോക്ക്. ‘‘അമ്മ ഡിസൈൻ ചെയ്ത എല്ലാ ഉടുപ്പുകളും സ്പെഷൽ ആണ്. എന്നാൽ ഈയടുത്ത് ഡിസൈൻ ചെയ്ത ഒരു ഫ്രോക്ക് എനിക്ക് വലിയ ഇഷ്ടമാണ്. കോഴിക്കോട് ശ്രേയ ചേച്ചിയുടെ (ശ്രേയ ഘോഷാൽ) ലൈവ് പ്രോഗ്രാം ഉണ്ടായിരുന്നു. അതിൽ ഞാനിട്ട ഉടുപ്പ് എനിക്ക് വളരെ ഇഷ്ടമാണ്. അമ്മയുടെ മുഴുവൻ പ്രയത്നവും അതിലുണ്ട്. അതും രീഷ്മാന്റി തുന്നിത്തന്നതാണ്. ആ ഉടുപ്പിന്റെ നിറവും പ്രത്യേകതയുള്ളതാണ്. പിന്നെ കുഞ്ഞു പൂക്കളുണ്ട് ആ ഉടുപ്പിൽ! രണ്ടു ദിവസം എസ്.എം സ്ട്രീറ്റിലൂടെ നടന്നിട്ടാണ് അമ്മ ആ പൂക്കൾ സംഘടിപ്പിച്ചത്. അമ്മ മനസിൽ കണ്ട രീതിയിലുള്ള പൂക്കൾ കിട്ടുന്നതു വരെ അമ്മ അന്വേഷിച്ചു നടന്നു. ആ ഉടുപ്പ് ഇടാനും രസമാണ്. പിന്നെ, അത് ഇട്ടുകൊണ്ടുള്ള ഫോട്ടോയും നല്ല ഭംഗിയാണ്," ശ്രേയക്കുട്ടി തന്റെ പ്രിയപ്പെട്ട ഉടുപ്പിന് പിന്നിലുള്ള കഥ പങ്കു വച്ചു.