ഇതാണ് പാതാളത്തിലേക്കുള്ള വഴി; തിരണ്ടിയുടെ ആകൃതിയില്‍ വളരുന്ന സൈബീരിയന്‍ ഗര്‍ത്തം!
Mail This Article
ഭൂമിക്കടിയിലേക്ക് കുഴിച്ചു കുഴിച്ചു പോയാല്‍ എവിടെയെത്തും? കഥകളില്‍, അത് പാതാളമാണ്, മഹാബലിയെ ചവിട്ടിതാഴ്ത്തിയ പാതാളം. വിചിത്രജീവികളും നരകത്തീയും നിറഞ്ഞ ആ പാതാളം എവിടെയായിരിക്കും? ഭാവനയ്ക്ക് വര്‍ണ്ണച്ചിറകുകള്‍ വിരുത്തിച്ച്, ലോകത്തിനു മുന്നില്‍ ഒരു തീരാസമസ്യയായി പാതാള ലോകത്തേക്കുള്ള വഴി എന്നറിയപ്പെടുന്ന ഒരു ഗര്‍ത്തമുണ്ട്, അതിന്‍റെ പേരാണ് ബറ്റഗൈക ഗർത്തം.
ലോകത്തിലെ ഏറ്റവും വലിയ പെർമാഫ്രോസ്റ്റ് ഗർത്തമായ ബറ്റഗൈക, റഷ്യയിലെ ചെർസ്‌കി റേഞ്ച് പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. യാന നദിയുടെ പോഷകനദിയായ ബറ്റഗൈകയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
കിഴക്കൻ സൈബീരിയൻ ടൈഗയിൽ, 100 മീറ്റർ, വരെ ആഴത്തിലും ഒരു കിലോമീറ്റർ നീളത്തിലുമുള്ള ഒരു തിരണ്ടിയുടെ രൂപത്തിലാണ് ഈ ഗര്‍ത്തം. ഇത് ഓരോ വർഷവും 35 ദശലക്ഷം ഘന അടി (1 ദശലക്ഷം ക്യുബിക് മീറ്റർ) വളരുന്നതായി ഒരു പുതിയ പഠനം പറയുന്നു. ചുറ്റുമുള്ള വനം വെട്ടിത്തെളിച്ചതിന് ശേഷം, 1960 കളിലാണ് ഗര്‍ത്തം ആദ്യമായി വളരാന്‍ ആരംഭിച്ചത്. ഈ പ്രദേശത്ത് ഉണ്ടായ വെള്ളപ്പൊക്കവും ഗർത്തത്തിന്റെ വ്യാപ്തി കൂടുന്നതിന് ആക്കംകൂട്ടി.
റഷ്യയിലെ വടക്കൻ യാകുട്ടിയയിലെ യാന അപ്‌ലാൻഡ്‌സിൽ കുന്നിൻ ചെരിവുകളുടെ ഒരു ഭാഗം ഇടിഞ്ഞുപോയപ്പോള്‍, 1991 ലാണ് ഉപഗ്രഹ ചിത്രങ്ങളിൽ ഈ ഗര്‍ത്തം ആദ്യമായി കണ്ടത്. അതിനു ശേഷം മലഞ്ചെരിവിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ പുരാതനമായ ഉറച്ച മഞ്ഞിന്‍റെ പാളികൾ വെളിവായി. ഇവ ഏകദേശം 6,50,000 വർഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്ന ഭാഗങ്ങളാണ്. ഇവിടങ്ങളിലെ മഞ്ഞ് പതിയെ ഉരുകുന്നതാണ് ഗര്‍ത്തത്തിന്‍റെ ആഴം കൂടാന്‍ കാരണം.
2014 ൽ ഇതിന്‍റെ വീതി 2,600 അടി ആയിരുന്നു, 10 വർഷത്തിനുള്ളിൽ അത് 660 അടി വർധിച്ചു. ഇത് വളരുകയാണെന്ന് ഗവേഷകർക്കു നേരത്തെ തന്നെ അറിയാമായിരുന്നു, എന്നാൽ ഗർത്തത്തിന്‍റെ അളവ് അവർ കണക്കാക്കുന്നത് ഇതാദ്യമാണ്. സാറ്റലൈറ്റ് ചിത്രങ്ങൾ, ഫീൽഡ് അളവുകൾ, ബറ്റഗേയിൽ നിന്നുള്ള സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിൽ നിന്നുള്ള ഡാറ്റ എന്നിവ പരിശോധിച്ചാണ് അവർ അങ്ങനെ ചെയ്തത്. ഗിസയിലെ 14-ലധികം വലിയ പിരമിഡുകൾക്ക് തുല്യമായ ഐസ് ഇവിടെ ഉരുകിയതായി അവര്‍ കണക്കാക്കുന്നു.
ഈ ഗര്‍ത്തം ഇപ്പോഴും സജീവമായി വളരുന്നു. എന്നാല്‍ അതിന് എത്രത്തോളം വികസിക്കാനാകും എന്നതിന് ഒരു പരിധിയുണ്ട്. ഏതാനും അടി കനത്തില്‍ മാത്രമേ, ഗർത്തത്തിനുള്ളിൽ മഞ്ഞുകട്ടകള്‍ ഇനി അവശേഷിക്കുന്നുള്ളൂ.
ബറ്റഗൈക ഗര്‍ത്തത്തിലെ ഐസ് ഉരുകിയതോടെ, 200,000 മുതൽ 650,000 വർഷം മുന്‍പ്, ഭൂമിയില്‍ ഉണ്ടായിരുന്ന പൂമ്പൊടിയും, കാള , മാമോത്ത് , കുതിര തുടങ്ങിയ മൃഗങ്ങളുടെ ശവശരീരങ്ങളും ഉൾപ്പെടെയുള്ള ഫോസിലുകളും, അന്നത്തെ കാലാവസ്ഥാ വിവരങ്ങളിലേക്കുള്ള ഉൾക്കാഴ്ചയും ചരിത്ര ഗവേഷകര്‍ക്ക് ലഭിച്ചു. 2023 ൽ ഇവിടെ നിന്നും ലഭിച്ച ഒരു ഡ്രോൺ ഫൂട്ടേജ്, ഗർത്തത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി.
ലോകമാകെയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അപകടകരമായ സൂചനയാണ് ബറ്റഗൈക ഗര്‍ത്തത്തിന്‍റെ താപീയ വികാസം നല്‍കുന്നത് എന്ന്, പഠനം നടത്തിയ യാകുത്‌സ്കിലെ മെൽനിക്കോവ് പെർമാഫ്രോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന ഗവേഷകയായ നികിത തനനേവ്, റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭൂമിയിലെ വർദ്ധിച്ചുവരുന്ന താപനിലയും മനുഷ്യപ്രവൃത്തികള്‍ മൂലമുണ്ടാകുന്ന സമ്മര്‍ദ്ദവും മൂലം, ലോകമെങ്ങും ഇത്തരത്തില്‍ മഞ്ഞുരുകി ഗര്‍ത്തങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ഏകദേശം 100 മീറ്ററില്‍ താഴെ ആഴമുള്ള മണ്ണിൽ ഓർഗാനിക് കാർബൺ നിക്ഷേപങ്ങള്‍ അടങ്ങിയിരിക്കുന്നു, ഹിമപാളികള്‍ ഉരുകുമ്പോൾ ഇവ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുകയും ഗ്രഹത്തിന്റെ താപനില വീണ്ടും കൂട്ടുകയും ചെയ്യും.
എങ്ങനെ സന്ദര്‍ശിക്കാം?
സൈബീരിയന്‍ യാത്രയ്ക്ക് പോകുമ്പോള്‍ ബറ്റഗൈക ഗർത്തവും സന്ദര്‍ശിക്കാം. പല ടൂര്‍ കമ്പനികളും ഇതിനു മുകളിലൂടെ ഹെലികോപ്റ്റർ ടൂർ സംഘടിപ്പിക്കുന്നുണ്ട്. വേനൽക്കാലം ഈ പ്രദേശം സന്ദർശിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ സമയമാണ്. സമീപപ്രദേശങ്ങളില്‍ ട്രെക്കിങ് പോലുള്ള വിനോദങ്ങള്‍ക്കും സൗകര്യമുണ്ട്.