ഹോട്ടല്‍ മുറിയില്‍ രഹസ്യ ക്യാമറ ഉണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?

Mail This Article
പരിചിതമല്ലാത്ത താമസ സ്ഥലങ്ങളില്‍ തങ്ങേണ്ടിവരുന്നത് പലര്‍ക്കും ഒരു പേടിസ്വപ്‌നമാണ്. രഹസ്യ ക്യാമറകളുണ്ടാകുമോ എന്ന സംശയമാണ് അതിനു കാരണം. എന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇത്തരത്തിലുള്ള വലിയൊരു ശതമാനം ഭീഷണിയും കണ്ടെത്താം. അതിനായി ഒരു പരിശോധന നടത്തണം എന്ന തീരുമാനവും, അല്‍പ്പം ശ്രദ്ധയും മാത്രം മതി, ഒരു പരിധിവരെ ഭീഷണി ഒഴിവാക്കാന്‍. ഈ കാര്യങ്ങൾ അറിയാത്തവർക്കായി ചില പ്രാഥമിക വിവരങ്ങൾ.
ഏറ്റവും എളുപ്പമുള്ള വഴി
ഒരു മുറിയിലേക്കു കയറിയാല്‍ ഇത്തരം ക്യമറകള്‍ ഇരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പ്രാഥമിക പരിശോധന നടത്താൻ ആര്‍ക്കും സാധിക്കും. കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുക എന്നതാണ് ഏറ്റവും പ്രായോഗികമായ കാര്യം. ക്ലോക്കുകള്‍, ലൈറ്റുകള്‍, യുഎസ്ബി ചാര്‍ജറുകള്‍, സ്‌മോക്ക് ഡിറ്റെക്ടറുകള്‍, അലങ്കാര വസ്തുക്കള്‍ ഇവയൊക്കെ ആണെന്ന് ആദ്യ നോട്ടത്തില്‍ തോന്നത്തക്ക വിധത്തില്‍ ആയിരിക്കാം ക്യാമറകള്‍ ഒളിപ്പിച്ചിട്ടുണ്ടാകുക.

ഇരുവശത്തുനിന്നുമുള്ള (two-way) കണ്ണാടികള്‍ ആണ് മറ്റൊരു ഭീഷണി. മുറിക്കുള്ളില്‍ കണ്ണാടി ഉണ്ടെങ്കില്‍ അതില്‍ വിരല്‍ വയ്ക്കുക. വിരലും അതിന്റെ പ്രതിഫലനവും തമ്മില്‍ അകലം ഇല്ലെങ്കില്‍ അത് ഇരുവശക്കണ്ണാടി ആയേക്കാം. അങ്ങനെ തോന്നിയാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുക.
ഹിഡണ്‍ ക്യാമറാ ഡിറ്റെക്ടര്‍ വാങ്ങുക
സ്ഥിരമായി ഹോട്ടൽ മുറികളിൽ മാറിമാറി താമസിക്കുന്നവര്‍ ഒരു ഹിഡണ്‍ ക്യാമറാ ഡിറ്റെക്ടര്‍ വാങ്ങുന്നത് ഒരുപരിധിവരെ പ്രയോജനപ്പെട്ടേക്കാം. ഇത്തരം ഉപകരണങ്ങളും വ്യാപകമായി ലഭിക്കുമെങ്കിലും പലതും എത്രമാത്രം ഫലപ്രദമാണെന്ന കാര്യത്തല്‍ സംശയങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. പല വിലയ്ക്കും ക്യാമറാ ഡെറ്റെക്ടറുകള്‍ സ്വന്തമാക്കാം. വേണ്ടവര്‍ക്ക് വാങ്ങി പരീക്ഷിക്കാന്‍ വില കൂടിയതും കുറഞ്ഞതുമായി രണ്ടെണ്ണം:
കാക്‌സിയുയ ഹിഡണ്‍ ക്യാമറാ ഡിറ്റെക്ടര്‍. ഇതിന് പല മോഡുകള്‍ ഉണ്ട്. കാറിലും, ഹോട്ടലിലും, മീറ്റിങിലും, യാത്രാ വേളകളിലുമൊക്കെ പ്രയോജനപ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നു. എംആര്‍പി 25,625 രൂപ. ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 17,663 രൂപയ്ക്കാണ്.
മുആയ്ബ് ഹിഡണ്‍ ക്യാമറാ ഡിറ്റെക്ടര്‍ :താരതമ്യേന വില കുറഞ്ഞ ഒരെണ്ണം. ഒളിക്യാമറാ ഡിറ്റെക്ടര്‍, ആന്റി-സ്‌പൈ ഡിറ്റെക്ടര്‍, ഹിഡണ്‍ ഡിവൈസ് ജിപിഎസ് ഡിറ്റെക്ടര്‍, ബഗ് ഡിറ്റെക്ടര്‍, പ്രൈവസി പ്രൊട്ടക്ടര്‍, സിഗ്നല്‍ സ്‌കാനര്‍ തുടങ്ങിയ പല ഫീച്ചറുകളും ഉണ്ടെന്ന് കമ്പനി പറയുന്നു. എംആര്‍പി 7,999 രൂപ. ഇതെഴുതുന്ന സമയത്തെ വില 2,999 രൂപ.

സ്മാര്‍ട്ട്‌ഫോണ്‍ മതിയാകുമോ?
ഇനി ഇത്തരം അധിക ഉപകരണങ്ങള്‍ ഇല്ലെങ്കില്‍ എന്തു ചെയ്യാമെന്നു നോക്കാം. ഹോട്ടല്‍ റൂമുകളിലും മറ്റും സുരക്ഷിതവും സ്വകാര്യവും, ആകാംക്ഷാരഹിതവുമായ ഒരു താമസം ഉറപ്പാക്കാന്‍ ഒരു പക്ഷെ സ്മാര്‍ട്ട്‌ഫോണിനെ തന്നെ ആശ്രയിക്കാം.
സ്മാര്‍ട്ട്‌ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് (ടോര്‍ച്) ഉപയോഗിക്കാം
ക്യാമറകള്‍ എത്ര രഹസ്യമായി ആണ് പിടിപ്പിച്ചിരിക്കുന്നതെങ്കിലും അവയ്ക്കു മുന്നില്‍ ഒരു ലെന്‍സ് ഉണ്ടായേ മതിയാകൂ. ലെന്‍സുകള്‍ വെളിച്ചം പ്രതിഫലിപ്പിക്കുമല്ലോ. ക്യാമറകള്‍ വച്ചിരിക്കാന്‍ സാധ്യതയുള്ള ഇടം നാം ആദ്യമേ കണ്ടെത്താന്‍ ശ്രമിച്ചിരുന്നല്ലോ. മുറിയിലെ ലൈറ്റുകള്‍ അണച്ച ശേഷം സംശയമുള്ള ഇടങ്ങളിലേക്ക് ക്യാമറയുടെ ഫ്‌ളാഷ് ലൈറ്റില്‍ നിന്നുള്ള വെളിച്ചം പായിക്കുക.
ക്ലോക്കുകള്‍, വെന്റിലേഷനുകള്‍, കണ്ണാടികള്‍, തുടങ്ങിയവയ്ക്കു നേരെ ടോര്‍ച്ചടിക്കുക. ലെന്‍സ് പോലെ തോന്നിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്താനാകുമോ എന്ന് ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ കൂടുതല്‍ ശ്രദ്ധയോടെ ആ ഭാഗം പരിശോധിക്കുക.
സ്മാര്‍ട്ട്‌ഫോണിന്റെ ക്യമാറയും പ്രയോജനപ്പെടുത്താം
മനുഷ്യ നേത്രങ്ങള്‍ക്ക് കാണാനാവില്ലെങ്കിലും മിക്കവാറും ഒളിക്യാമറകളും ഇന്‍ഫ്രാറെഡ് വെളിച്ചം പുറപ്പെടുവിച്ചുകൊണ്ടിരിക്കും. ഇവ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. അതിനായി മുറിയിലെ ലൈറ്റുകള്‍ അണയ്ക്കുകയോ മങ്ങിപ്പിക്കുകയോ ചെയ്യുക. തുടര്‍ന്ന് ഫോണിന്റെ ക്യാമറാ ആപ്പ് തുറക്കുക.
ചില ഫോണുകളുടെ സെല്‍ഫി ക്യാമറ ആയിരിക്കും ഇതിന് ഉതകുക. സംശയാസ്പദമായ ഇടങ്ങളിലൂടെ ക്യാമറയിലൂടെ നോക്കുക. ഇവിടങ്ങളില്‍ ചെറിയ, സ്പന്ദിക്കുന്ന പ്രകാശബിന്ദുക്കള്‍ ക്യാമറാ സ്‌ക്രീനില്‍ കാണാനാകുന്നുണ്ടോ എന്നു ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. ഇത്തരം ഇന്‍ഫ്രാറെഡ് ലൈറ്റ് കാണുന്നുണ്ടെങ്കില്‍ അത് ക്യാമറയുടെ സാന്നിധ്യമാകാന്‍ വഴിയുണ്ട്. അവിടം കൂടുതല്‍ പരിശോധിക്കുക.
ക്യാമറാ ഡിറ്റെക്ഷന്‍ ആപ്പുകള്‍
ആന്‍ഡ്രോയിഡ്, ഐഓഎസ് ഫോണുകളില്‍ ധാരാളം ക്യാമറാ-ഡിറ്റെക്ഷന്‍ ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാം. ഇവ രഹസ്യ ക്യാമറകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് വയ്പ്പ്. ഇവയും ഫോണിന്റെ സെന്‍സറുകളും ക്യാമറയും ഉപയോഗിച്ചാണ് ഒളിക്യാമറാ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുന്നത്. ഇവയും ഇന്‍ഫ്രാറെഡ് ലൈറ്റുകളുണ്ടോ എന്നും കാന്തിക മണ്ഡലങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കുമെന്നാണ് ആപ്പ് ഡവലപ്പര്‍മാരുടെ അവകാശവാദം. ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അവയില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നതാണ് ചെയ്യാവുന്ന കാര്യം.

വൈ-ഫൈ നെറ്റ്‌വര്‍ക്ക് സാന്നിധ്യം
മിക്ക ഒളിക്യാമറകളും വൈ-ഫൈ വഴിയായിരിക്കും സിഗ്നലുകള്‍ പ്രക്ഷേപണം ചെയ്യുക. ഹോട്ടലിലെ വൈ-ഫൈ നെറ്റ്‌വര്‍ക്ക് സ്‌കാന്‍ ചെയ്യുക. ഇവിടെ അണ്‍നോണ്‍ ഡിവൈസുകളുടെ സാന്നിധ്യമുണ്ടോ എന്നു പരിശോധിക്കുക.
ഇതിനായി ഫോണിന്റെ വൈ-ഫൈ സെറ്റിങ്‌സ് തുറന്ന് കണക്ടഡ് ഉപകരണങ്ങളുടെ ലിസ്റ്റ് പരിശോധിക്കുക. ഇതില്‍ ഐപി ക്യാമറ, ക്യാമറ എന്നിങ്ങനെയുള്ള ഉപകരണങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക. ബ്ലൂടൂത് സ്‌കാന്‍ നടത്തി ബ്ലൂടൂത് സിഗ്നലുകള്‍ അയയ്ക്കുന്ന ക്യാമറകള്‍ ഉണ്ടോ എന്നും പരിശോധിക്കാം.
സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാല്‍ ഹോട്ടല്‍ അധികൃതരെയും പ്രാദേശിക അധികാരികളെയും അറിയിക്കുകയാണ് വേണ്ടത്.