‘കർഷക ഗ്രാമ’മായി കാക്കനാട്

Mail This Article
കാക്കനാട്∙ പരമ്പരാഗത വേഷമണിഞ്ഞ കർഷകർ നയിച്ച കലാജാഥയും കാർഷിക വിളകളുടെ അലങ്കാര മൽസരങ്ങളും കാർഷിക ഉപകരണങ്ങളും കലക്ടറേറ്റ് പരിസരത്ത് കർഷക ഗ്രാമത്തിന്റെ പ്രതീതി പകർന്നു. ഓരോ വീടുകളിലും കൃഷി തുടങ്ങാൻ കൃഷി വകുപ്പ് ആവിഷ്കരിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല പ്രചാരണോദ്ഘാടനമാണ് കർഷക സംഗമമായി മാറിയത്. കുടുംബങ്ങളിലൂടെയും കാർഷിക ഗ്രൂപ്പുകൾ വഴിയും കൃഷി വ്യാപകമാക്കി കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ തരിശായി കിടക്കുന്ന 500 ഹെക്ടർ സ്ഥലത്ത് ഈ വർഷം കൃഷിയിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ്, തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി, സ്ഥിരം സമിതി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, സ്മിത സണ്ണി, സുനീറ ഫിറോസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷീല പോൾ, ഡപ്യൂട്ടി ഡയറക്ടർ വി.അനിതാകുമാരി, നഗരസഭ കൗൺസിലർ ഉണ്ണി കാക്കനാട്, കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ കെ.പി.രഞ്ജിത്, കർഷക പ്രതിനിധി കെ.ബി.വേണുഗോപാലൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. നേരത്തെ കർഷക കലാജാഥയുടെ ഫ്ലാഗ് ഓഫ് ജില്ലാ വികസന കമ്മിഷണർ എ.ഷിബു നിർവഹിച്ചു. മൽസര വിജയികൾക്ക് നടി അഞ്ജലി നായർ സമ്മാനം നൽകി.