ADVERTISEMENT

ഇന്റര്‍നെറ്റിലും പുറത്തും നിങ്ങള്‍ നടത്തുന്ന ഓരോ നീക്കവും സമൂഹ മാധ്യമ ഭീമന്മാരും ടെക്‌നോളജി കമ്പനികളും സദാ അറിയുന്നുണ്ട്. ഉപയോക്താക്കളെക്കുറിച്ചുള്ള കുന്നുകണക്കിനു ഡേറ്റയാണ് അവരറിയാതെ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. മിക്ക സമൂഹ മാധ്യമങ്ങളും ഇതു ചെയ്യുന്നു. ഇക്കാര്യത്തില്‍ ചില സമൂഹ മാധ്യമങ്ങളുടെ പ്രകടനം വളരെ മോശമാണെങ്കില്‍ മറ്റുള്ളവയെയും സൂക്ഷിക്കണം. ഇന്റര്‍നെറ്റ് 2.0 എന്നറിയപ്പെടുന്ന ഡേറ്റാ കമ്പനി വിശകലനം ചെയ്ത റിപ്പോർട്ട് പ്രകാരം ഏറ്റവും മോശമായ രീതിയല്‍ ഡേറ്റാ ശേഖരിക്കുന്നത് ടിക്‌ടോക്കാണ്. അതേസമയം, ഏറ്റവും വിശ്വസിക്കാവുന്ന ആപ്പുകളില്‍ വാട്‌സാപ്പിന്റെ എതിരാളി സിഗ്നല്‍ ഉണ്ട്. ബ്രിട്ടിഷ് സൈന്യം പോലും ഇത് ഉപയോഗിക്കുന്നു. നിങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ആപ്പുകളില്‍ നിന്ന് രക്ഷ സാധ്യമാണോ?

∙ മോശം ടിക്‌ടോക്ക് തന്നെ

ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ടിക്‌ടോക്ക് ആണ് ഏറ്റവും കരുത്തുറ്റ നിരീക്ഷണ സംവിധാനങ്ങള്‍ വഹിക്കുന്നത്. ഏകദേശം 100 കോടി ഉപയോക്താക്കളാണ് ടിക്ടോക്കിനുള്ളത്. മറ്റ് ആപ്പുകളില്‍ ഉള്ളതിന്റെ ഇരട്ടിയോളം ട്രാക്കര്‍മാരെ ടിക്‌ടോക്കില്‍ കാണാമെന്ന് ഇന്റര്‍നെറ്റ് 2.0 പറയുന്നു. വളരെ രഹസ്യമായും സൂക്ഷ്മമായും ഡേറ്റ ശേഖരിക്കാന്‍ ഇതിന് സാധിക്കുന്നു. ഉപയോക്താക്കളുടെ വൈ-ഫൈ നെറ്റ്‌വര്‍ക്ക് മുതല്‍ സിം കാര്‍ഡ് വരെയുള്ള കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കുന്നു.

പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)

∙ ഇന്‍സ്റ്റഗ്രാമും ട്വിറ്ററും ഒന്നും മോശമല്ല

മൈക്രോസോഫ്റ്റ് ടീംസ്, ഔട്ട്‌ലുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, സ്‌നാപ്ചാറ്റ് തുടങ്ങി പല കമ്പനികളും ഉപയോക്താക്കളുടെ ചെയ്തികളിലേക്ക് എത്തിനോക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് പഠനം പറയുന്നു. 'മാല്‍കോര്‍' സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് 2.0 അതിന്റെ പഠനം നടത്തിയത്. ഏറ്റവും മോശം സ്‌കോര്‍ നേടിയ ടിക്‌ടോക്കിന് മൊത്തം 63.1 ആണ് ലഭിച്ചത്. റഷ്യന്‍ ആപ്പായ വികെയെക്കാള്‍ മോശമാണിത്. റഷ്യക്കാരുടെ ഫെയ്‌സ്ബുക്കാണ് കുപ്രസിദ്ധമായ വികെ. ഈ ആപ്പിനെ ആപ്പിള്‍ ആപ് സ്‌റ്റോറില്‍ നിന്ന് പുറത്താക്കിയിരുന്നു. ടിക്‌ടോക്കില്‍ ഒൻപത് ട്രാക്കര്‍മാരെയാണ് കണ്ടെത്തിയത്. പുറമെ ധാരാളം പെര്‍മിഷന്‍സും ആപ് ചോദിക്കുന്നു. ആപ് പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ളതിലധികം പെര്‍മിഷനുകള്‍ വാങ്ങുന്നുവെന്നും ഗവേഷകര്‍ പറയുന്നു. തൊട്ടു പിന്നില്‍ വികെയുണ്ട് - 62.7 ആണ് റേറ്റിങ്. ഇതില്‍ 13 ട്രാക്കര്‍മാര്‍ ഉണ്ട്. കൂടാതെ, അപകടകരമായ 28 പെര്‍മിഷന്‍സും അതിന്റെ സോഴ്‌സ് കോഡില്‍ കണ്ടു. മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയിലും വ്യാപകമായി ഉപയോഗിക്കുന്ന വൈബെര്‍ (Viber) ആപ്പായിരുന്നു. ഇതില്‍ 11 ട്രാക്കര്‍മാരെ കണ്ടെത്തി.

(Photo by Kirill KUDRYAVTSEV / AFP)
(Photo by Kirill KUDRYAVTSEV / AFP)

 

∙ മൈക്രോസോഫ്റ്റും മോശമല്ല

Photo Credit : Gerard Julien / AFP
Photo Credit : Gerard Julien / AFP

 

വര്‍ഷങ്ങള്‍ക്കു മുൻപ് ഉപയോക്താക്കള്‍ക്ക് സ്വകാര്യത നല്‍കുന്ന കാര്യത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്ന മൈക്രോസോഫ്റ്റ് കമ്പനിയുടെ ചില ആപ്പുകളും ഇപ്പോള്‍ പ്രശ്‌നക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നു. മൈക്രോസോഫ്റ്റ് ടീംസിന്റെ റേറ്റിങ് 38 ആണ്. മോശം ആപ്പുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ടീംസ്. നാലു ട്രാക്കര്‍മാരെ ഉള്ളുവെങ്കിലും അനാവശ്യമായ പെര്‍മിഷന്‍ വാങ്ങുന്നതാണ് ടീംസിന്റെ സ്‌കോര്‍ മോശമാകാന്‍ കാരണം. മൈക്രോസോഫ്റ്റിന്റെ ഇമെയില്‍ സേവനമായ ഔട്ട്‌ലുക്കാണ് അഞ്ചാം സ്ഥാനത്ത് - 35.9 ആണ് റേറ്റിങ്. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, സ്‌നാപ്, ലിങ്ക്ട്ഇന്‍ ഇവ ഏകദേശം 34 റേറ്റിങ് നേടി. ജിമെയിലിന് 29.6 ആണ് റേറ്റിങ്. മൊത്തം ആപ്പുകളുടെ ശരാശരി 28.8 ആണ്. ട്രാക്കിങ്ങിന്റെ കാര്യത്തില്‍ കുപ്രസിദ്ധമായി അറിയപ്പെട്ടിരുന്ന ഫെയ്‌സ്ബുക്കിന്റെ സ്‌കോര്‍ മെച്ചപ്പെടാന്‍ കാരണം അതില്‍താരതമ്യേന കുറച്ച് ട്രാക്കര്‍മാരെയെ കണ്ടെത്താനായുള്ളു എന്നതാണ്. അതേസമയം, എഫ്ബി ചോദിക്കുന്ന പെര്‍മിഷനുകള്‍ കൂടുതലുമാണ്. 

 

∙ മികച്ച ആപ്പുകള്‍ സിഗ്നല്‍, മെസഞ്ചര്‍, ഡിസ്‌കോര്‍ഡ്

 

ദൈനംദിന കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനായി വാട്‌സാപ്പിനു പകരം ബ്രിട്ടിഷ് സൈന്യം ഉപയോഗിക്കുന്ന സിഗ്നല്‍ സ്വകാര്യതയുടെ കാര്യത്തില്‍ മികച്ച സ്‌കോര്‍ നേടി. ഫെയ്‌സ്ബുക് മെസഞ്ചര്‍ ആപ്പും, ഡിസ്‌കോര്‍ഡും, ടെലഗ്രാമും മോശമല്ലാത്ത പ്രടകനമാണ് നടത്തിയത്. 

 

∙ ടിക്‌ടോക്കിന്റെ പ്രശ്‌നം ചൈനാ ബന്ധം

 

Photo: Apple
Photo: Apple

ടിക്‌ടോക്ക് ശേഖരിക്കുന്ന ഡേറ്റ ചൈനീസ് സർക്കാരിനു കൈമാറുന്നുണ്ടാകാമെന്ന ഭീതിയാണ് ഇതിനെ മോശം ആപ്പുകളുടെ പട്ടികയില്‍ പെടുത്താനുള്ള മറ്റൊരു കാരണം. ബ്രിട്ടനിലെ ടോറി എംപി അലീസിയ കിയേണ്‍സ്, ടിക്‌ടോക്ക് തങ്ങളുടെ ഫോണുകളില്‍ നിന്ന് നീക്കംചെയ്യാന്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളോട് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍ ബിസിനസും രാഷ്ട്രീയവും ഇഴപിരിഞ്ഞു കിടക്കുന്നു എന്നാണ് എംപി നിരീക്ഷിച്ചത്. അതേസമയം, പുതിയ ആരോപണങ്ങളെ ഖണ്ഡിച്ച് ടിക്‌ടോക്കും രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ് 2.0 പുറത്തിറക്കിയ തെറ്റിധാരണാജനകമായ റിപ്പോര്‍ട്ടിന് സമാനമാണ് പുതിയ റിപ്പോര്‍ട്ട് എന്നും കമ്പനി പ്രതികരിച്ചു. മറ്റു കമ്പനികള്‍ നടത്തിയ പഠനങ്ങളും റിപ്പോര്‍ട്ടുകളും ഈ പഠനത്തിന് എതിരാണെന്ന് കമ്പനി പ്രതികരിച്ചു. ഡേറ്റ ശേഖരിക്കുന്നത് ടിക്‌ടോക്ക് മാത്രമല്ല. കൂടാതെ, മറ്റു പല ആപ്പുകളെക്കാളും കുറച്ച് ഡേറ്റയാണ് തങ്ങള്‍ ശേഖരിക്കുന്നതെന്നും കമ്പനി പറഞ്ഞു.

 

പ്രതിരോധ മാര്‍ഗങ്ങള്‍

 

∙ ഗൂഗിള്‍

 

മിക്കവര്‍ക്കും ഒഴിച്ചുകൂടാനാകാത്ത സേവനങ്ങളാണ് ഗൂഗിള്‍ നല്‍കുന്നത്. ലൊക്കേഷന്‍ ഹിസ്റ്ററി ഓഫാക്കിയിട്ടാലും നിങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ അറിഞ്ഞുവയ്ക്കുന്ന കമ്പനിയാണ് ഗൂഗിള്‍. ഇതില്‍ നിന്ന് ഒഴിവാകാന്‍ ഒറ്റമൂലികള്‍ ഒന്നുമില്ലെന്നും അറിഞ്ഞിരിക്കണം. ഫോണ്‍ പോലെയുള്ള ഉപകരണങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന സമയത്തു തന്നെ ഗൂഗിളിന് ഐപി അഡ്രസ് വഴി നിങ്ങള്‍ എവിടെയാണ് ഉള്ളതെന്ന് വ്യക്തമായി അറിയാനാകും. കൂടാതെ, സ്മാര്‍ട് ഫോണുകള്‍ സെല്‍ ടവറുകളുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് ഇരിക്കുന്നതിനാല്‍ സേവനദാതാവിനും നിങ്ങള്‍ എവിടെയാണെന്ന് മാപ് ചെയ്തുകൊണ്ടിരിക്കാനാകും. ഗൂഗിളിന്റെ ട്രാക്കിങ്ങിനെതിരെ ചെയ്യാവുന്ന ഒരു പ്രതിവിധി ഇതാണ്– ഏതെങ്കിലും ബ്രൗസറില്‍: myactivity.google.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇതില്‍ മുകള്‍ഭാഗത്ത് ഇടതുവശത്തുള്ള ഡ്രോപ്-ഡൗണ്‍ മെനുവില്‍ 'ആക്ടിവിറ്റി കണ്ട്രോള്‍സ്' തിരഞ്ഞെടുക്കുക. ഇതില്‍, 'വെബ് ആന്‍ഡ് ആക്ടിവിറ്റി', 'ലൊക്കേഷന്‍ ഹിസ്റ്ററി' എന്നിവ ഓഫ് ചെയ്യുക. ഇതുവഴി നിങ്ങള്‍ കൃത്യം എവിടെ നില്‍ക്കുന്നു എന്ന കാര്യം അറിയുന്നത് തടയാനാകും. ഇത് ടേണ്‍ ഓഫ് ചെയ്യുമ്പോള്‍ തങ്ങളുടെ ചില സേവനങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന മുന്നറിയിപ്പ് ഗൂഗിള്‍ നല്‍കും. ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ ഹോം സ്മാര്‍ട് സ്പീക്കര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യാം.

 

∙ ഐഒഎസില്‍

 

ഐഒഎസില്‍ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോള്‍ ലൊക്കേഷന്‍ സെറ്റിങ്‌സ് 'വൈല്‍ യൂസിങ്' എന്നാക്കി മാറ്റുക. ഇതിനായി സെറ്റിങ്‌സിലെ പ്രൈവസി വിഭാഗത്തില്‍ ലൊക്കേഷന്‍ സര്‍വീസസ് തിരഞ്ഞെടുക്കുക. അവിടെ ഗൂഗിള്‍ മാപ്‌സ് കണ്ടെത്തിയാണ് ക്രമീകരണം നടത്തേണ്ടത്. 

 

∙ സേര്‍ച്ച് എൻജിന്‍ മാറ്റുക

 

ഐഒഎസില്‍ സഫാരിയാണ് ബ്രൗസറായി ഉപയോഗിക്കുന്നതെങ്കിലും ഗൂഗിളിന്റെ ട്രാക്കിങ് വേണ്ടെങ്കില്‍ സേര്‍ച്ച് എൻജിനായി ഡക്ഡക്‌ഗോ അല്ലെങ്കില്‍ ബിങ് തിരഞ്ഞെടുക്കുക. സഫാരിയുടെ സെറ്റിങ്‌സില്‍ പ്രൈവസി ലൊക്കേഷന്‍ സര്‍വീസസ് സഫാരി വെബ്‌സൈറ്റ്‌സ് എന്നത് 'നെവര്‍' എന്നാക്കി മാറ്റുന്നത് നല്ലതായിരിക്കും. കൂടാതെ ലൊക്കേഷന്‍ സര്‍വീസസ് പൂര്‍ണമായും ഓഫ് ചെയ്തിടുന്നതും വേണ്ടവര്‍ക്ക് പരിഗണിക്കാം. അപ്പോഴും ഗൂഗിള്‍ മാപ്‌സും ആപ്പിള്‍ മാപ്‌സും പ്രവര്‍ത്തിക്കുമെങ്കിലും അവയ്ക്ക് ദിശ പറഞ്ഞു തരാനാകില്ല.

 

∙ ആന്‍ഡ്രോയിഡില്‍

 

ഐഒഎസില്‍ വേണമെങ്കില്‍ കുറച്ച് സ്വകാര്യത നേടാമെങ്കില്‍ ആന്‍ഡ്രോയിഡില്‍ അക്കാര്യം എളുപ്പമല്ല. എങ്കിലും സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്ക് ചില ക്രമീകരണങ്ങള്‍ വരുത്താം. സെറ്റിങ്‌സ് ആപ്പില്‍ 'സെക്യൂരിറ്റി ആന്‍ഡ് ലൊക്കേഷന്‍' തിരഞ്ഞെടുക്കുക. ഇവിടെ ലൊക്കേഷന്‍ പൂര്‍ണമായി ഓഫ് ചെയ്തിടുക എന്നതാണ് ചെയ്യാവുന്ന ഒരു കാര്യം. ഒപ്പം ഓരോ ആപ്പിന്റെയും ആപ് ലെവല്‍ പെര്‍മിഷന്‍സിലും ലൊക്കേഷന്‍ ഓഫ് ചെയ്യുക. ഐഫോണിലുള്ളതു പോലെ, 'വൈല്‍ യൂസിങ്' എന്ന രീതി സാധ്യമല്ല. ഇതിനു പുറമെ വേറെയും പ്രശ്‌നങ്ങളുണ്ട്. ഗൂഗിള്‍ പ്ലേ സര്‍വീസസ് ഓഫ് ചെയ്യാന്‍ സാധ്യമല്ല. ഇത് മറ്റ് ആപ്പുകള്‍ക്ക് നിങ്ങളുടെ ലൊക്കേഷന്‍ നല്‍കികൊണ്ടേ ഇരിക്കും. 

 

ആന്‍ഡ്രോയിഡില്‍ ഗസ്റ്റ് ഓപ്ഷന്‍ ഉപയോഗിച്ച് സൈന്‍-ഇന്‍ ചെയ്യുന്നതും പരിഗണിക്കാം. കൂടാതെ, ക്രോം പോലെയുള്ള ആപ്പുകളില്‍ പല സേവങ്ങള്‍ക്ക് സൈന്‍-ഇന്‍ ചെയ്യുന്നതും നിങ്ങളെ തിരിച്ചറിയാന്‍ സഹായിക്കും. ക്രോമില്‍ സേര്‍ച്ച് എൻജിന്‍ ഗൂഗിളിനുപകരം ഡക്ഡക്‌ഗോ അല്ലെങ്കില്‍ ബിങ് തിരഞ്ഞെടുക്കുന്നതും പ്രതിരോധത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. 

 

∙ മുന്‍ ഹിസ്റ്ററി

 

ലൊക്കേഷന്‍ ട്രാക്കിങ് നേരത്തെ മുതല്‍ നടത്തിവന്നിരിക്കാം. myactivity.google.com എന്ന പേജില്‍ ലൊക്കേഷന്‍ പിന്‍ ഐക്കണും ഇതിനൊപ്പം ഡീറ്റെയില്‍സ് എന്നും ഉണ്ടെങ്കില്‍ അതില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ ഒരു പോപ് അപ് വിന്‍ഡോ തുറക്കും. ചിലപ്പോഴൊക്കെ അതിനൊപ്പം, 'ഫ്രം യുവര്‍ കറന്റ് ലൊക്കേഷന്‍' എന്നും കാണും. അതില്‍ ക്ലിക്കു ചെയ്താല്‍ ഗൂഗിള്‍ മാപ്‌സ് തുറക്കുകയും നിങ്ങള്‍ എവിടെയാണ് എന്നു കാണിച്ചു തരികയും ചെയ്യും. അത് ഈ പോപ്അപ്പില്‍ നിന്നു തന്നെ ഡിലീറ്റു ചെയ്യാം. നാവിഗേഷന്‍ ഐക്കണിലുള്ള മൂന്നു കുത്തുകളില്‍ ടച്ച് ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്. അവിടെ ഡിലീറ്റില്‍ ക്ലിക്ക് ചെയ്യുക. അതേസമയം, ചില ലൊക്കേഷന്‍ വിവരങ്ങള്‍ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കും. ഉദാഹരണത്തിന് ടോപിക് നെയിംസ്, ഗൂഗിള്‍.കോം, സേര്‍ച്ച്, മാപ്‌സ് തുടങ്ങിയ ഇടങ്ങളില്‍ ഉണ്ടാകും. ഇതെല്ലാം ഒന്നൊന്നായി ഡിലീറ്റ് ചെയ്യണം.

 

English Summary: TikTok leads the way of social media firms tracking people the most

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com