തൂണിൽ പിടിച്ചു പ്രാർഥിച്ചാൽ ഉദ്ധിഷ്ട ഫലസിദ്ധി തരുന്ന ക്ഷേത്രം
Mail This Article
സിംഹാചലം എന്നാല്‍ സിംഹത്തിന്‍റെ കുന്ന് എന്നർഥം. മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹന്മൂര്‍ത്തിയുടെ പേരിലാണ് ഈ കുന്ന് അറിയപ്പെടുന്നത്. സിംഹാചലമെന്ന കുന്നിന്റെ മുകളില്‍ വടക്കുഭാഗത്തായിട്ടാണ് വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ആന്ധ്രാ പ്രദേശിലെ 32 നരസിംഹ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം . തന്‍റെ ഭക്തനായ പ്രഹ്ലാദനെ ആപത്തില്‍ നിന്ന് രക്ഷിക്കാന്‍ നരസിംഹമൂര്‍ത്തിയുടെ രൂപത്തില്‍ മഹാവിഷ്ണു അവതരിച്ചത് ഇവിടെ ആണെന്നാണ് ഐതീഹ്യം.വരാഹത്തിന്റെ തലയും മനുഷ്യന്റെ ഉടലും സിംഹത്തിന്റെ വാലും ഉള്ള മഹാവിഷ്ണുവിന്റെ രൂപമാണ് ഇവിടെ ഉള്ളത്.
പ്രഹ്ളാദന്റെ പിതാവായ ഹിരണ്യകശിപുവിനെ വധിച്ചതിനു ശേഷമുള്ള ഭാവമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചന്ദ്രവംശത്തിലെ പുരൂരവസ്സാണ് ഇന്ന് കാണും വിധം ക്ഷേത്രം പുനര്‍നിര്‍മ്മിച്ചുവെന്നാണ് ഐതിഹ്യം .പുറമെ നിന്ന് നോക്കിയാൽ ഈ ക്ഷേത്രം ഒരു കോട്ട പോലെ തോന്നും.
ശിവലിംഗത്തോട് സാദൃശ്യമുള്ള രൂപമാണ് ഭക്തർക്ക് ഇവിടെ കാണാനാവുക . സാധാരണയായി വരാഹ നരസിംഹ മൂർത്തിയുടെ രൂപം ചന്ദന ലേപനത്തിലാണ് സൂക്ഷിക്കുക. എന്നാൽ വൈശാഖ മാസത്തിലെ മൂന്നാം ദിവസം മാത്രം ഇങ്ങനെ ചെയ്യാറില്ല. ഈ ദിവസം മാത്രമെ ഭഗവാന്‍റെ പൂർണസ്വരൂപം ദര്‍ശിക്കാനാകൂ.
ഹിരണ്യകശിപുവിനെ വധിച്ച് കോപം ശമിക്കാത്ത ഉഗ്രനരസിംഹമാണ് പ്രധാനമൂര്‍ത്തി. ഈ കോപം ശമിക്കുവാനാണത്രെ ബിംബത്തിൽ ചന്ദനം ലേപനം ചെയ്യുന്നത് എന്നാണ് വിശ്വാസം . ഭയനിവാരണത്തിനും ദുരിതമോചനത്തിനും നരസിംഹസ്വാമിയെ ഭജിക്കുന്നത് ഉത്തമം ആണ് .
ഈ ക്ഷേത്രത്തിൽ ഭഗവാന്റെ വലത്തു വശത്തായി സ്ഥിതി ചെയ്യുന്ന ഒരു തൂണിനു ഒരു പ്രിത്യേകതയുണ്ട് . ആ തൂണിൽ ഇരു കൈകൾ കൊണ്ട് കെട്ടിപിടിച്ചു പ്രാർത്ഥിച്ചാൽ ഉദ്ധിഷ്ട കാര്യസിദ്ധി ഫലം ഉണ്ടാകും എന്ന് ഭക്തർ വിശ്വസിക്കുന്നു.
ആയിരത്തോളം പടികള്‍ കയറിവേണം ക്ഷേത്രത്തിലെത്താന്‍, പടികള്‍ക്കിരുവശവും മരങ്ങളുടെ തണലുള്ളതിനാല്‍ കയറുന്നതിന്റെ ക്ഷീണം അറിയുകയില്ല.കുന്നിന്റെ താഴെ നിന്ന് ബസ് /ടാക്സി സർവീസുകളും ലഭ്യമാണ് .
English Summary : Significance of Varaha Lakshmi Narasimha Temple Simhachalam