സ്ക്രീൻ ടൈം നിയന്ത്രണം; 'കളിയും കാര്യവും' ബോധവൽക്കരണ പരിപാടിക്കു തുടക്കം, നടപ്പാക്കുന്നത് ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്ന്

Mail This Article
കൊച്ചി: കുട്ടികളുടെ അമിത 'സ്ക്രീൻ ടൈം' കുറയ്ക്കുന്നതിനായി ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്നു നടപ്പാക്കുന്ന 'കളിയും കാര്യവും' ബോധവൽക്കരണ പരിപാടിക്കു തുടക്കമായി.

കഴിഞ്ഞ ദിവസങ്ങളിൽ കടവന്ത്ര കേന്ദ്രീയ വിദ്യാലയ, തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ്, തൃപ്പൂണിത്തുറ എൻഎസ്എസ് എച്ച്എസ്എസ്, ബ്രോഡ്‌വേ സെന്റ് മേരീസ് കോൺവന്റ് ഗേൾസ് എച്ച്എസ്എസ്, കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലുമാണ് ആരംഭിച്ചത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ സ്കൂളുകളിൽ പരിപാടി അവതരിപ്പിക്കും.

അമിതമായ സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ, സമ്പാദ്യത്തിന്റെ ആവശ്യകത, സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളിലാണു കുട്ടികളെ ബോധവൽക്കരിക്കുന്നത്.

കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ ചാക്യാർ കൂത്ത്, തെയ്യം എന്നിവയിലൂടെയാണു ബോധവൽക്കരണം. മാനസികാരോഗ്യ വിദഗ്ദരുടെ സെഷനുകളും ഒരുക്കിയിരുന്നു. കുട്ടികൾക്കു പുറമേ, അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

ചാക്യാർകൂത്ത് പോലുള്ള കലാരൂപങ്ങൾ പല കുട്ടികളും കാണുന്നതു തന്നെ ആദ്യമായിരുന്നു. സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള പഠനവും പലർക്കും കൗതുകമായി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ പരിപാടി തുടരും.