യൂറോപ്പിൽ വിനോദസഞ്ചാരികൾ ചെയ്യുന്ന പത്ത് തെറ്റുകൾ; ഇവ എങ്ങനെ ഒഴിവാക്കാം?

Mail This Article
വേനലില്‍ കൊടും ചൂടില്ല, അസഹനീയമായ ആള്‍പ്പെരുപ്പമില്ല, ജീവിതനിലവാരവും വൃത്തിയുമെല്ലാം കൂടുതല്‍. മാത്രമല്ല, മനോഹരമായ ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും നന്നായി സംരക്ഷിച്ച വാസ്തുവിദ്യയും വ്യത്യസ്ത രുചികളും വൈവിധ്യമാർന്ന സംസ്കാരവും... യൂറോപ്പ് സന്ദര്‍ശിക്കാന്‍ പലര്‍ക്കും കാരണങ്ങള്‍ പലതാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും യൂറോപ്പിലേക്ക് ഒരു യാത്ര പോകണമെന്നത് പല സഞ്ചാരികളുടെയും സ്വപ്നമാണ്. എന്നാല്‍, ആദ്യമായി യൂറോപ്പില്‍ എത്തുന്ന പല സഞ്ചാരികള്‍ക്കും പല അബദ്ധങ്ങളും പറ്റാറുണ്ട്. യൂറോപ്പിലെത്തുന്നവര്‍ക്ക് സാധാരണയായി പറ്റുന്ന ചില തെറ്റുകളെക്കുറിച്ചാണ് ഇനി പറയുന്നത്. അവ എങ്ങനെ ഒഴിവാക്കാമെന്നും നോക്കാം.

1. അമിത പ്ലാനിങ് വേണ്ട
ഭൂപടത്തില്‍ കാണുമ്പോള്‍ യൂറോപ്പ് വളരെ ചെറുതാണെന്ന് തോന്നിയേക്കാം. അതിനാല്‍, ഒരു യാത്രയിൽ തന്നെ നിരവധി രാജ്യങ്ങളോ നഗരങ്ങളോ സന്ദർശിക്കാൻ നിരവധി വിനോദസഞ്ചാരികൾ ശ്രമിക്കുന്നു. എന്നാല്‍ റോമിൽ നിന്നു പാരീസിലേക്കും അവിടെനിന്നു ബാഴ്‌സലോണയിലേക്കുമെല്ലാം ഓടിയോടി നടക്കുന്നത് നിങ്ങളെ ക്ഷീണിതരാക്കുകയും ഒന്നും ആസ്വദിക്കാൻ കഴിയാതെ വരികയും ചെയ്യും. അതിനാല്‍, എത്ര ഇടങ്ങളില്‍ പോയി എന്നല്ല, പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 2-3 ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുത്ത് അവ ശരിയായി സമയമെടുത്തു കണ്ടുതീര്‍ക്കുക. ഇതിനെക്കുറിച്ച് ആദ്യം തന്നെ ഒരു പ്ലാന്‍ ഉണ്ടാക്കേണ്ടത് ആവശ്യമാണ്.

2. പ്രാദേശിക ആചാരങ്ങളും മര്യാദകളും അവഗണിക്കൽ
ഒരു രാജ്യത്ത് സ്വീകാര്യമായത് മറ്റൊരു രാജ്യത്ത് ചിലപ്പോള്‍ അപമര്യാദയായിട്ടായിരിക്കും അവിടത്തുകാര്‍ കാണുന്നത്. ഉദാഹരണത്തിന്, ഇറ്റലിയിൽ, രണ്ട് കവിളുകളിലും ചുംബനം നൽകി സ്വാഗതം ചെയ്യുന്നത് പതിവാണ്, അതേസമയം ജർമനിക്കാര്‍ സമയനിഷ്ഠ വളരെ ഗൗരവമായി കാണുന്നവരാണ്. അതിനാല്‍ ഓരോ രാജ്യത്തേക്കും പോകുമ്പോള്‍, അവിടെ എത്തുന്നതിനു മുമ്പ് അടിസ്ഥാന സാംസ്കാരിക മര്യാദകളെക്കുറിച്ച് പഠിക്കുക.

3. എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നവരല്ല
വലിയ നഗരങ്ങളിൽ പല യൂറോപ്യന്മാരും ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകളാണ്. എന്നാല്‍, ഉള്‍പ്രദേശങ്ങളില്‍ സ്ഥിതി അങ്ങനെ ആയിക്കൊള്ളണം എന്നില്ല. അതിനാല്‍, പോകുന്ന ഇടത്തെ പ്രാദേശിക ഭാഷയിൽ കുറച്ച് അടിസ്ഥാന വാക്യങ്ങൾ പഠിക്കുക.
4. ട്രെയിൻ ടിക്കറ്റുകൾ സാധുതയുള്ളതല്ല
പല യൂറോപ്യൻ രാജ്യങ്ങളിലും കയ്യില്‍ ഒരു ടിക്കറ്റ് ഉണ്ടായാല്‍ മാത്രം പോര, ട്രെയിനില്‍ കയറുന്നതിനു മുൻപ് അത് അപ്പോഴും സാധുതയുള്ളതാണെന്ന് ഉറപ്പുവരുത്തണം. അതിനായി, ട്രെയിൻ പ്ലാറ്റ്‌ഫോമുകളിൽ വാലിഡേഷൻ മെഷീനുകൾ ഉണ്ടോ എന്നു നോക്കുക. അങ്ങനെ ചെയ്തില്ലെങ്കില്‍, നിങ്ങൾ ടിക്കറ്റിന് പണം നൽകിയിട്ടുണ്ടെങ്കിൽ പോലും പലപ്പോഴും വലിയ പിഴ നല്‍കേണ്ടിവരും.

5. ക്രെഡിറ്റ് കാർഡുകളെ അമിതമായി ആശ്രയിക്കേണ്ട
ക്രെഡിറ്റ് കാര്‍ഡുകള്‍ എല്ലാ ഇടങ്ങളിലും ഉപയോഗിക്കുന്നില്ല. അമേരിക്കയിൽ ഇത് വളരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ജർമനി, ഫ്രാൻസിലെ ചെറിയ പട്ടണങ്ങൾ പോലുള്ള യൂറോപ്പിന്‍റെ ചില ഭാഗങ്ങളിൽ ഇപ്പോഴും പണത്തിനാണ് പ്രിയം. അതിനാല്‍ അത്യാവശ്യത്തിനു വേണ്ട പ്രാദേശിക കറൻസി എപ്പോഴും കൈവശം വയ്ക്കുക, റസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുമ്പോഴും പ്രാദേശിക വിപണികളിൽ ഷോപ്പിങ് നടത്തുമ്പോഴുമെല്ലാം പണം തന്നെ നല്‍കേണ്ടിവരും.

6. ഉചിതമായി വസ്ത്രം ധരിക്കുക
യൂറോപ്യന്മാർ പൊതുവെ വളരെ സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്നവരാണ്. എന്നാല്‍, ചില മതപരമോ സാംസ്കാരികപരമോ ആയ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ പ്രത്യേക വസ്ത്രധാരണ രീതികൾ പാലിക്കേണ്ടതായി വരാം. ഇക്കാര്യങ്ങള്‍ ആദ്യമേ മനസ്സിലാക്കിയിട്ട് വേണം അവിടങ്ങള്‍ സന്ദര്‍ശിക്കാന്‍. അല്ലെങ്കില്‍ ബഹുമാനമില്ലാത്ത പ്രവൃത്തിയായി അവര്‍ അതിനെ വിലയിരുത്തും ആവശ്യമുള്ള ഇടങ്ങളില്‍ പിഴയും ഒടുക്കേണ്ടി വരും.

7. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപത്ത് നിന്നും ഭക്ഷണം കഴിക്കേണ്ട
പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു സമീപമുള്ള റസ്റ്ററന്റുകളിൽ പലപ്പോഴും അമിത വിലയുള്ളതും എന്നാല്‍ നിലവാരം കുറഞ്ഞതുമായ ഭക്ഷണങ്ങളായിരിക്കും ലഭിക്കുന്നത്. അതിനാല്‍ ഇത്തരം പ്രധാന ആകർഷണങ്ങളിൽ നിന്ന് മാറി, അവിടുത്തെ നാട്ടുകാർ ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങൾ നോക്കി കഴിക്കുക.

8. യാത്രാ ഇൻഷുറൻസ് ഒഴിവാക്കല്ലേ
യാത്രാ ഇൻഷുറൻസ് എന്നത് ചില യാത്രക്കാർ അനാവശ്യമായ ഒരു ചെലവായാണ് കാണുന്നത്. എന്നാൽ, ലഗേജ് നഷ്ടപ്പെട്ടു പോവുക, വാലറ്റുകൾ മോഷ്ടിക്കപ്പെടുക, അല്ലെങ്കിൽ എന്തെങ്കിലും മെഡിക്കൽ അടിയന്തരാവസ്ഥകൾ ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങളില്‍, നിങ്ങളുടെ രക്ഷയ്ക്ക് ഇൻഷുറൻസ് തന്നെ വേണം. ആരോഗ്യം, റദ്ദാക്കലുകൾ, മോഷണം എന്നീ സന്ദര്‍ഭങ്ങള്‍ കൂടി പരിഗണിക്കുന്ന യാത്രാ ഇൻഷുറൻസ് തന്നെ എപ്പോഴും എടുക്കുക.
9. ടിപ്പ് കൊടുക്കുമ്പോള്‍
നമ്മുടെ നാട്ടിലടക്കം, ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ടിപ്പ് കൊടുക്കുന്ന ഒരു രീതിയുണ്ട്. യൂറോപ്പിലുടനീളം ടിപ്പിങ് രീതികൾ വ്യത്യാസപ്പെട്ടിരിക്കുന്നു. പല രാജ്യങ്ങളിലും, ഇത് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ രാജ്യത്തിനുമുള്ള ടിപ്പിങ് രീതികള്‍ ആദ്യമേ മനസ്സിലാക്കി വയ്ക്കുന്നത് നല്ലതാണ്.

10. വലിയ നഗരങ്ങളിൽ മാത്രമല്ല കാഴ്ചകള്‍
പാരീസും റോമും ലണ്ടനും പോലുള്ള വന്‍നഗരങ്ങള്‍ അദ്ഭുതകരമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍, യൂറോപ്പിന്‍റെ ഏറ്റവും മികച്ച കാഴ്ചകള്‍ കാണണമെങ്കില്‍ ചെറുപട്ടണങ്ങളിലൂടെ യാത്ര ചെയ്യണം. ഹാൾസ്റ്റാറ്റ് (ഓസ്ട്രിയ), ആനെസി (ഫ്രാൻസ്), ഗ്രൂയേഴ്സ് (സ്വിറ്റ്സർലൻഡ്), റോത്തൻബർഗ് ഒബ് ഡെർ ടൗബർ (ജർമനി), അല്ലെങ്കിൽ സിൻട്ര (പോർച്ചുഗൽ) മുതലായ കുഞ്ഞുപട്ടണങ്ങള്‍ സഞ്ചാരികളുടെ ഹൃദയം കവരുന്ന കാഴ്ചകളാല്‍ നിറഞ്ഞിരിക്കുന്നു.