ADVERTISEMENT

പ്രാചീന ഇന്ത്യയിൽ ഒരു രാജാവുണ്ടായിരുന്നു. രാജശൂരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരിക്കൽ ഏഷ്യയിലേക്ക് എത്തിയ അലക്‌സാണ്ടർ ചക്രവർത്തിയുടെ പിന്മുറക്കാരനായിരുന്നു അദ്ദേഹം. തന്റെ മുൻഗാമിയെപ്പോലെ ലോകമെങ്ങും കീഴടക്കണമെന്നായിരുന്നു രാജശൂരന്റെയും ആഗ്രഹം. അതിനായി അദ്ദേഹം അടുത്തുള്ള രാജ്യങ്ങളുടെയെല്ലാം രാജാക്കൻമാരെ കീഴ്‌പ്പെടുത്തി. അദ്ദേഹവുമായി ഒരു യുദ്ധം ആഗ്രഹിക്കാതിരുന്നവർ കപ്പം കൊടുത്തു സാമന്തൻമാരായി.

അങ്ങനെ രാജശൂരൻ അപ്രമാദിത്വം കാട്ടി നിന്നപ്പോഴും ഒരു രാജ്യത്തെ രാജാവു മാത്രം അദ്ദേഹത്തിനു മുന്നിൽ തോറ്റുകൊടുക്കാൻ തയാറായില്ല. ചൈനയായിരുന്നു ആ രാജ്യം. ചൈനീസ് രാജാവിനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ രാജശൂരൻ നിശ്ചയിച്ചു.എന്നാൽ ഒരു പ്രശ്‌നമുണ്ടായിരുന്നു. ചൈന എവിടെയാണുള്ളതെന്ന് രാജശൂരന് അറിയുമായിരുന്നില്ല. കാലാളും കുതിരകളും ആനകളുമൊക്കെയടങ്ങിയ ഒരു വൻപടയുമായി രാജശൂരൻ ഇന്ത്യയിൽ നിന്നു തെക്കുകിഴക്കൻ ഏഷ്യയിലേക്കു യാത്ര പോയി. വലിയ ഒരു പടയായിരുന്നതിനാൽ പതിയെ ആയിരുന്നു ആ യാത്ര. ബർമയിലൂടെ പട സഞ്ചരിച്ചു.കാടുകൾ വിറപ്പിച്ചായിരുന്നു ആ പടയുടെ പോക്ക്. ബർമയിൽ നിന്ന് പട ഇന്നത്തെ തായ്‌ലൻഡ് സ്ഥിതി ചെയ്യുന്ന തായ്​ലൻഡിലെത്തി. തായ്‌ലൻഡിലൂടെ മാർച്ച് ചെയ്ത പട ഒടുവിൽ മലേഷ്യയിലും പിന്നീട് ജോഹോർ ഉൾക്കടലിലും എത്തി. അവിടെ നിന്നാൽ അവർക്ക് സിംഗപ്പൂർ കാണാമായിരുന്നു. അന്നു തെമാസെക് എന്നായിരുന്നു സിംഗപ്പൂർ അറിയപ്പെട്ടത്.

rajasura-southeast-asia-empire1

നൗകകളിലേറി രാജശൂരനും വൻപടയും സിംഗപ്പൂരിലെത്തി. എന്നാൽ ഇനിയെങ്ങോട്ടുപോകും. ചൈനയിലെത്തണമെങ്കിൽ വലിയൊരു കപ്പൽവ്യൂഹം വേണ്ടിവരുമെന്ന് രാജശൂരനു മനസ്സിലായി, അദ്ദേഹം സിംഗപ്പൂരിൽ ഒരു വലിയ കപ്പൽവ്യൂഹമുണ്ടാക്കാൻ തുടങ്ങി. എന്നാൽ ചൈനയിലെ രാജാവ് ഈ സംഭവമൊക്കെ മറ്റു കടൽയാത്രികർ വഴി അറിയുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു പേടിയായി. വലിയൊരു പടയാണു വരുന്നത്. എന്തു ചെയ്യും. രാജാവിന്റെ വിഷമമറിഞ്ഞ ഏറ്റവും മുതിർന്ന മന്ത്രി ഒരുപായം കണ്ടെത്തി. അദ്ദേഹം ഒരു കപ്പൽ സജ്ജമാക്കി. വളരെ പഴക്കമുള്ളതായിരുന്നു ആ കപ്പൽ. രാജ്യത്തെ ഏറ്റവും പ്രായമുള്ള നാവികരെ കണ്ടെത്തി കപ്പലിൽ ജോലിക്കാരായും നാവികരായും നിയമിച്ചു. കുറച്ചു പഴക്കമുള്ള മരങ്ങൾ പിഴുത് കപ്പലിൽ വയ്ക്കാൻ അദ്ദേഹം നിർദേശിച്ചു. മറ്റൊരു വിചിത്രനിർദേശം കൂടി അദ്ദേഹം നൽകി. രാജ്യത്തെ എല്ലാവരും തങ്ങളുടെ കൈയിലുള്ള സൂചികൾ കൊണ്ടുവന്നു രാജകൊട്ടാരത്തെ മുറ്റത്തിൽ നിക്ഷേപിക്കുക.

son-bhandar-caves-hidden-treasure6
Image Credit: This image was generated using Midjourney

ആളുകൾ അമ്പരന്നു. മന്ത്രിമുഖ്യനു എന്തോ കുഴപ്പമുണ്ടെന്ന് അവർ കരുതി.എങ്കിലും കൽപന ലംഘിക്കാനാകുമോ. പിറ്റേന്ന് രാജകൊട്ടാരത്തിന്റെ മുറ്റത്ത് സൂചികൾ കുന്നുകൂടി. അക്കൂട്ടത്തിൽ ഏറ്റവും തുരുമ്പിച്ച സൂചികൾ പെറുക്കിയെടുക്കാൻ മന്ത്രി സേവകർക്ക് നിർദേശം നൽകി. 50 ചാക്കുകൾ നിറയെ തുരുമ്പിച്ച സൂചികൾ സേവകർ പെറുക്കിയെടുത്തു. ആ ചാക്കുകെട്ടുകൾ അവർ കപ്പലിൽ നിക്ഷേപിച്ചു. വൃദ്ധനാവികരും തുരുമ്പിച്ച സൂചികളും മരങ്ങളുമായി മന്ത്രി കപ്പലിൽ സിംഗപ്പൂരിലേക്കു യാത്ര തിരിച്ചു. ആഴ്ചകൾക്കു ശേഷം അദ്ദേഹം തുറമുഖത്തെത്തി. അവിടെയുണ്ടായിരുന്ന രാജസൂരനും സംഘത്തിനും കൗതുകം തോന്നി. ഇത്രയും പ്രായമുള്ള നാവികരുമായെത്തിയ ഒരു കപ്പൽ അവർ കണ്ടിട്ടുണ്ടായിരുന്നില്ല. രാജശൂരൻ അവരോടു കാര്യമന്വേഷിച്ചു.

തങ്ങൾ ചൈനയിൽ നിന്നു വരുന്നവരാണെന്നും തങ്ങൾ യാത്ര പുറപ്പെട്ടപ്പോൾ കപ്പലിൽ സൂക്ഷിച്ചിരുന്ന ചെറിയ ചെടികൾ ഇന്നു വന്മരങ്ങളായെന്ന് മന്ത്രി കപ്പലിലെ മരങ്ങൾ കാട്ടി അദ്ദേഹത്തോടു പറഞ്ഞു. തങ്ങൾ കൊണ്ടുവന്ന സൂചികൾ തുരുമ്പെടുത്തെന്നും ചെറുപ്പക്കാരായ തങ്ങൾക്കെല്ലാവർക്കും പ്രായമായെന്നും അദ്ദേഹം ഒരു തള്ളു തള്ളി. രാജശൂരൻ ഇതുകേട്ടു ഞെട്ടി. ഇത്രയും ദൂരെയാണു ചൈനയെങ്കിൽ താനെങ്ങനെ അവിടെപ്പോയി യുദ്ധം ചെയ്യുമെന്ന് അദ്ദേഹമോർത്തു. തന്റെ സൈന്യത്തോട് ഇന്ത്യയിലേക്കു മടങ്ങാൻ അദ്ദേഹം പറഞ്ഞു.

rajasura-southeast-asia-empire3
Image Credit: This image was generated using Midjourney

എന്നാൽ തിരിച്ചുള്ള യാത്രയ്ക്കിടെ സമുദ്രത്തിനുള്ളിലുള്ള ഒരു രാജാവിന്റെ മകളുമായി രാജശൂരൻ പ്രണയത്തിലായി. അദ്ദേഹം അവളെ വിവാഹം കഴിക്കുകയും അതിൽ 3 കുട്ടികൾ ജനിക്കുകയും ചെയ്തു. സമുദ്രത്തിനുള്ളിലെ രാജ്യത്തു താമസവുമായി. എന്നാൽ കുറെക്കാലം കഴിഞ്ഞപ്പോൾ ഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. പ്രജകളെ കാണാനുള്ള വെമ്പൽ അദ്ദേഹത്തിൽ ശക്തമായി. അദ്ദേഹത്തിന്റെ ഭാര്യ ഈ വിഷമതകൾ മനസ്സിലാക്കി. സ്വരാജ്യത്തേക്കു വേണമെങ്കിൽ തിരിച്ചുപോകാമെന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു. ഭാര്യയെയും മക്കളെയും കൂട്ടി മടങ്ങാമെന്നായിരുന്നു രാജശൂരന്റെ പദ്ധതി. എന്നാൽ സമുദ്രത്തിലെ രാജാവ് ഇതു സമ്മതിച്ചില്ല.

rajasura-southeast-asia-empire2
Image Credit: This image was generated using Midjourney

തന്റെ മകളായ രാജശൂരന്റെ ഭാര്യയും കൊച്ചുമക്കളും ഇവിടെ നിൽക്കട്ടെയെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികൾ യുവാക്കളാകുമ്പോൾ അവർ കരയിലെ രാജാക്കൻമാരാകുമെന്നും അദ്ദേഹം രാജശൂരന് വാഗ്ദാനം നൽകി. കാലങ്ങൾ കടന്നു, രാജശൂരന്റെ മക്കൾ വളർന്നു. ഒരിക്കൽ ഇന്തൊനീഷ്യയിലെ സുമാത്രയിലുള്ള പാലെംബാംഗ് എന്ന സ്ഥലത്ത് കുമാരൻമാർ കരയിലേക്കു രംഗപ്രവേശം ചെയ്തു. ഏറ്റവും ഇളയ രാജകുമാരൻ പാലംബാംഗിന്റെ രാജാവായി. അദ്ദേഹത്തിന്റെ മറ്റു സഹോദരങ്ങൾ അടുത്തുള്ള രാജ്യങ്ങളുടെയും രാജാക്കൻമാരായി. പാലംബാംഗിലെ രാജാവിന്റെ മകനായിരുന്നു ശ്രീത്രിഭുവന സാംഗ് നില ഉത്തമൻ. ചരിത്രപ്രസിദ്ധനായ ഇദ്ദേഹമാണ് സിംഗപ്പൂർ രാജവംശത്തിന്റെ സ്ഥാപകൻ. തെക്കുകിഴക്കൻ ഏഷ്യയിലെ പല സാമ്രാജ്യങ്ങളുടെയും പൂർവികനായിട്ടാണ് രാജശൂരൻ കരുതപ്പെടുന്നത്. ഇദ്ദേഹം ഒരു മിത്തിക്കൽ രാജാവാണെന്നാണു കരുതപ്പെടുന്നത്.

English Summary:

Rajasura, the legendary Indian king, attempted a massive campaign to conquer China, but the sheer distance from Singapore proved insurmountable. His subsequent marriage to a sea princess and the establishment of his descendants as rulers in Southeast Asia cemented his place in history.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com