ലൈലത്തുൽ ഖദ്ർ: അളവില്ലാത്ത പുണ്യരാവ്

Mail This Article
മുൻ കാലങ്ങളിൽ ജീവിച്ച ഒരു മഹാന്റെ ചരിത്രം തിരു പ്രവാചകൻ മുഹമ്മദ് (സ) അനുചരർക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു. ശംഊൻ(റ) എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആയിരം മാസം അദ്ദേഹം ഇസ്‌ലാമിന്റെ നിലനിൽപിനു വേണ്ടി ശത്രുക്കളുമായി പൊരുതി. രാത്രി മുഴുവൻ ആരാധനകളിൽ മുഴുകുകയും പകലുകളിൽ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുകയും ചെയ്തു. റസൂലിന്റെ വിവരണം കേട്ട സ്വഹാബികൾ പരസ്പരം പറഞ്ഞു. ‘ഭാഗ്യവാനാണദ്ദേഹം. എന്തൊരു വലിയ പ്രതിഫലമായിരിക്കും നാളെ പരലോകത്ത് അദ്ദേഹത്തിന് ലഭിക്കുന്നത്?’. ചിലർ നബിയോട് സങ്കടം പറഞ്ഞു. ‘നബിയേ, മുൻഗാമികളെക്കാൾ ആയുസ്സും ആരാധന കർമങ്ങളും ഞങ്ങൾക്ക് കുറവല്ലേ.’ സ്വഹാബികളുടെ പരിഭവം കേട്ട ഉടനെ ജിബ്‌രീൽ(അ) വന്നു. ലൈലത്തുൽ ഖദ്റിനെക്കുറിച്ച് പരാമർശിക്കുന്ന ‘സൂറത്തുൽ ഖദ്ർ’ നബി(സ) തങ്ങൾക്ക് ഓതിക്കേൾപ്പിച്ചു.
നബി(സ) തങ്ങൾ വിശദീകരിച്ചു: 'അല്ലാഹു നിങ്ങളുടെ വേവലാതി കേൾക്കുകയും എന്റെ സമുദായത്തിന് മുൻഗാമികളേക്കാൾ മുന്നേറാനുള്ള ഒരു മാർഗം സമ്മാനിക്കുകയും ചെയ്തിരിക്കുന്നു. അതാണ് ലൈലത്തുൽ ഖദ്ർ എന്ന അനുഗൃഹീത രാവ്. ആ ഒരൊറ്റ രാവിൽ നിങ്ങൾ ആരാധനകളിലേർപ്പെടുന്നത് മറ്റുള്ളവരുടെ ആയിരം മാസമുള്ള ആരാധനാ കർമങ്ങളെ കവച്ചുവെക്കുന്നതാണ്.’ ഈ പരിശുദ്ധ രാവിൽ മാലാഖമാരും റൂഹെന്ന് ഖുർആനിൽ പറയുന്ന ജിബിരീലും ഭൂമിയിലേക്ക് ഇറങ്ങിവന്ന് മുഅ്മിനീങ്ങളോട് സലാം പറഞ്ഞുകൊണ്ടിരിക്കും.
റമസാനിലെ അവസാനത്തെ പത്തിലെ ഒറ്റയൊറ്റ രാവുകളിലാണ് ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കേണ്ടതെന്നാണ് ഹദീസുകൾ സൂചിപ്പിക്കുന്നത്. റമസാൻ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചാൽ നബി(സ) തങ്ങൾ ആരാധനാ കർമങ്ങളിൽ കൂടുതൽ താത്പര്യം കാണിക്കുകയും പ്രത്യേകിച്ച് രാത്രി മുഴുവൻ നിന്ന് നിസ്‌കരിക്കുകയും ദാനധർമങ്ങളും ഇഅ്തികാഫും വർധിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നും ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ചാണ് അവിടുന്ന് ഇപ്രകാരം പ്രവർത്തിച്ചിരുന്നതെന്നും ഹദീസിൽ വന്നിട്ടുണ്ട്.
ആയിരം മാസങ്ങളിലെ ആരാധനെയെക്കാൾ പുണ്യമായ കർമങ്ങളുമുണ്ട്. അല്ലാഹുവിനെ ഓർത്തിരിക്കുന്ന അവസ്ഥയിലും, അല്ലാഹുവിന്റെ ചിന്തകളിൽ മുഅ്മിനീങ്ങൾക്ക് ഉണ്ടാവുന്ന വികാരത്തള്ളിച്ചയായ ജസ്ബത്തിലൂടെയും ഈ പുണ്യം നമുക്ക് നേടാനാകും. പ്രവാചകൻ മുഹമ്മദ് നബി (സ) ഈ രാത്രി വർഷത്തിൽ എന്ന് സംഭവിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. എങ്കിലും ഒരോ വിശ്വാസിയിലും അവന്റെ ലൈലത്തുൽ ഖദ്‌ർ ഉണ്ട്. അവൻ അതിനെ തിരച്ചറിയുമ്പോൾ അവനിലും ലൈലത്തുൽ ഖദ്‌ർ ഇറങ്ങുന്നു.
മഹത്വമേറിയ രാവെന്ന നിലയിൽ ഏത് പുണ്യ കർമവും ലൈലത്തുൽ ഖദ്റിൽ ചെയ്യാവുന്നതാണ്. ഖുർആൻ പാരായണം, ഇഅ്തികാഫ്, നമസ്കാരം, ദാനധർമങ്ങൾ എന്നിവ വർധിപ്പിക്കൽ, ദിക്‌ർ, സ്വലാത്ത്, പ്രാർഥന എന്നിവയിൽ മുഴുകൽ, തസ്ബീഹ് നിസ്‌കാരം നിർവഹിക്കൽ, മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യൽ തുടങ്ങി ഏത് നല്ല കാര്യവും അന്ന് അനുഷ്ഠിക്കാം. എന്നാൽ, ലൈലത്തുൽ ഖദ്റിലെ സുന്നത്ത് നിസ്‌കാരത്തിന് കൂടുതൽ മഹത്വമുണ്ട്. ഒരിക്കൽ ആഇശാ ബീവി, നബി തങ്ങളോട് തന്നെ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ലൈലത്തുൽ ഖദ്ർ ഏത് രാത്രിയാണെന്ന് എനിക്ക് മനസ്സിലായാൽ അന്ന് ഞാൻ എന്താണ് ചൊല്ലേണ്ടത്?'‘അല്ലാഹുവേ, നീ കൂടുതൽ മാപ്പ് നൽകുന്നവനാണ്. എനിക്ക് നീ മാപ്പ് നൽകേണമേ’ എന്ന അർഥം വരുന്ന പ്രാർഥന ചൊല്ലാനാണ് നബി ആഇശാ ബീവിയോട് നിർദേശിച്ചത്. ഉത്തരം ലഭിക്കുന്ന രാവായതിനാൽ അന്ന് പ്രാർഥനകൾ വർധിപ്പിക്കുന്നത് ശ്രേഷ്ഠമാണ്.