സ്വർണവും കടപ്പത്രവും വഴി ഓഹരി ഇടിവിനെ മറികടക്കാനൊരു മാർഗമിതാ

Mail This Article
ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദങ്ങളിലെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കുന്നതായിരുന്നു വിപണിയിലെ തിരുത്തൽ. കഴിഞ്ഞ അഞ്ചു മാസത്തിനിടെ സൂചികകൾ 16-25%വരെ ഇടിഞ്ഞിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിൽപന മുതൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരീഫ് നയങ്ങൾവരെ ഇടിവിനു കാരണമായി. അതായത് കഴിഞ്ഞ ഒരു വർഷമായി നിഫ്റ്റിക്കു കാര്യമായ നേട്ടമില്ല.
അതേസമയം, ഒരു വർഷത്തിനിടെ ഗിൽറ്റുകൾ (CRISIL10-year Gilt Index) 8.9% റിട്ടേൺ നൽകി. സ്വർണവിലയിൽ 31% വർധനവുണ്ടായി. ഓഹരിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആസ്തികൾ വിപരീത ദിശയിലാണു നീങ്ങുന്നതെന്നു മനസ്സിലാക്കാം. അതുകൊണ്ടു ദീർഘകാലാടി സ്ഥാനത്തിൽ റിസ്ക് കുറച്ച്, പരമാവധി നേട്ടമുണ്ടാക്കാൻ നിക്ഷേപകർ പോർട്ട്ഫോളിയോയിൽ ഈ ആസ്തികളും ഉൾപ്പെടുത്തുക എന്നതു പ്രധാനമാണ്.
കയറ്റിറക്കങ്ങള്‍
നേട്ടമുണ്ടാക്കുന്ന ആസ്തികൾ സാഹചര്യങ്ങൾക്കനുസരിച്ചു മാറും. അതനുസരിച്ച് ഓരോ ആസ്തിയിലും നിക്ഷേപിക്കുന്നതും പുറത്തുകടക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് അസ്ഥിരമായ വിപണിസാഹചര്യത്തില്‍. ദീർഘകാലത്തിൽ വലിയ നേട്ടം ലഭിക്കാൻ ഓഹരി നിക്ഷേപം അനിവാര്യമാണ്. ഏതൊരു പോർട്ട്‌ഫോളിയോയിലും മികച്ച വളർച്ച ഉറപ്പാക്കുന്നതും ഓഹരിതന്നെ. ഇതിനിടയിൽ തിരുത്തലുകളുണ്ടാകാം. കോവിഡ്‌കാലം ഒരു ഉദാഹരണം. ശേഷം വിപണി തിരിച്ചുവരുകയും ചെയ്യും. അതേസമയം ഡെറ്റ് അല്ലെങ്കിൽ ഫിക്സഡ് ഇൻകം നിക്ഷേപങ്ങൾ കുറഞ്ഞ റിസ്കിൽ സ്ഥിരമായ നേട്ടം ഉറപ്പാക്കി പോർട്ട്ഫോളിയോയ്ക്കു സ്ഥിരത നൽകുന്നു. ഉദാഹരണത്തിന് 2015-2025ലെ CRISIL കോമ്പോസിറ്റ് ബോണ്ട് സൂചികയുടെ 5 വർഷത്തെ റോളിങ് റിട്ടേണുകൾ 8.2% ആണ്. പണപ്പെരുപ്പത്തിനെതിരെ സംരക്ഷണം നൽകാനുള്ള മാർഗമാണ് സ്വർണം. ചില സാഹചര്യങ്ങളിൽ ശക്തമായ നേട്ടം നൽകാന്‍ സ്വർണത്തിനും കഴിയും. സാമ്പത്തിക സാഹചര്യം ദുർബലമോ വെല്ലുവിളി നിറഞ്ഞതോ ആകുമ്പോൾ സ്വര്‍ണം സടകുടഞ്ഞെണീക്കും. കൂടാതെ, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ചയെ സ്വർണം ചെറുക്കും. സ്വർണത്തിനും അതിന്‍റേതായ സ്ഥിരത ആർജിക്കലും (1998-2005, 2012-2019) വലിയ വളർച്ചയും (2005-2012,2019-2025) ഓരോ കാലഘട്ടത്തിലും ഉണ്ടാകുന്നുണ്ട്. അതുപോലെ REIT (റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്) വഴി റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നതിലൂടെ ഡെറ്റ് നിക്ഷേപങ്ങൾക്കു സമാനമായ ആദായം നേടാം.
സ്മാർട്ട് അസെറ്റ് അലോക്കേഷൻ
ഇക്വിറ്റികൾ, ഫിക്സഡ് ഇൻകം ഇൻസ്ട്രമെന്‍റ്സ്, കമ്മോഡിറ്റി എന്നിവയുടെ വിലകൾ തമ്മിലുള്ള ആശ്രയത്വം കുറവാണ് അല്ലെങ്കിൽ എതിരായ ബന്ധമാണുള്ളത്. അതായത് ഒന്നിന്‍റെ വില ഉയരുമ്പോൾ മറ്റൊന്നിന്‍റേത് ഇടിയുകയായിരിക്കാം. ഇങ്ങനെ വ്യത്യസ്ത ദിശകളിൽ നീങ്ങുന്ന ആസ്തികളെ നിർദിഷ്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിശ്ചിത അനുപാതത്തിൽ സംയോജിപ്പിക്കുകവഴി നിക്ഷേപകർക്ക് ഒരു സന്തുലിതമായ പോർട്ട്ഫോളിയോ ഉറപ്പാക്കാം. ഇത്തരം പോർട്ട്ഫോളിയോകൾ ഏതു തിരുത്തലുകൾക്കിടയിലും വലിയ നഷ്ടങ്ങളിൽനിന്നും നിങ്ങളുടെ മൊത്തം നിക്ഷേപങ്ങളെ സംരക്ഷിക്കും. മ്യൂച്വൽഫണ്ടിലെ അസെറ്റ് അലോക്കേഷൻ ഫണ്ടുകൾവഴി വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിക്കാനും പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കാനും സാധിക്കും. അസെറ്റ് അലോക്കേഷൻ ഫണ്ടിൽ പരിഗണിക്കാവുന്ന ഒന്നാണ് ഐസിഐസിഐ പ്രുഡൻഷ്യൽ അസെറ്റ് അലോക്കേറ്റർ ഫണ്ട് (FOF). ഇക്വിറ്റി, ഡെറ്റ്, ഗോൾഡ് മ്യൂച്വൽ ഫണ്ട്/ഇടിഎഫുകൾ എന്നിവയിൽ നിക്ഷേപമുള്ള ഫണ്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ 6.85% നേട്ടം നൽകി. മൂന്നു വർഷത്തിൽ 11.80 ഉം അഞ്ചു വർഷത്തിൽ 13.69 ഉം ശതമാനം (CAGR) നേട്ടം നൽകിയിട്ടുണ്ട്.
ഏഞ്ചല്‍ ഫിന്‍സെർവ് LLP യുടെ മാനേജിങ് ഡയറക്ടർ ആണ്
ഏപ്രിൽ ലക്കം സാമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്