ചൂടുകാലത്ത് സർവ സാധാരണമായി കണ്ടുവരുന്നതും അതിവേഗം പടരുന്നതുമായ രോഗമാണ് ചിക്കൻ പോക്സ്. വേരിസെല്ലസോസ്റ്റർ' എന്ന വൈറസാണ് ചിക്കൻപോക്‌സ് പടർത്തുന്നത്. പനി, ശരീരവേദന, കഠിനമായ ക്ഷീണം, വിശപ്പില്ലായ്മ, നടുവേദന എന്നിവയാണ് ചിക്കൻപോക്സിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ചിക്കൻ പോക്സ് വന്ന ഒരു രോഗിയിൽ നിന്നും 10-21 ദിവസത്തിന് ശേഷം ഈ രോഗം അയാളുമായി ഇടപഴകിയ മറ്റൊരാളിൽ കാണാം. കുരുക്കൾ വരുന്നതിന് രണ്ടു ദിവസം മുൻപും, അവ പൊട്ടിയതിന് 4-5 ദിവസത്തിന് ശേഷവും അയാളിൽ നിന്ന് രോഗം പകരാം. വായുവഴി ആണ് രോഗം പകരുന്നത്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായുവിലേക്ക് തുറന്നു വിടപ്പെടുന്ന വൈറസ് മറ്റൊരാളിൽ പ്രവേശിക്കുന്നു.