ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ‘പാസ്’ മാർക്കിട്ട് സാമ്പത്തിക സർവേ; ഓഹരി വിപണി ഉഷാർ, കരുത്തായി യുവാക്കൾ

Mail This Article
പ്രതിസന്ധികളുടെ ട്രാക്കിൽ നിന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ കരകയറുന്നതായി വ്യക്തമാക്കിയും ആഗോള വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരക്ഷമത ശക്തമാക്കാൻ ബിസിനസ് സംരംഭങ്ങളുടെമേലുള്ള കടുംപിടിത്തം ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പട്ട് സാമ്പത്തിക സർവേ റിപ്പോർട്ട്.
നടപ്പുവർഷം 6.4 ശതമാനവും അടുത്തവർഷം 6.3 മുതൽ 6.8 ശതമാനവും ജിഡിപി വളർച്ച നേടുമെന്ന് അനുമാനിക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ട്, രാജ്യത്ത് ബാങ്കിങ് മേഖലയുടെ ആസ്തി നിലവാരം മെച്ചപ്പെട്ടതും അടിസ്ഥാന സൗകര്യ വികസനം, കാർഷികം, സേവനം തുടങ്ങിയ മേഖലകളിലെ നേട്ടവും എടുത്തുകാട്ടുന്നു.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും കുറഞ്ഞു. നിക്ഷേപ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടു. ഓഹരി വിപണിയിൽ നിക്ഷേപകരുടെ എണ്ണം വർധിച്ചു. ടൂറിസം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ കോവിഡ്കാല തളർച്ചയിൽ നിന്ന് കരകയറി. കേന്ദ്രസർക്കാരിന്റെ മൂലധനച്ചെലവിലുണ്ടായ വളർച്ച അടിസ്ഥാന സൗകര്യമേഖലയ്ക്ക് വലിയ കരുത്തായെന്നും റിപ്പോർട്ട് പറയുന്നു. അടുത്തവർഷത്തോടെ മറ്റു മേഖലകളും ഉണർവ് വീണ്ടെടുക്കും. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള വൈദേശിക വെല്ലുവിളികളാണ് വലയ്ക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഓഹരി വിപണി ഉഷാർ, ഇന്ത്യ ശ്രദ്ധാകേന്ദ്രം
കേവലം സേവിങ്സ് എന്നതിനപ്പുറം ഇന്ത്യക്കാർ സമ്പത്ത് സൃഷ്ടിക്കൽ (വെൽത്ത് ക്രിയേഷൻ) എന്നതിലേക്ക് മാറിയത് ഓഹരി വിപണിക്ക് വലിയ നേട്ടമാണെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. സാമ്പത്തിക മേഖലകളുടെ ഉണർവ്, കോർപറേറ്റ് കമ്പനികളുടെ മികച്ച പ്രവർത്തനഫലം എന്നിവ വിപണിയിലേക്കുള്ള പണമൊഴുക്ക് ഉയർത്തി. മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി) വഴിയുള്ള നിക്ഷേപം ഉയർന്നു.

ഡിജിറ്റൈസേഷൻ, സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ലൂഷൻ) എന്നിവയും കരുത്തായി. ആഗോള പ്രാരംഭ ഓഹരി വിൽപന (ഐപിഒ) രംഗത്ത് ഇന്ത്യയുടെ വിഹിതം 2023ൽ 17 ശതമാനമായിരുന്നത് 2024ൽ 30 ശതമാനമായാണ് ഉയർന്നത്. ഈ രംഗത്ത് ഇന്ത്യ ശ്രദ്ധേയശക്തിയാണെന്ന് ഇതു വ്യക്തമാക്കുന്നു. ഓഹരി, കടപ്പത്ര പ്രാരംഭ വിപണികൾ 2024 ഏപ്രിൽ-ഡിസംബറിൽ സമാഹരിച്ചത് 11.1 ലക്ഷം കോടി രൂപയാണ്. 2023-24ലെ മൊത്തം സമാഹരണത്തേക്കാൾ 5% അധികമാണിത്.
30ന് താഴെ പ്രായമുള്ളവരാണ് ഓഹരി വിപണിയിൽ ഇപ്പോൾ നിർണായകശക്തി. 2018ൽ ഇവർ 23% പേരായിരുന്നെങ്കിൽ 2024 സെപ്റ്റംബർ പ്രകാരം 40 ശതമാനമായി. സെബിയുടെ കണക്കുപ്രകാരം 2019-20ൽ ആകെ ഓഹരി നിക്ഷേപകർ 4.9 കോടിയായിരുന്നു. 2024 ഡിസംബറിലെ കണക്കുപ്രകാരം നിക്ഷേപകർ 13.2 കോടിയാണ്. ബിഎസ്ഇയുടെ മൊത്തം വിപണിമൂല്യവും ജിഡിപിയും തമ്മിലെ അനുപാതം 2024 പ്രകാരം 136 ശതമാനമാണ്. കഴിഞ്ഞ 10 വർഷമായി ഇതു കൂടുന്നു.
സംരംഭകെ വെറുതേ വിടൂ
രാജ്യത്ത് സാമ്പത്തിക വളർച്ച, ഇന്നൊവേഷൻ, രാജ്യാന്തര തലത്തിലെ മത്സരക്ഷമത എന്നിവ ഉറപ്പാക്കാൻ ബിസിനസ് സംരംഭങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾ കുറയ്ക്കാൻ സർക്കാർ തയാറാകണമെന്ന് സാമ്പത്തിക സർവേ. നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സർവേ റിപ്പോർട്ട്-2025 ആണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ അതേപടി നടപ്പാക്കണമെന്ന് നിർബന്ധമില്ല.
വ്യവസായ മേഖലയ്ക്കുള്ള കടുത്ത ചട്ടങ്ങൾ ലഘൂകരിക്കണം, എംഎസ്എംഇകൾക്ക് ശക്തമായ പിന്തുണ നൽകണം, ഗവേഷണവും വികസനവും (ആർ ആൻഡ് ഡി) പ്രോത്സാഹിപ്പിക്കണം എന്നും റിപ്പോർട്ടിലുണ്ട്. ചട്ടങ്ങളുടെ ലംഘൂകരണം വഴി മാത്രമേ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ സാധ്യമാകൂ. ഇതുവഴി തൊഴിലവസരങ്ങളും ഉയർത്താനാകുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരൻ പറഞ്ഞു.
നിലവിൽ കടുത്ത ഇറക്കുമതി നിയന്ത്രണങ്ങൾ അഭിമുഖീകരിക്കുന്ന മേഖലകളുടെ സംയോജിത മൂല്യം 2014-15ൽ 170 ബില്യൻ ഡോളർ മാത്രമായിരുന്നത് ഇപ്പോൾ 1.3 ട്രില്യൻ ഡോളറാണ്. മത്സരക്ഷമതയുടെ കണ്ണിലൂടെയാണ് ഇറക്കുമതി, കയറ്റുമതി, നിക്ഷേപ മേഖലകളെ നോക്കിക്കാണുന്നത് എന്നിരിക്കേ, സർക്കാർ ഇക്കാര്യത്തിൽ ജാഗ്രതയോടെ ഇടപെടണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business