ധനയോഗം, പ്രശസ്തി, അപ്രതീക്ഷിത ഭാഗ്യം 5 നാളുകാർക്ക്; സമ്പൂർണ മാസഫലം ഒറ്റനോട്ടത്തിൽ
Mail This Article
അശ്വതി: സ്വന്തം പ്രവൃത്തികൾ മൂലം ഏറ്റവും അടുത്ത ബന്ധുജനങ്ങൾ അകന്നു പോകുവാനിടയുണ്ട്. ആകുല ചിന്തകൾ മനസ്സ് അസ്വസ്ഥമാക്കും. ആവശ്യമില്ലാത്ത എടുത്തു ചാട്ടം ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. തങ്ങൾക്കറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാൻ പോകരുത്.
ഭരണി: സ്വജനങ്ങളുടെ നീരസമായ പ്രവൃത്തിമൂലം മനോവിഷമം ഉണ്ടാകുന്നതാണ്. കർമരംഗത്ത് കൂടുതൽ പരീക്ഷണങ്ങളെ നേരിടേണ്ടതായി വരും. അന്യസ്ത്രീകളുമായുള്ള ബന്ധം വ്യക്തിത്വത്തിന് കോട്ടം സംഭവിക്കും. എല്ലാ കാര്യത്തിനും അതീവജാഗ്രത വേണം. ആഭരണങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ശത്രുക്കളെ കരുതിയിരിക്കുക.
കാർത്തിക: മുൻകടങ്ങൾ കൊടുത്തു തീർക്കുന്നതാണ്. അലസത വെടിയണം. ആക്ഷേപങ്ങളും അപവാദങ്ങളും കേൾക്കാനിടയുണ്ട്. എങ്കിലും അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് കുറവ് ഉണ്ടാകുന്നതാണ്. കടുംപിടുത്തം കൊണ്ട് ദോഷങ്ങൾ വിളിച്ചു വരുത്തരുത്. ക്രയവിക്രയങ്ങൾ ആലോചിച്ചു മാത്രമെ ചെയ്യാവു.
രോഹിണി: ആത്മവിശ്വാസം വർധിക്കും. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്നും ധനസഹായം ഉണ്ടാകുന്നതാണ്. മനസ്സിനെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. മുടങ്ങി കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചു തുടങ്ങും. പുതിയ സുഹൃദ് ബന്ധങ്ങൾ സ്ഥാപിക്കുവാനിടയുണ്ട്.
മകയിരം: വിനയം, ക്ഷമ, ആദരവ് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ വേണം. സ്നേഹം നടിച്ച് അടുത്ത് കൂടുന്നവരെ ശ്രദ്ധിക്കണം. സാമ്പത്തിക ബാധ്യത വരുന്ന പ്രവർത്തനങ്ങളിൽ നിന്നും പിൻതിരിയണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണത അപകടങ്ങൾക്ക് വഴിയൊരുക്കും. ധനപരമായ ഇടപാടുകൾ സൂക്ഷിച്ചു ചെയ്തില്ലെങ്കിൽ ദു:ഖിക്കേണ്ടി വരും.
തിരുവാതിര: മുൻകോപം നിയന്ത്രിക്കണം. ആലോചന കൂടാതെയുള്ള പ്രവൃത്തികൾ അപവാദത്തിനിടവരുത്തും. യാത്രാവേളയിൽ ധനനഷ്ടം വരാതെ സൂക്ഷിക്കണം. സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്. അഹങ്കാരം വെടിയണം. അഹങ്കാരം വൻ ആപത്ത് വരുത്തി വയ്ക്കും. പ്രവൃത്തിക്കൊത്ത അംഗീകാരം ലഭിക്കുകയില്ല. നന്നായി ഈശ്വരപ്രാർഥന ചെയ്യുക.
പുണർതം: വരവും ചെലവും പൊരുത്തപ്പെട്ടു പോകുവാൻ വളരെ പ്രയാസപ്പെടും. പ്രതികാര ബുദ്ധി ഉപേക്ഷിക്കുന്നത് നന്നായിരിക്കും. വിമർശനങ്ങളോ ശാസനകളോ കേൾക്കേണ്ടതായി വരുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. മേലുദ്യോഗസ്ഥരുടെ പ്രീതി നേടിയെടുക്കാൻ ശ്രമിക്കണം. എല്ലാത്തിനെയും മന:സംയമനം കൊണ്ട് നേരിടും.
പൂയം: മനസ്സും ശരീരവും അസ്വസ്ഥമാകുന്നതാണ്. യാത്രാവേളകൾ കൂടുതൽ കരുതലോടെയാവണം. ആരേയും അമിതമായി വിശ്വസിക്കരുത്. പണമിടപാടുകളിൽ വാഗ്ദാനം നിറവേറ്റാൻ കഴിയാതെ വരും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണം. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം.
ആയില്യം: അപവാദങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. ചെലവുകൾ അധികരിക്കും. മുൻകോപം മൂലം പല അനർഥങ്ങൾക്കും ഇടവരുന്നതാണ്. പ്രവർത്തന വിജയത്തിന് നല്ല അത്യധ്വാനം വേണ്ടി വരും. സത്യസന്ധമായ പ്രവൃത്തികൾ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരും. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപ്പെട്ട് ശത്രുത സമ്പാദിക്കരുത്.
മകം: കുടുംബത്തിൽ ഉണ്ടായിരുന്ന അപസ്വരങ്ങൾ മാറിക്കിട്ടും. വീട് പണിയുന്നതിനുള്ള യോഗം കാണുന്നു. സന്താനങ്ങൾ മൂലം ഖ്യാതി നേടും. ഈശ്വരാനുഗ്രഹം കൂടും. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളിലും ഉയർച്ച കാണുന്നു. വരുമാനത്തിൽ വർധനവ് ഉണ്ടാകും. ആത്മവിശ്വാസവും ഉത്സാഹവും വർധിക്കും.
പൂരം: ബുദ്ധിപരമായ കഴിവുകൊണ്ട് പല നേട്ടങ്ങളും ഉണ്ടാകുന്നതാണ്. സന്താനങ്ങൾക്ക് വിദ്യാഭ്യാസത്തിൽ ഉയർച്ച, കുടുംബത്തിൽ സന്തോഷം എന്നിവ അനുഭവപ്പെടും. ജീവിതത്തിൽ പൊതുവെ എല്ലാ കാര്യങ്ങളിലും ഉയർച്ച ഉണ്ടാകും. പല വിഷമപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം ഉണ്ടാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
ഉത്രം: സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയും. ജീവിത പങ്കാളിയുടെ നിർദേശങ്ങൾ അംഗീകരിക്കും. ക്ഷിപ്രകോപം പല അനിഷ്ടങ്ങൾക്കും വഴിയൊരുക്കും. വരുമാനം കൂടുമെങ്കിലും ചെലവ് അധികരിക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടു കൂടി ചെയ്യുന്ന എല്ലാ കാര്യങ്ങളും ശുഭകരമായിരിക്കും.
അത്തം: അലസത മൂലം ചെയ്തു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം സംഭവിക്കും. കൂട്ടു ബിസിനസിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഉദാസീനത ഒഴിവാക്കിയില്ലെങ്കിൽ അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകുവാനിടയുണ്ട്. ബന്ധുജനങ്ങളുടെ പെരുമാറ്റം മനസ്സ് അസ്വസ്ഥമാക്കും. പരുഷമായ സംഭാക്ഷണങ്ങൾ മൂലം ഉത്തമ സുഹൃത്തുക്കളിൽ പലരേയും നഷ്ടപ്പെടും.
ചിത്തിര: ആരേയും അന്ധമായി വിശ്വസിക്കരുത്. ഊഹകച്ചവടം നഷ്ടത്തിൽ കലാശിക്കും. തുടങ്ങിവെച്ച കാര്യങ്ങൾ പൂർത്തികരിക്കുവാൻ ഏറെ പരിശ്രമിക്കേണ്ടി വരും. വാഹനയാത്ര കഴിയുന്നതും ഒഴിവാക്കുക. അക്ഷീണ ശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാകും. ഔദ്യോഗിക രംഗത്ത് വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരും.
ചോതി: സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് പല വിട്ടുവീഴ്ചകളും വേണ്ടി വരും. സ്വാർഥ താല്‍പര്യങ്ങൾക്കു വേണ്ടി ഉറ്റമിത്രങ്ങളെപ്പോലും തള്ളി പറയും. ഉദരരോഗം അലട്ടും. ആരോപണ വിധേയനാകുവാൻ ഇടയുണ്ട്. സ്വന്തം സഹോദരങ്ങളുടെ എതിർപ്പുകളെ നേരിടേണ്ടതായി വരും. ആരോഗ്യ ശ്രദ്ധ വേണം. ശത്രുക്കളെ കരുതിയിരിക്കുക.
വിശാഖം: ആത്മാർഥതയെ ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നൽ പലപ്പോഴും ഉണ്ടാകും. വഞ്ചിതരാകാൻ ഇടയുള്ളത് കൊണ്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധ ഉണ്ടാവണം. വെട്ടിത്തുറന്നുള്ള സംസാരങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും. സന്താനങ്ങളുടെ പ്രവൃത്തികൾ മനോദുഃഖത്തിനിടവരുത്തും. ഈശ്വര ചിന്ത കൈവെടിയരുത്.
അനിഴം: സാമ്പത്തിക കടബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിൻതിരിയണം. തന്റേതല്ലാത്ത കാരണങ്ങളാൽ മറ്റുള്ളവരിൽ നിന്നുള്ള എതിർപ്പുകൾ നേരിടേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകും. വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ വിട്ടുവീഴ്ചകൾ ചെയ്യണം. ആരോഗ്യശ്രദ്ധ വേണം. ഈശ്വരാനുഗ്രഹം ഉള്ളതിനാൽ ബുദ്ധിമുട്ടുകളെ തരണം ചെയ്യും.
തൃക്കേട്ട: സഹപ്രവർത്തകരുമായി അകൽച്ച വരാതെ നോക്കണം. അഗ്നിഭയം ഉണ്ടാകുവാനിടയുണ്ട്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വിശ്വസ്തരുമായി ആലോചിക്കേണ്ടതാണ്. കാര്യക്ഷമമായി പ്രശ്നങ്ങളെ നേരിടുകയും അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുകയും വേണം. പിതാവിന് മനോദുഃഖമുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യരുത്.
മൂലം: തൊഴിൽരംഗത്ത് വൻ നേട്ടം കാണുന്നു. ശത്രുദോഷം കുറയും. തീരുമാനങ്ങളിൽ ഔചിത്വം കാണിക്കും. വസ്തുവകകൾ വാങ്ങുവാനുള്ള ഭാഗ്യം കാണുന്നു. മറ്റുള്ളവരുടെ എതിർപ്പിനെ അതിജീവിക്കുന്നതാണ്. പൂർവിക സ്വത്തുക്കൾ കൈവശം വന്നു ചേരും. സന്താന ഭാഗ്യവും സന്താനങ്ങൾക്ക് മേൻമയുള്ള തൊഴിൽ ലഭിക്കുവാനും ഇടയുണ്ട്. രോഗങ്ങളിൽ നിന്നും മുക്തി ഉണ്ടാകും.
പൂരാടം: സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബ ബന്ധങ്ങളിലെ അകൽച്ച മാറിക്കിട്ടും. കടബാധ്യതകളിൽ നിന്നും മോചനം ഉണ്ടാകും. കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാവുന്നതാണ്. ദാനധർമങ്ങൾ ചെയ്യും. ആത്മവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും. ഭാര്യഭർതൃ ബന്ധം കൂടുതൽ ദൃഢമാകും.
ഉത്രാടം: ഈശ്വരാനുഗ്രഹം കൂടുതലായി ലഭിക്കും. വാഹന ലാഭം ഉണ്ടാകുന്നതാണ്. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന താളപ്പിഴകൾ മാറിക്കിട്ടുന്നതാണ്. പ്രതീക്ഷയോടെ കാത്തിരുന്ന ധനം തക്ക സമയത്ത് ലഭിക്കും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുവാനിടയുണ്ട്.
തിരുവോണം: ആരോപണങ്ങളിൽ നിന്നും കരകയറും. പ്രവർത്തനമേഖലകളിൽ ഉണർവുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ സൗഭാഗ്യങ്ങൾ തിരികെ വരും. ശത്രുതാമനോഭാവം ഉള്ളവർ മിത്രങ്ങളായി മാറും. വിദ്യാഭ്യാസ കാര്യങ്ങളിൽ അഭിവൃദ്ധി ഉണ്ടാകും. ഗുരുസ്ഥാനീയരെ ആദരിക്കും.
അവിട്ടം: അനാവശ്യ വാഗ്ദാനങ്ങൾ നൽകരുത്. പ്രയത്നങ്ങൾക്ക് അന്തിമ നിമിഷത്തിൽ ഫലം ഉണ്ടാകുന്നതാണ്. ബാധ്യത വരുന്ന കാര്യങ്ങളിൽ നിന്നും തന്ത്രപൂർവം മാറി നിൽക്കുന്നതാണ്. അപവാദങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ ശ്രദ്ധ വേണം. അറിവുള്ളവരുടെ ഉപദേശങ്ങൾ തള്ളിക്കളയരുത്.
ചതയം: കുടുംബത്തിൽ ചില അപസ്വരങ്ങളുണ്ടാകുവാനിടയുണ്ട്. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കുവാൻ നന്നെ പ്രയാസപ്പെടും. ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടുകയില്ല. അസുഖങ്ങളെ അവഗണിക്കരുത്
പൂരൂരുട്ടാതി: സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടി ചെയ്യുന്ന പ്രവൃത്തികൾ ഉദ്ദേശിച്ച ഫലം കാണുകയില്ല. അനാവശ്യ തർക്കങ്ങളിൽ ഇടപെട്ട് ധനനഷ്ടം വരാതെ നോക്കണം. ജീവിത പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസം ഒഴിവാക്കിയാൽ നല്ലത്. മുൻകോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും. അനാവശ്യ അഭിപ്രായ സംഘട്ടനങ്ങൾ ഗൃഹാന്തരീക്ഷം ദോഷമാക്കും.
ഉത്തൃട്ടാതി: അനാവശ്യ ചിന്തകൾ ഉണ്ടാകും. അന്യസ്ത്രീകളോട് അടുപ്പം കുറയ്ക്കേണ്ടതാണ്. അനർഹരെ ഒഴിവാക്കിയില്ലെങ്കിൽ കർമരംഗത്ത് തിരിച്ചടി നേരിടും. രോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. പല രംഗങ്ങളിലും എടുത്തു ചാടുവാനുള്ള പ്രവണത ഉണ്ടാകും. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടരുത്.
രേവതി: സാമ്പത്തിക ഇടപാടുകൾ കരുതലോടു കൂടി ചെയ്യണം. പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. സഹപ്രവർത്തകരുമായി അകലുവാനിടയുണ്ട്. സ്ഥലം സ്വന്തമാക്കുന്നതിന് കാലതാമസം വരും. മറ്റുള്ളവരുടെ സാമ്പത്തിക സാധ്യതകൾ ഏറ്റെടുക്കരുത്. വന്നു ചേരുന്ന അവസരങ്ങൾ വേണ്ട വിധം ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും.
ലേഖിക
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com