ADVERTISEMENT

നിർബന്ധമായും പഠിക്കേണ്ട സാമൂഹ്യശാസ്ത്ര യൂണിറ്റാണ് ‘സമൂഹശാസ്ത്രം: എന്ത്? എന്തിന്?’ എന്ന 11-ാം യൂണിറ്റ്. 3 സ്കോറിന്റെ ഒരു ചോദ്യമാണ് ഈ യൂണിറ്റിൽ നിന്നു പൊതുപരീക്ഷയ്ക്കു പ്രതീക്ഷിക്കുന്നത്.  മുൻ വർഷങ്ങളിലെ ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വിശകലനമാണ് ഇന്നത്തെ പഠിപ്പുരയിൽ

സർഗ രചനയും സമൂഹശാസ്ത്ര പഠനവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഭാവനയും സർഗാത്മകതയും ഉപയോഗിച്ചാണു സർഗ രചന നടത്തുന്നത്. സാമൂഹിക സംഭവങ്ങളെ സൗന്ദര്യാത്മക തലത്തിൽ ഇവിടെ ആവിഷ്കരിക്കുന്നു. ആസ്വാദനമാണ് ഇതിന്റെ ലക്ഷ്യം. സാമൂഹിക പ്രതിഭാസങ്ങളോ വിഷയങ്ങളോ ശാസ്ത്രീയമായി വിശകലനം ചെയ്യുകയാണു സാമൂഹ്യശാസ്ത്ര പഠനത്തിൽ ചെയ്യുന്നത്. സാമൂഹിക അവസ്ഥകളെ കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ അപഗ്രഥിക്കുന്നു. അപഗ്രഥനം വസ്തുനിഷ്ഠവുമായിരിക്കും.

LISTEN ON

സമൂഹശാസ്ത്രത്തിന്റെ ആവിർഭാവത്തിന് വഴിയൊരുക്കിയ 3 പ്രധാന വിപ്ലവങ്ങൾ ഏതൊക്കെയാണ്?
·
ജ്ഞാനോദയം /ശാസ്ത്ര വിപ്ലവം
ഫ്രഞ്ച് വിപ്ലവം
വ്യവസായ വിപ്ലവം
സമൂഹശാസ്ത്രത്തിന്റെ വികാസത്തിന് പ്രധാന സംഭാവനകൾ നൽകിയ ആദ്യകാല ചിന്തകർ ആരെല്ലാം?
സമൂഹശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്നത് ഫ്രഞ്ചുകാരനായ അഗസ്ത് കോംതെ ആണ്. ഹെർബർട് സ്പെൻസർ എന്ന ചിന്തകനാണ് പരിണാമ സിദ്ധാന്ത തത്വങ്ങൾ സമൂഹ പഠനത്തിന് പ്രയോജനപ്പെടുത്തിയത്. കാൾ മാക്സ്, എമൈൽ ദുർഖിം, മാക്സ് വെബർ തുടങ്ങിയവരാണ് മറ്റു ചിന്തകർ

ഇന്ത്യയിലെ സമൂഹ ശാസ്ത്രത്തെ ആധാരമാക്കി ഒരു കുറിപ്പ് തയാറാക്കുക 
ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തിലാണ് ഇന്ത്യയിൽ സമൂഹശാസ്ത്ര പഠനം ആരംഭിച്ചത്. ബോംബെ സർവകലാശാലയിൽ ആദ്യ സമൂഹ ശാസ്ത്ര പഠനവകുപ്പ് ആരംഭിച്ചു. ജി.എസ്. ഘുരേ, എ.ആർ. ദേശായി എം.എൻ. ശ്രീനിവാസൻ തുടങ്ങിയവരായിരുന്നു സമൂഹശാസ്ത്ര പഠനത്തിന് സംഭാവന നൽകിയ പ്രധാന വ്യക്തിത്വങ്ങൾ.

സമൂഹശാസ്ത്രം എന്നതുകൊണ്ട് അർഥമാക്കുന്നതെന്ത്? ഈ പഠനത്തിന്റെ ഏതെങ്കിലും 2 ആവശ്യകതകൾ എഴുതുക.
മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് സമൂഹശാസ്ത്രം.
പഠനത്തിന്റെ ആവശ്യകത
സമൂഹത്തെ കുറിച്ചുള്ള ശരിയായ ധാരണ രൂപപ്പെടാൻ, വ്യക്തി -സാമൂഹിക സ്ഥാപന ബന്ധം തിരിച്ചറിയാൻ,സാമൂഹിക പ്രശ്നങ്ങളെ സൂക്ഷ്മമായി പഠിക്കാൻ

സമൂഹശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന പഠന മേഖലകളിൽ ഏതെങ്കിലും മൂന്നെണ്ണം എഴുതുക
സാമൂഹിക സ്ഥാപനങ്ങൾ
സാമൂഹീകരണം
സാമൂഹ്യ പ്രശ്നങ്ങൾ
സമൂഹശാസ്ത്ര പഠനത്തിൽ സാധാരണയായി ഉപയോഗിക്കുന്ന 4 പഠനരീതികളുടെ പേര് എഴുതുക
1. 
സോഷ്യൽ സർവേ
2. അഭിമുഖം
3. നിരീക്ഷണം
4. കേസ് സ്റ്റഡി

സെൻസസ്, സാംപിൾ സർവേ ഇവ എപ്രകാരമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? സമൂഹശാസ്ത്ര പഠനത്തിന് ഏറ്റവും യോജിച്ച രീതി ഏതാണ്?
രാജ്യത്തെ മൊത്തം ജനങ്ങളെ കുറിച്ചുള്ള വിവരശേഖരണത്തിനായുള്ള ഒരിനം സർവേയാണ് സെൻസസ്. എന്നാൽ തിരഞ്ഞെടുത്ത നിശ്ചിത എണ്ണം ആളുകളിൽനിന്ന് വിവരശേഖരണം നടത്തി പഠനം നടത്തുന്ന രീതിയാണ് സാംപിൾ സർവേ. സമൂഹ ശാസ്ത്ര പഠനങ്ങളിൽ സെൻസസ് പ്രായോഗികമല്ലാത്തതിനാൽ, അനുയോജ്യമായ രീതി സാംപിൾ സർവേയാണ്.

LISTEN ON

സോഷ്യൽ സർവേകളിൽ ചോദ്യാവലിയുടെ പ്രാധാന്യമെന്താണ്?
വിവരശേഖരണത്തിനായി ഗവേഷകർ ഉപയോഗിക്കുന്ന മുൻകൂട്ടി തയാറാക്കിയ ചോദ്യങ്ങളുടെ പട്ടികയാണ് ചോദ്യാവലി. പഠനവിധേയമാക്കുന്ന സംഘമായ ‘പ്രതികർത്താക്കൾ’ക്ക് ഇവ നൽകിക്കൊണ്ട് വിവരശേഖരണം നടത്തുന്നു. അവർ പൂരിപ്പിച്ച് നൽകിയ വിവരങ്ങളെയാണ് പഠനവിധേയമാക്കുന്നത്.

സമൂഹ ശാസ്ത്രത്തിലെ ഒരു പഠന രീതിയായ 'അഭിമുഖം' എന്നതുകൊണ്ട് അർഥമാക്കുന്നതെന്ത്? ഇതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?
ഗവേഷകനും പ്രതികർത്താവും തമ്മിലുള്ള സംഭാഷണമാണ് അഭിമുഖം. വാമൊഴിയായാണു വിവരശേഖരണം നടത്തുന്നത്. വ്യക്തികളുടെ മനോഭാവം, കാഴ്ചപ്പാട്, വിശ്വാസം, ജീവിതചര്യ തുടങ്ങിയ കാര്യങ്ങളെ സൂക്ഷ്മതലത്തിലറിഞ്ഞ്, വിശകലനം ചെയ്യാൻ ഈ പഠനരീതി കൊണ്ടു സാധിക്കുന്നു.
ഇതിൽ ശ്രദ്ധിക്കേണ്ടവ
ഏറ്റവും അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുക, ശേഖരിക്കേണ്ട വിവരങ്ങളെക്കുറിച്ച് കൃത്യമായ ധാരണ രൂപീകരിക്കുക,  ഉചിതമായ ചോദ്യങ്ങൾ തയാറാക്കുക.

അഭിമുഖവും ചോദ്യാവലിയും എപ്രകാരമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
അഭിമുഖത്തിൽ വിവരങ്ങൾ വാമൊഴിയായി ശേഖരിക്കുകയും ഗവേഷകൻ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ചോദ്യാവലിയിൽ ചോദ്യങ്ങളും ചിലപ്പോൾ പ്രതികരണങ്ങളും രേഖപ്പെടുത്തിയാണ് നൽകുന്നത്. പ്രതികർത്താക്കൾ വിവരങ്ങൾ രേഖപ്പെടുത്തുന്നു.

സമൂഹശാസ്ത്രത്തിലെ ഒരു പഠനരീതിയായ ‘നിരീക്ഷണം’ എന്നാൽ എന്ത്? ഇതിന്റെ രണ്ടു വിഭാഗങ്ങളേതൊക്കെയാണ്? വിശദമാക്കുക.
കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ സത്യസന്ധമായി രേഖപ്പെടുത്തുന്ന രീതിയാണ് നിരീക്ഷണം. കൃത്യമായ വിലയിരുത്തലിന് ഇവ സഹായകമാകുന്നു. സമൂഹശാസ്ത്രജ്ഞർ, പഠനവിധേയമാക്കുന്ന സംഘത്തിൽ താമസിച്ച്, അവരുടെ ജീവിത രീതിയും മറ്റും നേരിട്ട് മനസ്സിലാക്കി വിവരം ശേഖരിക്കുന്ന രീതിയാണ് പങ്കാളിത്ത നിരീക്ഷണം അഥവാ ഫീൽഡ് വർക്ക്. ഇതിനായി  ഗവേഷകൻ അവരുടെ ഭാഷയും സംസ്കാരവും മനസ്സിലാക്കി അവരുടെ ദൈനംദിന ജീവിതത്തിൽ പങ്കാളികളാകണം.  മറ്റൊരു രീതിയായ പങ്കാളിത്ത രഹിത നിരീക്ഷണത്തിൽ സമൂഹ ശാസ്ത്രജ്ഞൻ പഠന സംഘത്തിൽ താമസിച്ച് പഠനം നടത്താതെ, പുറത്തുനിന്ന് നിരീക്ഷണം നടത്തുകയാണ് ചെയ്യുക.

LISTEN ON

സമൂഹശാസ്ത്ര പഠനരീതിയായ കേസ് സ്റ്റഡിയെ ആസ്പദമാക്കി ഒരു കുറിപ്പ് തയാറാക്കുക.
ചില സാമൂഹിക പ്രതിഭാസങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ഗഹനമായി പഠിക്കുവാൻ ‘കേസ് സ്റ്റഡി’പ്രയോജനപ്പെടുത്തുന്നു. ഇവിടെ പഠനവിധേയമാക്കുന്ന വിഷയമാണ് ‘കേസ്’. അപൂർവവും വേറിട്ടതുമായ സാമൂഹിക പ്രതിഭാസങ്ങളായിരിക്കും സൂക്ഷ്മവും സമഗ്രവുമായ ഇത്തരം പഠനങ്ങൾക്ക് പരിഗണിക്കുക.

സമൂഹശാസ്ത്രത്തിന് ഏറെ പ്രായോഗിക സാധ്യതകൾ ഉണ്ടെന്നു പറയുവാൻ കാരണമെന്ത്?
വാണിജ്യം, നഗരസൂത്രണം, സാമൂഹികക്ഷേമം, പരസ്യം, വാർത്താവിനിമയം വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ മേഖലകളിൽ സമൂഹ ശാസ്ത്രത്തിന് ഏറെ പ്രയോഗ സാധ്യതകളുണ്ട് അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രായോഗിക ക്ഷമതയുള്ള ശാസ്ത്രശാഖയായി ഇത് വളർന്നിരിക്കുന്നു ഗവേഷണപഠനങ്ങളിൽ പരിശീലനം സിദ്ധിച്ച സമൂഹ ശാസ്ത്രജ്ഞർ ഭരണ- ആസൂത്രണ മേഖലകളിൽ അനിവാര്യമാണ്.

English Summary:

Ace Your Sociology Exam: Malayalam Samoohashastram Notes & Previous Year Questions Analyzed. Mastering Samoohashastram (Sociology) Essential Notes, Research Methods & Exam Prep Tips.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com