ക്രിസ്മസ് എത്തിയിട്ടും വളർത്തു മത്സ്യങ്ങളുടെ വില ഇടിയുന്നു
Mail This Article
എടത്വ ∙ വളർത്തു മത്സ്യങ്ങളുടെ വില ഇടിയുന്നതിനാൽ ക്രിസ്മസ് കാലത്തും കർഷകർ പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം വരെ വിറ്റിരുന്ന വിലയിൽ 20 ശതമാനം വരെ വിലക്കുറവിലാണ് വിൽപന നടക്കുന്നതെന്നാണ് കർഷകർ പറയുന്നത്. ക്രിസ്മസ് വിപണി പ്രതീക്ഷിച്ചിരുന്നു എങ്കിലും വില കൂടാൻ സാധ്യതയില്ലാത്ത സ്ഥിതി ആണെന്നും കർഷകർ പറയുന്നു. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ രംഗത്തേക്ക് കൂടുതൽ ആളുകൾ വരുകയും മത്സ്യോൽപാദനം കൂടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ സീസൺ വരെ വിളവ് എത്തുന്നതിനു മുൻപ് ദൂരസ്ഥലങ്ങളിൽ നിന്നു പോലും കച്ചവടക്കാർ എത്തി മത്സ്യങ്ങളുടെ വില ഉറപ്പിച്ച് അഡ്വാൻസും നൽകിയിരുന്നുവെങ്കിൽ ഇപ്പോൾ ആവശ്യക്കാരെ തേടി പോകേണ്ട സ്ഥിതിയാണ്.
നേരത്തെ ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നും കയറ്റുമതി കമ്പനിക്കാർ എത്തിയിരുന്നു. ഇപ്പോൾ അവർ എത്താറില്ല പകരം ഇപ്പോൾ അവിടെ നിന്നും ഇങ്ങോട്ട് കൊണ്ടുവരുകയാണ്. മത്സ്യവില കുറഞ്ഞതോടെ കർഷകർ വലിയ പ്രതിസന്ധിയിലാണ്. ചെലവിന് അനുസരിച്ച് വില ലഭിക്കാത്ത സ്ഥിതിയാണ്. ഒരേക്കറിൽ മത്സ്യം ഇട്ടാൽ കുറഞ്ഞത് 6 മാസം കഴിഞ്ഞു മാത്രമേ വിളവെടുക്കാൻ സാധിക്കുകയുള്ളൂ. കുറഞ്ഞത് സ്വന്തം അധ്വാനത്തിനു പുറമെ 2 തൊഴിലാളികളെ നിർത്തണം. നിത്യേന ഒരാൾക്ക് കുറഞ്ഞത് 1000 രൂപ കൂലിയും ചെലവും കൊടുക്കണം.
ഒരു മത്സ്യക്കുഞ്ഞിന് 2 രൂപ മുതൽ 5 രൂപ വരെ വിലയുണ്ട്. 10, 000 കുഞ്ഞുങ്ങളെ ഇട്ടാൽ പകുതിയോളം നഷ്ടപ്പെടും. 3 മാസം വരെ കൈത്തീറ്റ കൊടുക്കണം. ഒരു കുഞ്ഞിന്റെ വില 10 രൂപയിൽ കൂടുതലാകും. ഇതുകൂടാതെ മീനുകളെ സംരക്ഷിക്കുന്നതിനും, കാലവർഷക്കെടുതിയിൽ നിന്നും രക്ഷ നേടാൻ ബണ്ട് സംരക്ഷണത്തിനു വേണ്ടി ലക്ഷക്കണക്കിനു രൂപ ചെലവഴിക്കുകയും വേണം. 6 മാസം വളർച്ച നേടിയാൽ 450 ഗ്രാം മുതൽ 650 ഗ്രാം തൂക്കം ലഭിക്കും. പലപ്പോഴായി മുടക്കുന്നത് ഒന്നിച്ചു കിട്ടും എന്നതു മാത്രമാണ് കർഷകരുടെ ലാഭം എന്നാണ് പറയുന്നത്.നിലവിൽ ഏറ്റവും കൂടുതൽ വാള, റെഡ്ബെല്ലി, കട്ടള, രോഹു, ഗ്രാസ് കാർപ്, വരാൽ, സിലോപ്പിയ തുടങ്ങിയ മീനുകളാണ് വളർത്തുന്നത്.
കഴിഞ്ഞ സീസണിലെയും, നിലവിലെയും വിപണി വില: ഇനം, കഴിഞ്ഞ സീസൺ കർഷകർക്ക് ലഭിച്ചിരുന്ന പൊതുവിപണി വില.
ബ്രാക്കറ്റിൽ നിലവിൽ ലഭിക്കുന്ന വില
വാള കിലോഗ്രാമിൽ 83– 150 മുതൽ 200 വരെ (53–100 മുതൽ 150 ൽ താഴെ).
റെഡ് ബെല്ലി 95– 200 (80–150)
കട്ള, രോഹു,ഗ്രാസ് കാർപ്. 110–250 (90–150).
വരാൽ 300–350 (200– 275 മുതൽ 300 വരെ).
സിലോഫിയ 100–150 (60–100)