ശനിയും അമാവാസിയും ഒന്നിച്ചെത്തുന്ന മാർച്ച് 29; അനന്തകോടി ഫലം നൽകുന്ന അപൂർവ അമാവാസി

Mail This Article
ശനിദോഷ മുക്തിക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് അമാവാസി തിഥിയും ശനിയാഴ്ചയും ശനിയുടെ രാശിമാറ്റവും ഒന്നിച്ചു വരുന്ന മാർച്ച് 29. അപൂർവമായി ശനി അമാവാസിയുടെ അന്ന് വരുന്നതിനാൽ ഇതിന്റെ പ്രാധാന്യം മൂന്നിരട്ടിയാകുന്നു. ശനിയുടെ അപഹാരം മൂലം കഷ്ടപ്പെടുന്നവർക്ക് ശനി ഭഗവാനെ തൃപ്തിപ്പെടുത്താൻ ഉതകുന്ന സമയമാണിത്. ശനിക്ക് എള്ളുതിരി കത്തിക്കൽ, വിശേഷാൽ പൂജകൾ എന്നിവ ചെയ്യുന്നത് ഗുണകരമായി കണക്കാക്കപ്പെടുന്നു. ശനിപ്രീതികരമായ കർമങ്ങൾ അനുഷ്ഠിച്ചാൽ പെട്ടെന്ന് ദുരിത ദോഷങ്ങൾ അകലും എന്നാണ് പറയപ്പെടുന്നത്.
അതിനാൽ തന്നെ ഏറിയ ഭക്തിയോടും ശുദ്ധിയോടും കൂടിയാണ് ഇന്നേ ദിവസത്തെ പൂജകൾ, പ്രാർത്ഥനകൾ എന്നിവ കഴിക്കേണ്ടത്. ശക്തമായ ഒരു ദിവസത്തിലൂടെ കടന്നു പോകുന്നതിനാൽ തന്നെ അതിന്റെതായ മേന്മ ജീവിതത്തിലും ചിന്തകളിലും പ്രവർത്തികളിലും പ്രതിഫലിക്കും. അതിനാൽ ചിട്ടയായ മനസോടും ശുദ്ധിയുള്ള ശരീരത്തോടും കൂടി ഇന്നേ ദിവസം ഉപാസനാമൂർത്തികളെ സമീപിക്കുക.
അമാവാസിയും ശനിയാഴ്ചയും ഒന്നിച്ചു വരുന്ന ദിവസം ശനിപൂജ നടത്തുന്നത് അപ്രതീക്ഷിത സൗഭാഗ്യം, ഐശ്വര്യം, സന്തോഷം തുടങ്ങിയവ ജീവിതത്തിൽ ഉണ്ടാകുന്നതിനു കാരണമാകും .സാധാരണയായി അമാവാസി ദിനത്തിൽ ശുഭകാര്യങ്ങൾ ചെയ്യാറില്ല. എന്നാൽ പിതൃദോഷ പരിഹാരങ്ങൾക്ക് ഉത്തമമായ സമയമാണ് അമാവാസി. ശനി അമാവാസിനാൾ ധർമശാസ്താവിനെയോ, ശനൈശ്ചരനെയോ, ഹനുമാൻ സ്വാമിയെയോ ഭജിച്ചാൽ പിതൃ ദോഷം, കാളസർപ്പദോഷം എന്നിവ ഇല്ലാതാകും. സകല മേഖകളിലും ഗുണഫലം ഉണ്ടാകുന്ന ദിവസമാണിത്.
സര്‍വദേവതാ പ്രാര്‍ത്ഥനകളും ഈ ദിവസം ചെയ്യാം. ശനി അമാവാസി ദിനത്തിൽ ഉപവാസമെടുക്കുന്നത് അതീവ ഗുണകരമാണ്. അഘോര ശിവൻ, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ, രക്തേശ്വരി, രക്തചാമുണ്ഡീ, ഹനുമാന്‍ സ്വാമി, ബഹളാമുഖി, ശനി, നാഗങ്ങള്‍ തുടങ്ങിയ ഉഗ്രശക്തിയുള്ള മൂര്‍ത്തികളെ ഉപാസിക്കുന്നതിന് പറ്റിയ സമയമാണിത്.
ശനി അമാവാസി വ്രതം
ഈ ദിനത്തിൽ അനന്തകോടി ഫലം നൽകുന്ന ഒന്നാണ് അമാവാസി വ്രതം. ശനി അമാവാസി വ്രതമെടുക്കുന്നവർ ഉച്ചയ്ക്ക് മാത്രം അരിയാഹാരം കഴിക്കണം. രാവിലെയും വെെകിട്ടും പഴങ്ങളും കരിക്കും കഴിക്കുക. ഇത്തരത്തിൽ 18, 21 അമാവാസി വ്രത്തനങ്ങൾ പൂർത്തിയാക്കുന്നതിലൂടെ പിതൃ ദോഷങ്ങൾ പൂർണമായതും ഇല്ലാതാകും എന്നാണ് പായപ്പെടുന്നത്. ഇന്നേ ദിവസം കൂടുതൽ ഫലസിദ്ധിക്കായി അന്നദാനം, വസ്ത്രദാനം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നത് നല്ലതാണ്.
ഭയം മാറുന്നതിനും ധൈര്യത്തിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന് 336 വട്ടം ചൊല്ലുന്നത് ഉത്തമമാണ്. പിതൃപ്രീതിക്ക് ഓം പിതൃഭ്യോ നമഃ എന്നും 108 വീതം നിത്യേന ചൊല്ലാം. മൂന്നു മാസം ഈ മന്ത്രം തുടർച്ചയായി ചൊല്ലുന്നത് അതീവ ഗുണകരമാണ്. ശിവ ക്ഷേത്രത്തിൽ പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും പിതൃക്കളെ സ്മരിച്ചുകൊണ്ട് പാൽപ്പായസം സമർപ്പിക്കുന്നതും പിതൃപ്രീതിക്ക് ഗുണകരമാണ്. ചിട്ടയോടെ കാര്യങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം.