ADVERTISEMENT

കൗമുദിയുടെ ത്യാഗം

കണ്ണൂർ ജില്ലയിലെ  കൂത്തുപറമ്പിനും പെരളശ്ശേരിയ്ക്കും ഇടയിലുള്ള കാടാച്ചിറ എന്ന ഗ്രാമത്തിലെ ഉദയപുരം എന്ന വീട്ടിലെ കൗമുദി ടീച്ചർ ദേശീയ തലത്തിൽ അറിയപ്പെട്ടത് ഗാന്ധിജി എഴുതിയ ലേഖനങ്ങളിലൂടെയാണ്.ഹരിജൻ മാസികയിലും മറ്റ് പലയിടങ്ങളിലും കൗമുദി കി ത്യാഗ് എന്ന പേരിൽ ഗാന്ധിജി തന്നെക്കുറിച്ചെഴുതിയ ലേഖനം പിന്നീട് ഹിന്ദി പാഠപുസ്തകത്തിന്റെ ഭാഗമായപ്പോൾ അത് കുട്ടികളെ പഠിപ്പിക്കാനുള്ള ഭാഗ്യവും ലഭിച്ചു കൗമുദി ടീച്ചർക്ക്. പതിനാറാം വയസിൽ തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ ദാനം നൽകി, ഇനി ജീവിതത്തിലൊരിക്കലും ആഭരണങ്ങൾ അണിയുകയില്ല എന്ന പ്രതിജ്ഞയിലൂടെ ത്യാഗത്തിന്റെ അവിശ്വസനീയ മാതൃകയായി അവർ .1934ൽ  ഗാന്ധിജി വടകരയിലെത്തിയപ്പോഴായിരുന്നു  കൗമുദി സ്വർണമാലയും കമ്മലും ഊരി നൽകിയത്. ഗാന്ധിയൻ ആദർശങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുവാൻ ജീവിതം സമർപ്പിച്ച കൗമുദി ടീച്ചർ മലയാളികളുടെ അഭിമാനമാണ്

saraswathi-rajamani-india-s-youngest-spy1
കൗമുദി ടീച്ചർ

രാജമണിയുടെ ത്യാഗം

പതിനാറാം വയസിൽ തന്റെ മുഴുവൻ ആഭരണങ്ങളും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കായി നൽകിയ മറ്റൊരു വനിതയുടെ കഥയാണ് ഇനി.   ഇതൊരു തമിഴ് വനിതയും സംഭവം നടക്കുന്നത് മ്യാൻമാറിൽ വച്ചുമായിരുന്നു.സ്വർണ ഖനി സ്വന്തമായിരുന്ന ഒരു ധനിക കുടുംബത്തിലെ കുട്ടിയായിട്ടു പോലും  അതിസാഹികമായ ഒരു ജീവിതം തെരഞ്ഞെടുത്ത രാജമണി 1927ൽ അന്നത്തെ ബർമയുടെ തലസ്ഥാനമായ യാംഗോണിലാണ്  ജനിച്ചത്.

യാംഗോണിലെ ആ വീട്ടിലും സാക്ഷാൽ മഹാത്മാ ഗാന്ധി സന്ദർശനം നടത്തി. അന്ന് വീട്ടിലുള്ള മുഴുവൻ ആളുകളും ഗാന്ധിജിക്ക് ചുറ്റും കൂടിയപ്പോൾ പൂന്തോട്ടത്തിൽ തോക്ക് കൊണ്ട് പരിശീലനം നടത്തുകയായിരുന്ന പത്തു വയസുകാരിയോട് ഗാന്ധിജി അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ബ്രിട്ടിഷുകാരെ കൊല്ലാൻ പരിശീലിക്കുകയാണെന്നായിരുന്നു മറുപടി. എന്നാൽ അഹിംസയുടെ പാതയിലൂടെയാണ് സമരപോരാട്ടങ്ങൾ നടത്തേണ്ടതെന്ന ഗാന്ധിജിയുടെ ഉപേദശത്തോട്,സ്വന്തം രാജ്യം കൊള്ള ചെയ്യുന്നവരെ വെടി വെക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണു ആ പത്തു വയസുകാരി പ്രതികരിച്ചത്.

സ്വർണവും വജ്രവുമടക്കം വലിയൊരു ആഭരണശേഖരം തന്നെ ഇന്ത്യൻ നാഷണൽ ആർമിക്ക് സംഭാവന നൽകിയ പതിനാറുകാരിയെക്കുറിച്ചു കേട്ടപ്പോൾ ആ കുട്ടിയെ കാണാനും, ഒരു ആവേശത്തിന്റെ പുറത്തു ചെയ്തതാണെങ്കിലും അത് തിരിച്ചു കൊടുക്കാനും വേണ്ടി 1944 ൽ സുഭാഷ് ചന്ദ്രബോസ് രാജമണിയുടെ വീട്ടിലെത്തിയപ്പോൾ തന്റെ ഉറച്ച തീരുമാനമാണ് അതെന്നായിരുന്നു  മറുപടി. മാത്രമല്ല തന്നെയും സുഹൃത്തുക്കളെയും ഐഎൻഎയിൽ ചേർക്കണമെന്നും അവൾ ആവശ്യപ്പെട്ടു. കുട്ടിയുടെ സംസാരത്തിൽ  മതിപ്പ് തോന്നിയ നേതാജി, ലക്ഷ്മി ദേവി (ധനം) പലപ്പോഴും വരികയും പോവുകയും ചെയ്യുമെന്നും എന്നാൽ സരസ്വതി ദേവി (അറിവ്) എല്ലാ കാലവും കൂടെയുണ്ടാകുമെന്നും പറഞ്ഞു അവളെ സരസ്വതി എന്ന് വിളിക്കുകയും,അവളെയും മറ്റ് നാല് പേരെയും ഐഎൻഎ യിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു.

saraswathi-rajamani-india-s-youngest-spy2
ഐ.എൻ.എ യുടെ ഝാൻസി റാണി രാജിമെന്റിൽ സരസ്വതി രാജമണി

 

അങ്ങനെ സരസ്വതി രാജമണിയായ ആ കുട്ടി ക്യാപ്റ്റൻ ലക്ഷ്മി നേതൃത്വം നല്കിയ ഝാൻസി റാണി റജിമെന്റിലാണ് പ്രവേശിച്ചത്. നഴ്‌സിംഗിലായിരുന്നു ആദ്യം പരിശീലനം ലഭിച്ചത്. ഒരിക്കൽ ഇന്ത്യക്കാരായ ചിലർ ബ്രിട്ടീഷ് പട്ടാളക്കാർക്ക് ഇന്ത്യൻ കലാപകാരികളെക്കുറിച്ചുള്ള വിവരങ്ങൾ പണത്തിനു പകരമായി ചോർത്തി നൽകുന്നത് ശ്രദ്ധയിൽ പെട്ട അവൾ അത്  നേതാജിയെ അറിയിക്കുകയുണ്ടായി. സരസ്വതിയെക്കുറിച്ചുള്ള മതിപ്പ് വർദ്ധിച്ച അദ്ദേഹം അതിസാഹസികമായ ഒരു ഉദ്യമം അവളെ ഏൽപ്പിച്ചു.ബ്രിട്ടീഷ് പട്ടാളക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടയിൽ ചാരപ്രവർത്തനം നടത്തി ഐ.എൻ.എ ക്ക് രഹസ്യവിവരങ്ങൾ കൈമാറാനുള്ള ജോലി.

ജപ്പാന്റെ പരാജയത്തെ തുടർന്ന് ഐഎൻഎ പിരിച്ചു വിടുന്നത് വരെയുള്ള സരസ്വതിയുടെ പ്രവർത്തനങ്ങൾ പലതും ജീവൻ പണയം വച്ചു കൊണ്ടുള്ളതായിരുന്നു. ആൺ കുട്ടിയുടെ വേഷത്തിൽ മണി എന്ന പേരിൽ ബ്രിട്ടീഷുകാരുടെ വീടുകളിലും പട്ടാള ക്യാമ്പുകളിലും പല ജോലികളും ചെയ്തു കൊണ്ട് രഹസ്യമായി മനസിലാക്കിയ വിവരങ്ങൾ ഐഎൻഎ അംഗങ്ങൾക്ക് നൽകി. ഒരിക്കൽ കൂടെയുണ്ടായിരുന്ന ദുർഗ്ഗ എന്ന കുട്ടിയെ ബ്രിട്ടീഷ് പട്ടാളം പിടികൂടിയപ്പോൾ ഒരു നർത്തകിയുടെ വേഷം ധരിച്ചു കൊണ്ട് ബ്രീട്ടീഷ് ക്യാമ്പിലെത്തി അവിടെയുള്ള പട്ടാളക്കാരെ ബോധം കെടുത്തി അവളെ രക്ഷിച്ചു കടത്തിയതും അതിനിടയിൽ കാലിൽ വെടിയേറ്റെങ്കിലും രണ്ടു ദിവസത്തോളം ഒരു മരത്തിനു മുകളിൽ കഴിയുകയും പിന്നീട് രക്ഷപ്പെട്ട്  മ്യാൻമറിലെ ഐഎൻഎ ക്യാംപിലേക്ക് സുരക്ഷിതയായി എത്തുകയും ചെയ്തതറിഞ്ഞ നേതാജി സരസ്വതിയെക്കുറിച്ചോർത്ത് ഏറെ അഭിമാനിച്ചു. ഒരു പള്ളിയിൽ കുടുങ്ങിപ്പോയ നൂറ്റമ്പതോളം ജപ്പാൻ പട്ടാളക്കാരെ രക്ഷിച്ച മറ്റൊരു കഥയും പ്രശസ്തമാണ്. സാക്ഷാൽ ജപ്പാൻ ചക്രവർത്തയിൽ നിന്നും അഭിനന്ദനവും മെഡലും ഏറ്റു വാങ്ങിയതും അവരുടെ ജീവിതത്തിലെ മറ്റൊരു പൊൻ തൂവലായിരുന്നു.ഇന്ത്യയുടെ ആദ്യ ചാര വനിത എന്ന്  നേതാജി സരസ്വതിയെ വിശേഷിപ്പിച്ചു.

ഐഎൻഎയിൽ ലഫ്റ്റനന്റ് പദവിയിലെത്തിയിരുന്ന സരസ്വതിയുടെ കുടുംബമാകട്ടെ തങ്ങളുടെ മ്യാൻമാറിലുള്ള സകല സ്വത്തുക്കളും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കായി ദാനം നൽകി ത്യാഗത്തിന്റെ അത്യുജ്ജ്വല മാതൃക കാണിച്ചു കൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയത്. തി രുച്ചിറപ്പള്ളിയിൽ നിന്നും പിന്നീട് ചെന്നെയിലേക്ക് മാറിയ സരസ്വതിയുടെ കഥ വായിക്കാനിടയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത മുൻകൈയെടുത്തു കൊണ്ട് താമസിക്കാനൊരു വീടും പെൻഷൻ തുകയും അനുവദിക്കുന്നത് പല കഷ്ടതകളും സഹിച്ചു കൊണ്ടായിരുന്നു സരസ്വതി ജീവിച്ചിരുന്നത് എന്നത് വേദനിപ്പിക്കുന്ന വാർത്തയായിരുന്നു. തന്റെ തുച്ഛമായ പെൻഷൻ തുകയിൽ നിന്നും നല്ലൊരു ശതമാനം 2004 ലെ സുനാമി ബാധിതർക്ക്  നൽകിയ വാർത്ത പുറത്തു വന്നപ്പോഴാണ് പിന്നീട് ആ ധീര വനിതയെക്കുറിച്ചു ഇന്നത്തെ തലമുറ കൂടുതൽ മനസിലാക്കിയത്. 2018 ൽ  മരണമടയുമ്പോൾ ഇന്ത്യയുടെ ആദ്യ ചാര വനിത എന്നും ഏറ്റവും പ്രായം കുറഞ്ഞ ചാര വനിത എന്നുമുള്ള വിശേഷണങ്ങൾ കരസ്ഥമാക്കിയിരുന്ന സരസ്വതി രാജമണിയെപ്പോലുള്ള ധീര വനിതകളുടെ  ജീവിത കഥകൾ  അഭിമാനത്തോടെയും, ആവേശത്തോടെയും നമുക്ക് വായിച്ചു പഠിക്കാം.

 

English summary : Saraswathi Rajamani: India's youngest spy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com