കിട്ടാക്കടം കുറഞ്ഞു; ബാങ്കുകൾ ശക്തമെന്ന് സാമ്പത്തിക സർവേ, റിയൽ എസ്റ്റേറ്റും ടൂറിസവും ഉഷാർ

Mail This Article
ഇന്ത്യയിൽ വാണിജ്യ ബാങ്കുകളുടെ ആസ്തിനിലവാരം കിട്ടാക്കടം കുറഞ്ഞ് മെച്ചപ്പെട്ടെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 2024 സെപ്റ്റംബർ പ്രകാരം 12 വർഷത്തെ താഴ്ചയായ 2.6 ശതമാനത്തിലെത്തി. നികുതിക്കു ശേഷമുള്ള ലാഭം 2024-25ന്റെ ആദ്യ പകുതിയിൽ 22.2% ഉയർന്നു. ബാങ്കുകളുടെ മൂലധന പര്യാപതതാ അനുപാതം (ക്രെഡിറ്റ്-ടു-റിക്സ്-വെയിറ്റഡ് അസറ്റ് റേഷ്യോ/സിആർഎആർ) മെച്ചപ്പെട്ടതും നേട്ടമാണ്.
ജിഡിപിയും വായ്പകളും തമ്മിലെ അന്തരം 2022-23 ജൂൺപാദത്തിൽ മൈനസ് 10.3% ആയിരുന്നത് നടപ്പുവർഷം ആദ്യപാദത്തിൽ മൈനസ് 0.3 ശതമാനമായി. ബാങ്കുകളിൽ നിക്ഷേപവും ഉയരുന്നു. കാർഷികം, വ്യവസായം, വ്യക്തിഗതം, എംഎസ്എംഇ, വലിയ കമ്പനികൾ തുടങ്ങിയവയ്ക്കുള്ള വായ്പാ വിതരണവും മെച്ചപ്പെട്ടു. ഗ്രാമീൺ ബാങ്കുകളുടെ (ആർആർബി) സംയോജിത ലാഭം 2022-23ലെ 4,974 കോടി രൂപയിൽ നിന്ന് 2023-24ൽ 7,571 കോടി രൂപയിലെത്തി. സിആർഎആർ 13.4ൽ നിന്ന് 14.2 ശതമാനമായി. ക്രെഡിറ്റ്-ടു-ഡെപ്പോസിറ്റ് റേഷ്യോ 67.5ൽ നിന്നുയർന്ന് 71.2 ശതമാനവുമായി.
അടിസ്ഥാന സൗകര്യവും നേട്ടങ്ങളും
2047ഓടെ വികസിത ഭാരത് എന്ന ലക്ഷ്യമാണ് കേന്ദ്ര സർക്കാരിനുള്ളത്. ഈ ലക്ഷ്യം നേടാൻ അടിസ്ഥാനസൗകര്യ വികസനരംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതികൾ അനിവാര്യമാണെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. നിരവധി സുപ്രധാന മേഖലകളിൽ ഇപ്പോഴും സ്വകാര്യ കമ്പനികളുടെ സാന്നിധ്യമില്ലാത്തത് വളർച്ചയെയും മത്സരക്ഷമതയെയും ബാധിക്കുന്നുണ്ട്. ചരക്കുനീക്കം ശക്തമാക്കാനായി ഇതിനകം 234 പ്രദേശങ്ങളിൽ ഗതിശക്തി മൾട്ടി-മോഡൽ കാർഗോ ടെർമിനലുകൾ തുറന്നു. 3 റെയിൽവേ ഇടനാഴികളിലായി 11.17 ലക്ഷം കോടി രൂപ മതിക്കുന്ന 434 സാമ്പത്തിക ഇടനാഴികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
മറ്റ് മേഖലകളുടെ സുപ്രധാന നേട്ടങ്ങൾ
∙ രാജ്യത്ത് 118 കോടി ഫോൺ ഉപഭോക്താക്കൾ. ബ്രോഡ്ബാൻഡ് വരിക്കാർ 94.1 കോടി. ലോകത്ത് ഡേറ്റ നിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്ന്. പ്രതിമാസ ശരാശരി ഡേറ്റ ഉപയോഗം 2020-21ൽ 12.1 ജിബി ആയിരുന്നത് 2023-24ൽ 19.3 ജിബിയായി.
∙ രാജ്യത്ത് ഓഫിസ്, പാർപ്പിട റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് മികച്ച ഡിമാൻഡ്. മുൻനിര നഗരങ്ങളിലും ചെറുകിട നഗരങ്ങളിലും വളർച്ച. മെട്രോ, റോഡ് കണക്ടിവിറ്റികളുടെ വളർച്ച ചെറുകിട നഗരങ്ങളിലും ഡിമാൻഡ് ഉയർത്തുന്നു.
∙ ടൂറിസം മേഖലയുടെ പങ്ക് ജിഡിപിയിൽ 2022-23ൽ 5 ശതമാനമായി. ആ വർഷം മേഖല സൃഷ്ടിച്ചത് 7.6 കോടി പുതിയ തൊഴിലുകൾ.
∙ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ സേവന മേഖലയുടെ പങ്ക് 2013-14ലെ 50.6ൽ നിന്ന് 2024-25ൽ 55.3 ശതമാനത്തിലെത്തി. രാജ്യത്തെ മൊത്തം തൊഴിലിന്റെ 30% ഈ മേഖലയിൽ.
∙ സേവന കയറ്റുമതി വളർച്ച 2023-24ൽ 5.7%, നടപ്പുവർഷം ഏപ്രിൽ-നവംബറിൽ 12.8%.
∙ രാജ്യത്ത് പണപ്പെരുപ്പം 2023-24ൽ ശരാശരി 5.4% ആയിരുന്നത് നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ 4.9 ശതമാനമായി കുറഞ്ഞു. ആഗോളതലത്തിൽ ഉൽപന്ന (കമ്മോഡിറ്റി) വിലകൾ 2025ൽ കുറയുമെന്ന് ലോകബാങ്ക്. ഇതു ഇന്ത്യക്ക് പോസിറ്റിവെന്ന് സാമ്പത്തിക സർവേ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business