വീടിന്റെ ദർശനം പറയും നിങ്ങളുടെ ഭാഗ്യം

Mail This Article
വാസ്തുവിൽ പ്രധാനമാണ് വീടിന്റെ ദർശനം. വീടിന്റെ ദർശനത്തെ സംബന്ധിച്ചു പല അബദ്ധ ധാരണകളും ഇന്ന് നിലനിൽക്കുന്നുണ്ട്. ഗൃഹം നിർമ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ കിടപ്പു മനസ്സിലാക്കാതെ കിഴക്കോട്ടു തന്നെ ദർശനം വേണമെന്ന് ശഠിക്കുന്നവരും കുറവല്ല. വാസ്തു അനുശാസിക്കുന്നതെന്തെന്നു മനസ്സിലാകാതെ പല അബദ്ധങ്ങളിലും ചാടുന്നവരുമുണ്ട്. പ്രകൃതിയുടെ ഊർജ്ജ പ്രവാഹത്തിനനുസൃതമായി ഗൃഹനിർമ്മാണം നടത്തുക എന്നാണു വാസ്തു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മഹാദിക്കുകളായ കിഴക്ക്,പടിഞ്ഞാറ് ,വടക്ക്,തെക്ക് എന്നീ നാല് ഭാഗത്തേക്കും ദർശനം ആവാം . തെക്കോട്ടു പടിയിറങ്ങുന്നത് ഉചിതമല്ലാത്തതിനാൽ തെക്കോട്ടു ദർശനമുള്ള ഭവനത്തിലെ പ്രധാനവാതിൽ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വയ്ക്കാവുന്നതാണ്. കോൺതിരിഞ്ഞുള്ള ദിക്കിലേക്ക് അതായതു തെക്ക് കിഴക്ക് ,വടക്ക് കിഴക്ക് ,തെക്ക് പടിഞ്ഞാറ് ,വടക്ക് കിഴക്ക് എന്നീ ദിശകളിലേക്ക് വീടിന്റെ ദർശനം പാടില്ല.
വഴി , പുഴ ,ക്ഷേത്രം ,കുന്നുകൾ എന്നിവയെല്ലാം വീടിന്റെ ദർശനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. വീട് നിർമ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ അടുത്തായി വഴി , പുഴ ,ക്ഷേത്രം ,കുന്നുകൾ എന്നിവയുണ്ടെങ്കിൽ ആ ഭാഗത്തേക്ക് അഭിമുഖമായി വീടുപണിയുന്നതാണ് ഉത്തമം. പ്രത്യേകിച്ച് ആകൃതിയില്ലാത്ത ഭൂമി ചതുരാകൃതിയിലോ സമചതുരാകൃതിയിലോ കെട്ടിതിരിച്ച ശേഷമേ സ്ഥാന നിർണ്ണയം നടത്താവൂ .
നമ്മുടെ മുഖം സംരക്ഷിക്കുന്നതുപോലെ വീടിന്റെ മുൻഭാഗവും എപ്പോഴും പരിപാലിക്കണം . മുൻഭാഗത്തു ഏച്ചുകെട്ടലുകളൊന്നും പാടില്ല .വീടുപണി കഴിഞ്ഞു മിച്ചമുള്ള മണൽ ,കല്ല് മുതലായവ വീടിന്റെ മുൻപിൽ കൂട്ടിയിടുന്നത് ഒഴിവാക്കുക . വീടിന്റെ ദർശനത്തിനനുസരിച്ചു മുൻഭാഗത്തുനിന്നു ഇടത്തേക്കോ വലത്തേക്കോ മാറ്റി കാർ പോർച്ച് നൽകുന്നതാണ് ഉത്തമം.
English Summary : House Direction Tells your Luck