ഇതരസംസ്ഥാന റജിസ്ട്രേഷൻ; പരിശോധന കടുപ്പിച്ച് മോട്ടർ വാഹന വകുപ്പ്

Mail This Article
ബെംഗളൂരു ∙ ഇതരസംസ്ഥാന റജിസ്ട്രേഷനുള്ള വാഹനങ്ങളുടെ പരിശോധന മോട്ടർ വാഹന വകുപ്പ് കർശനമാക്കി. ഇത്തരം വാഹന ഉടമകളിൽനിന്ന് 40.2 കോടി രൂപയുടെ റോഡ് നികുതിയും പിഴയുമാണ് മാർച്ച് ഒന്നുമുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഈടാക്കിയത്. ചട്ടലംഘനത്തിന് 244 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ട്. 544 വാഹന ഉടമകൾക്കെതിരെ കേസുമെടുത്തു.
കേരളത്തിൽനിന്നുള്ളവയ്ക്കു പുറമേ ഡൽഹി, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളാണ് വ്യാപകമായി പരിശോധിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ ഒഴിച്ചുള്ളവയ്ക്കു രാജ്യത്ത് ഏറ്റവും കൂടുതൽ റോഡ് നികുതി ചുമത്തുന്ന സംസ്ഥാനം കർണാടകയാണ്. 20 ലക്ഷം രൂപയിലധികം വിലയുള്ള കാറുകൾക്ക് 18% നികുതിയാണ് സംസ്ഥാനം ചുമത്തുന്നത്.
ഒരു വർഷത്തിലേറെയായി നഗരനിരത്തുകളിൽ ഓടുന്ന ഇത്തരം വാഹനങ്ങളുടെ ഉടമകളിൽനിന്നാണ് കർണാടകയുടെ റോഡ് നികുതി വിഹിതം ഈടാക്കാൻ നടപടിയെടുക്കുന്നത്. ഇത്തരം വാഹനങ്ങൾ ഒരു വർഷത്തിലധികം ഇവിടെ ഓടിക്കണമെങ്കിൽ റീ–റജിസ്റ്റർ ചെയ്യണമെന്നാണു ചട്ടം.
സംസ്ഥാനത്തെ ഉയർന്ന നികുതി ഒഴിവാക്കാനായി കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുൾപ്പെടെ വാഹനങ്ങൾ വാങ്ങി അവിടെ റജിസ്റ്റർ ചെയ്യുന്നതു വ്യാപകമായതോടെയാണ് പരിശോധന കർശനമാക്കിയത്. ഐടി രംഗത്തും മറ്റുമായി ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെപ്പേർ ഇതരസംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇക്കൂട്ടരെ മോട്ടർ വാഹന വകുപ്പിന്റെ നടപടി വലച്ചേക്കും.