ADVERTISEMENT

സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് സന്താനഭാഗ്യമേകി കുടികൊള്ളുന്ന മഹാവിഷ്ണുവിന്റെ അപൂർവഭാവത്തിലുള്ള ക്ഷേത്രമാണ് വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിൽ നിന്നും 2 കിലോമീറ്റർ അകലെ പുഴവാത് എന്ന സ്ഥലത്താണ്  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലക്ഷ്മിപുരം കൊട്ടാരം വക ക്ഷേത്രം ആയരുന്നതിനാൽ കൊട്ടാരം അമ്പലം എന്നാണ് സമീപപ്രദേശങ്ങളിൽ ക്ഷേത്രം അറിയപ്പെടുന്നത്.

 

ഇരുകൈകളിലുമായി ഒരു കുഞ്ഞിനെ എടുത്തുകൊണ്ട് പീഠത്തിൽ ഇരിക്കുന്ന  വൈകുണ്ഠനാഥന്റെ അപൂർവ രൂപത്തിലുള്ള വിഗ്രഹമാണ് ആണ് ഇവിടത്തെ പ്രതിഷ്ഠ. സന്താനലബ്ധിക്കായി ഇവിടെ എത്തി പ്രാർഥിച്ചു  ഫലം കണ്ടു മടങ്ങുന്നവർ നിരവധിയാണ്. 

 

santhana-gopala-temple-845

ക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നിലെ ഐതിഹ്യം..

 

കുരുക്ഷേത്ര യുദ്ധത്തെ തുടർന്ന് തന്റെ ശക്തിയിൽ അർജ്ജുനന് അതിയായ അഹങ്കാരം ഉണ്ടായി. അർജുനന്റെ അഹങ്കാരം ശമിപ്പിക്കുവാൻ തന്നെ ശ്രീകൃഷ്ണൻ തീരുമാനിച്ചു. ഹസ്തിനപുരിയിൽ ജീവിച്ചിരുന്ന ഒരു ബ്രാഹ്മണൻറെയും പത്നിയുടെയും മക്കളെല്ലാം ജനിക്കുമ്പോൾ തന്നെ മരിച്ചു പോവുകയായിരുന്നു. ഇത്തരത്തിൽ എട്ടു മക്കളെ നഷ്ടപ്പെട്ടതിൽ മനംനൊന്ത് ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം കാണണമെന്ന് ബ്രാഹ്മണൻ  പാണ്ഡവ സന്നിധിയിലെത്തി സങ്കടമുണർത്തിച്ചു. സ്വയം ശക്തൻ എന്ന് അഹങ്കരിച്ച് അർജുനൻ ബ്രാഹ്മണ പത്നിയുടെ അടുത്ത കുഞ്ഞിന് ആപത്തൊന്നും വേരാതെ  രക്ഷിക്കാമെന്ന് വാക്കുകൊടുത്തു.

ബ്രാഹ്മണ പത്‌നിയുടെ ഒമ്പതാമത്തെ പ്രസവം നടന്ന സമയത്ത് അർജുനൻ അവരുടെ ഗൃഹത്തിനു മുന്നിൽ കാവൽ നിന്നു. എന്നാൽ ഒൻപതാമത്തെ കുഞ്ഞും മരിക്കുകയാണ് ഉണ്ടായത്. ഇതിൽ ദുഃഖിതനായ ബ്രാഹ്മണൻ അർജ്ജുനനെ മനംനൊന്തു ശകാരിക്കുകയും ചെയ്തു. ബ്രാഹ്മണന്റെ അടുത്ത കുഞ്ഞിനെ ഉറപ്പായും സംരക്ഷിക്കുമെന്നും അതിനു സാധിച്ചില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും അർജുനൻ ദൃഢപ്രതിജ്ഞയെടുത്തു.

 

ബ്രാഹ്മണപത്നി പത്താമതും ഗർഭം ധരിച്ചു. പ്രസവം അടുത്ത സമയം അർജുനൻ ദിവ്യാസ്ത്രങ്ങൾ കൊണ്ട്  ബ്രാഹ്മണ ഗൃഹത്തിന് ചുറ്റും സംരക്ഷണവലയം തന്നെ സൃഷ്ടിച്ചു.  എന്നാൽ അത്ഭുതമെന്നോണം  പ്രസവശേഷം കുഞ്ഞിനെ ഉടലോടെ കാണാതാവുകയാണ് ചെയ്തത്. ഇതേ തുടർന്ന് അർജുനൻ പല ദിക്കിലും കുഞ്ഞിനെ അന്വേഷിച്ചു നടന്ന് ഒടുവിൽ യമ രാജസന്നിധിയിലെത്തി. എന്നാൽ ആ കുഞ്ഞിന് മരണസമയം ആയിട്ടില്ലെന്നും അതിനാൽ കുഞ്ഞ് തന്റെ സമീപം ഇല്ലെന്നും യമരാജൻ അറിയിച്ചു. കുഞ്ഞിനെ കണ്ടെത്താനാകാതെ തിരികെ ബ്രാഹ്മണനെ സമീപത്ത് എത്തിയ അർജുനൻ കുഞ്ഞിനെ സംരക്ഷിക്കാനായില്ല എന്ന് ഏറ്റുപറഞ്ഞ് ആത്മാഹുതി നടത്താൻ ഒരുങ്ങി.

തൽസമയം അവിടെയെത്തിയ ശ്രീകൃഷ്ണൻ അർജുനനെ തടയുകയും പാലാഴിക്ക് നടുവിലായി ജയവിജയന്മാർ കാവൽ നിൽക്കുന്ന ഏഴു ഗോപുരങ്ങൾ ഉള്ള വൈകുണ്ഠത്തിലേക്ക് കൂട്ടിക്കൊണ്ടു

 

പോവുകയും ചെയ്തു. അവിടെ മഹാവിഷ്ണുവിനും ലക്ഷ്മീദേവിക്കും ഒപ്പം ബ്രാഹ്മണന്റെ നഷ്ടപ്പെട്ട പത്തു കുഞ്ഞുങ്ങളും കളിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് അർജുനൻ കണ്ടത്. ഭൂമിയിൽ തനിക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നും ഇല്ല എന്ന് കരുതിയിരുന്ന അർജുനന്റെ അഹങ്കാരം അതോടെ ശമിച്ചു. പത്തു കുഞ്ഞുങ്ങളുമായി ശ്രീകൃഷ്ണൻ അർജ്ജുനനെയും കൂട്ടി തിരികെ ബ്രാഹ്മണ സന്നിധിയിലെത്തി കുഞ്ഞുങ്ങളെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ ബ്രാഹ്മണന്റെ കുഞ്ഞുങ്ങളെ വീണ്ടെടുത്തു നൽകുന്ന മഹാവിഷ്ണുവിന്റെ അത്യപൂർവ്വ ഭാവമാണ് വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രത്തിൽ  ഉള്ളത്. 

 

സന്താനഗോപാലമൂർത്തിയെ വണങ്ങി 12 ആഴ്ച മുടങ്ങാതെയുള്ള വഴിപാടുകൾ നടത്തിയാൽ ഫലം സുനിശ്ചിതമാണെന്നാണ് വിശ്വാസം. തൃക്കൈ വെണ്ണയും കദളിപ്പഴവും നെയ്യ് വിളക്കുമാണ് ഭക്തർ പ്രധാനമായി ഭഗവാന് സമർപ്പിക്കുന്നത്.  ഗർഭസ്ഥശിശുവിന്റെ രക്ഷയ്ക്കായും സൽസന്താന ലബ്ബ്ധിക്കായും ഇവിടെ എത്തുന്നവരും നിരവധിയാണ്.

ശ്രീകൃഷ്ണന് പ്രാധാന്യമുള്ള വ്യാഴാഴ്ചകളിൽ ക്ഷേത്രദർശനം നടത്തുന്നതാണ് ഏറ്റവും ശുഭം. എല്ലാവർഷവും കന്നിമാസത്തിൽ പൗർണമി കഴിഞ്ഞു വരുന്ന നാളുകളിൽ സന്താനഗോപാല വ്രതവും ക്ഷേത്രത്തിൽ നടക്കുന്നു. ഒരു ദിവസം നീണ്ടുനിൽക്കുന്ന സന്താനഗോപാല വ്രതം അനുഷ്ഠിച്ച് ദർശനം നടത്തിയാൽ ഫലപ്രാപ്തി സുനിശ്ചിതം ആണെന്നാണ് വിശ്വാസം.

 

English Summery : Significance of Puzhavathu Santhana Gopala Temple Changanacherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com