കാർഷിക ഉൽപന്നങ്ങൾ വാങ്ങാം ഇനി ‘അങ്ങാടി’ ആപ്പിലൂടെ; ആദ്യമെത്തുന്നത് 100 ഉൽപന്നങ്ങൾ

Mail This Article
തിരുവനന്തപുരം ∙ ബാങ്കിൽനിന്ന് ‘അങ്ങാടി’യിലേക്ക് ഇറങ്ങുകയാണ് സഹകരണ വകുപ്പ്. സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങളും മറ്റും ഏകീകൃത ബ്രാൻഡിൽ വിൽപനയ്ക്ക് എത്തിക്കുന്നതിനായി സഹകരണ വകുപ്പ് ‘അങ്ങാടി’ മൊബൈൽ ആപ് ഇറക്കും. സഹകരണ സ്ഥാപനങ്ങളുടെ 100 ഉൽപന്നങ്ങളാണ് ഇപ്പോൾ ബ്രാൻഡിൽ പുറത്തിറക്കുന്നത്. കാർഷിക ഉൽപന്നങ്ങളാണ് കൂടുതലും. വിദേശ രാജ്യങ്ങളിലേക്ക് ഇപ്പോൾ കയറ്റിയയ്ക്കുന്നുണ്ടെങ്കിലും വിപണിയിൽ സജീവമായിട്ടില്ല.

സഹകരണ ഉൽപന്നങ്ങൾ ദേശീയ, രാജ്യാന്തര വിപണിയിലേക്കും എത്തിക്കുന്നതിനാണ് ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുന്നത്. അങ്ങാടി എന്ന മൊബൈൽ ആപ്പ് വഴി ഓൺലൈനിൽ പണമടച്ച് ബുക്ക് ചെയ്യാനാകും. കേരളത്തിൽ എവിടെയൊക്കെയാണ് ഔട്‌ലെറ്റുകൾ എന്നറിയാനും ആപ്പിലൂടെ സാധിക്കും. കൂടുതൽ ഔട്‌ലെറ്റുകളും പരിശോധനാ ലാബുകളും സ്ഥാപിക്കുന്നുണ്ട്. ബ്രാൻഡിന് എല്ലാ ഗുണനിലവാര സർട്ടിഫിക്കറ്റുകളും ലഭ്യമാക്കിയാണ് പുറത്തിറക്കുന്നത്. ഇതിനായി ഭക്ഷ്യസുരക്ഷാവകുപ്പ് ലീഗൽ മെട്രോളജി, സെയിൽ ടാക്സ് കമ്മിഷണർ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് പ്രതിനിധി എന്നിവരെയും 2 വിദഗ്ധരെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചെന്നും ആപ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും സഹകരണ റജിസ്ട്രാർ ഡോ.ഡി.സജിത്ബാബു പറഞ്ഞു.

സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും സാമ്പത്തിക സ്ഥിതി ആർക്കകും പരിശോധിക്കാവുന്ന തരത്തിൽ കാമിസ് വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കാനും തീരുമാനമായി. സഹകരണ സംഘങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ലഭിക്കുന്ന രീതിയിൽ മികച്ച പ്രോജക്ടുകൾ തയാറാക്കുന്നതിന് പ്രോജക്ട് ക്രഷ് വിഭാഗത്തിൽ എംബിഎ ബിരുദധാരികളെ നിയമിക്കാനും തീരുമാനിച്ചു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business