ADVERTISEMENT

ചെന്നൈ ∙ അവഗണനയുടെ മാത്രം കഥ പറയാനുള്ള ആവഡി റെയിൽവേ സ്റ്റേഷനിൽ പ്രതീക്ഷയുടെ ചൂളംവിളി എന്നുയരും? സൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടുന്ന സ്റ്റേഷന്റെ വികസനം അടുത്തെങ്ങാനും ട്രാക്കിലാകുമോ? മലബാർ ഭാഗത്തു നിന്നുള്ള ട്രെയിൻ ആവഡിയിൽ നിർത്തണമെന്ന് മലയാളികൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും മറുപടി ചുവപ്പുകൊടി മാത്രം. ആവഡി റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾ ഏറെയാണെങ്കിലും ഒന്നും നടപ്പാക്കാതെ കൈമലർത്തുകയാണ് റെയിൽവേ. 

വരുമാനം ഏറെ, വികസനം അകലെ

ടിക്കറ്റിലൂടെയും ടിക്കറ്റ് എടുക്കാത്തവരിൽ നിന്നു പിടിക്കുന്ന പിഴയിലൂടെയുമായി 13 ലക്ഷത്തിലേറെ രൂപയാണ് സ്റ്റേഷനിലെ പ്രതിമാസ വരുമാനം. യാത്രക്കാർ കയ്യയച്ച് വരുമാനം നൽകുമ്പോഴും കൈ മലർത്തി അടിക്കുന്ന സമീപനമാണ് തിരിച്ചു ലഭിക്കുന്നത്. അസൗകര്യങ്ങളുടെ പാളത്തിലൂടെയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. വഴിയോരക്കച്ചവടക്കാരെ തട്ടിയുംമുട്ടിയുമാണ് പതിനായിരക്കണക്കിനു പേർ ദിവസേന സ്റ്റേഷനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. 

യാത്രക്കാരുടെ സൗകര്യത്തിനായി അടിപ്പാത നിർമിക്കാൻ 2012ൽ തീരുമാനിച്ചിരുന്നെങ്കിലും എങ്ങുമെത്തിയില്ല. സ്റ്റേഷൻ കൗണ്ടറിനു വളരെ അടുത്തുള്ള കിണർ കാട് പിടിച്ചുകിടക്കുന്നു. 10 അടിയിൽ വെള്ളം നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ഇതിൽ നിന്നും വെള്ളം എടുക്കാതെ കുഴൽക്കിണർ വഴിയാണു സ്റ്റേഷനിലെ ആവശ്യങ്ങൾക്ക് വെള്ളം എടുക്കുന്നത്. സമീപത്തായി മദ്യക്കട പ്രവർത്തിക്കുന്നതും മറ്റൊരു ഭീഷണിയാണ്. അവിടെ നിന്നു മദ്യം വാങ്ങി ടിക്കറ്റ് കൗണ്ടറിനു സമീപമെത്തി മദ്യപിച്ച് കിടന്നുറങ്ങുന്നവരും ഇവിടത്തെ പതിവു കാഴ്ചയാണ്.

മലബാറുകാരുടെ മോഹഭംഗം

മംഗളൂരുവിൽ നിന്നുള്ള സൂപ്പർ ഫാസ്റ്റ് ട്രെയിനിന് ആവഡിയിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിവേദനങ്ങൾ പലകുറി സമർപ്പിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ആയിരക്കണക്കിനു മലയാളികളാണ് ആവഡിയിലും പരിസര പ്രദേശത്തുമായി താമസിക്കുന്നത്. ഇവരിലേറെയും മലബാറിൽ നിന്നുള്ളവരാണ്. എന്നാൽ ട്രെയിൻ നിർത്താത്തതിനാൽ സെൻട്രലിൽ ഇറങ്ങിയ ശേഷം കിലോമീറ്ററുകൾ തിരിച്ചുസഞ്ചരിച്ചാണു താമസ സ്ഥലത്തെത്തുന്നത്. നേരത്തേ ഉണ്ടായിരുന്ന പാസഞ്ചർ അസോസിയേഷന്റെ പ്രവർത്തനം നിലച്ചതും ആവശ്യം നേടിയെടുക്കുന്നതിനു തിരിച്ചടിയായി മാറി. 

നിരാഹാരത്തിലേക്ക് മലയാളികൾ

മംഗളൂരുവിൽ നിന്നുള്ള ട്രെയിനിന് സ്റ്റോപ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിക്കാനൊരുങ്ങി പ്രദേശത്തെ മലയാളികൾ. മലയാളി മഹാസഭ എന്ന സംഘടനയാണ് സമരത്തിനു നേതൃത്വം നൽകുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി, ദക്ഷിണ റെയില്‍വേ ജിഎം അടക്കമുള്ളവർക്കു നിവേദനവും നിരാഹാര സമരത്തിന്റെ വിവരങ്ങളും രേഖാമൂലം അറിയിച്ചിരുന്നു. 

പുതുതായി ചുമതലയേറ്റെടുത്ത ജിഎമ്മിനെ കണ്ടു വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. നിരാഹാരത്തിന് അനുമതി തേടി കമ്മിഷണറെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. എന്നാൽ ചെന്നൈ മലയാളികളെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ജനകീയ പ്രശ്നമെന്ന നിലയിൽ സമരവുമായി മുന്നോട്ടു പോകാനാണു സംഘടനയുടെ തീരുമാനം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com