ADVERTISEMENT

ധനമന്ത്രി യൂണിയൻ ബജറ്റ് 2025ൽ കൊണ്ടു വന്ന മാറ്റങ്ങൾമൂലം പുതിയ നികുതി റെജീം  തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് 12 ലക്ഷം വരെയും ശമ്പളവരുമാനക്കാർക്ക് 12.75 ലക്ഷം വരെയും നികുതി നൽകേണ്ടതില്ല. ഈ മാറ്റം നികുതിദായകർക്ക് ഗണ്യമായ ആശ്വാസം നൽകുന്നുണ്ടെങ്കിലും എല്ലാത്തരം വരുമാനത്തിനും ഈ ഒരു ആനുകൂല്യം ലഭിക്കില്ലെന്നതു മറക്കരുത്. 

പ്രത്യേകിച്ച്, വ്യത്യസ്തമായ നികുതിനിരക്കുകൾ  ബാധകമായ മൂലധന ലാഭങ്ങൾക്ക്. അതായത് ഇത്തരം വരുമാനമുണ്ടെങ്കിൽ നിങ്ങളുടെ മൊത്തം വരുമാനം 12 ലക്ഷത്തിൽ കുറവാണെങ്കിലും അപ്രതീക്ഷിതമായ നികുതിബാധ്യതകളുണ്ടാകാം. 

നിങ്ങൾക്ക് ഇത്തരം ലാഭമുണ്ടോ? 

മൂലധന ലാഭങ്ങൾ, ഭൂമി, വീട്, ഫ്ലാറ്റ്, ഓഹരികൾ, മ്യൂച്വൽഫണ്ട് തുടങ്ങിയ ആസ്തികൾ വിൽക്കുന്നതിൽ നിന്നുള്ള ലാഭം. ഇവിടെ നികുതി സാധാരണ വരുമാനങ്ങൾക്കുള്ള നികുതിപോലെയല്ല. ഇവ ഹ്രസ്വകാല മൂലധന ലാഭങ്ങളും (STCG) ദീർഘകാല മൂലധന ലാഭങ്ങളും (LTCG) ആയി തരംതിരിച്ചിരിക്കുന്നു. ഓരോന്നിനും അതിന്റേതായ നികുതി നിരക്കുകളും ഹോൾഡിങ് കാലയളവുമുണ്ട്.

(Representative image by Deepak Sethi / istock)
(Representative image by Deepak Sethi / istock)

ഹ്രസ്വകാല മൂലധന ലാഭങ്ങൾ (STCG): ഹ്രസ്വ കാലയളവിൽ (ഓഹരികൾ/മ്യൂച്വൽഫണ്ടുകൾക്ക് 12 മാസവും മറ്റ് ആസ്തികൾക്ക് 24 മാസവുമാണ് പരിധി) കൈവശംവച്ചിരിക്കുന്ന ആസ്തികളിലെ ലാഭങ്ങൾ ഹ്രസ്വകാല ലാഭമായി കണക്കാക്കും. സെക്യൂരിറ്റി ട്രാൻസാക്‌ഷൻ ടാക്സ് (STT) ബാധകമായ ലിസ്റ്റുചെയ്ത ഇക്വിറ്റി ഷെയറുകളിലും ഇക്വിറ്റി-ഓറിയന്റഡ് മ്യൂച്വൽഫണ്ടുകളിലും ഹ്രസ്വകാല മൂലധനലാഭത്തിന് 20% ആണ് നികുതിനിരക്ക്. മറ്റ് ആസ്തികൾക്ക്, STCG നിങ്ങളുടെ മൊത്തം വരുമാനത്തിൽ ചേർത്തു ബാധകമായ സ്ലാബ് ‌നിരക്കുകളനുസരിച്ചു നികുതി നൽകേണ്ടിവരും.

ദീർഘകാല മൂലധനലാഭങ്ങൾ (LTCG):

മേൽ വിവരിച്ച കാലയളവിൽ കൂടുതൽ കൈവശംവച്ചിരിക്കുന്ന ആസ്തികളിലെ ലാഭങ്ങൾ ദീർഘകാല ലാഭമായാണു കണക്കാക്കുന്നത്. ₨1.25 ലക്ഷത്തിൽ കൂടുതൽ ലാഭമുള്ള ഓഹരി, മ്യൂച്വൽഫണ്ട് എന്നിവയിൽ  ദീർഘകാലനേട്ടത്തിന് ഇൻഡക്സേഷൻ ആനുകൂല്യം ഇല്ലാതെ 12.50% നികുതി നൽകണം (സാമ്പത്തികവർഷം 1.25 ലക്ഷം രൂപ ഇതിൽനിന്ന് ഒഴിവാക്കാം). റിയൽ എസ്റ്റേറ്റ് അടക്കമുള്ള ആസ്തികൾക്ക്, ഇൻഡക്സേഷൻ ആനുകൂല്യങ്ങളോടെ 20% ആണ് നികുതി. ഇൻഡക്സേഷൻ ഇല്ലാതെ 12.50% നികുതി ഈടാക്കുന്നു. ഒരു ഉദാഹരണം നോക്കാം:

മൊത്തം വരുമാനം: 12 ലക്ഷം. അതിൽ സ്വത്തു വിൽപനയിൽനിന്നുള്ള മൂലധന ലാഭം: 4 ലക്ഷം. മറ്റു വരുമാനം (ശമ്പളം, പലിശ മുതലായവ): 8 ലക്ഷം  

ഇവിടെ  മൊത്തം വരുമാനം 12 ലക്ഷമാണെങ്കിലും, ഇതിൽ 4 ലക്ഷം സ്വത്തുവിൽപനയുടെ ദീർഘകാല ലാഭമാണ്. ഇവിടെ ഇൻഡക്സേഷൻ അടക്കം 20% നികുതി നൽകണം.

share-market

മൂലധന ലാഭത്തിന് 80,000 (4 ലക്ഷത്തിന്റെ 20%) നികുതിബാധ്യതയുണ്ടാകും. ബാക്കിയുള്ള 8 ലക്ഷം സാധാരണ വരുമാനം ആകയാൽ  പുതിയ സ്ലാബുകളനുസരിച്ചു നികുതിമുക്തമാണ്. തൽഫലമായി, മൊത്തം വരുമാനം 12 ലക്ഷമാണെങ്കിലും, മൂലധനലാഭം കാരണം നികുതി ബാധ്യതയുണ്ടാകും.

ഓഹരിയിലെ മൂലധന ലാഭങ്ങൾ 

കോവിഡിനുശേഷം ഒരുപാട് ആളുകൾ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നുണ്ട്. പ്രത്യേകിച്ച് 30 വയസ്സിനു താഴെയുള്ളവർക്ക് ശമ്പളവരുമാനത്തിനു പുറമേ ഓഹരിയിലെ ലാഭവും വരുമാനമായുണ്ടാകാം. ഇവിടെ മൊത്തം വരുമാനം 12 ലക്ഷത്തിനു താഴെയാണെങ്കിലും ആദായനികുതി റിട്ടേൺ ഫയൽചെയ്യുമ്പോൾ ഇവയ്ക്കു തീർച്ചയായും നികുതിയടയ്ക്കേണ്ടതുണ്ട്. 

ഉദാഹരണത്തിന്, ഓഹരിനിക്ഷേപങ്ങളിൽനിന്ന് 2 ലക്ഷം രൂപ ദീർഘകാല നേട്ടമുണ്ടെന്നിരിക്കട്ടെ.  1.25 ലക്ഷം രൂപവരെയുള്ള ലാഭം കിഴിച്ച് 75,000നു 12.50% നികുതി (9,375) അടയ്ക്കേണ്ടിവരും.  ഇവിടെ വിവരിച്ചപോലെ മൂലധനനേട്ടത്തിനു നികുതിയടയ്ക്കേണ്ടിവരും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്ന സമയത്ത് വലിയ നികുതി ബാധ്യത നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും!

ലേഖകൻ ചാർട്ടേഡ് അക്കൗണ്ടന്റാണ്

മാർച്ച് ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്

English Summary:

Even with an income below ₹12 lakhs, you might still owe taxes! Learn about capital gains tax implications in India's new tax regime. Understand how STCG & LTCG affect your tax liability and avoid unexpected tax surprises.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com