മാലിന്യംനിറഞ്ഞ് മാളവന മോറത്തോട് കുളം
Mail This Article
പുത്തൻവേലിക്കര ∙ മാലിന്യം നിറഞ്ഞ മാളവന മോറത്തോട് കുളം നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ദുർഗന്ധവും കൊതുകുശല്യവും കൊണ്ടു പൊറുതിമുട്ടുകയാണു ജനങ്ങൾ. കുളം നവീകരിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടിയില്ല. കുളം സംരക്ഷിക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തം. പഞ്ചായത്ത് 11–ാം വാർഡിൽ മാളവന ഇഞ്ചാരക്കുന്ന് റോഡിൽ സ്ഥിതി ചെയ്യുന്ന മോറത്തോട് കുളം പുല്ലു നിറഞ്ഞു കിടക്കുകയാണ്. ചീഞ്ഞ പുല്ല് വെള്ളത്തിൽ ഒഴുകുന്നതാണു രൂക്ഷമായ ദുർഗന്ധത്തിനു കാരണം. വെള്ളത്തിനു നീരൊഴുക്കില്ലാത്തതു കൊതുകുകൾ പെറ്റുപെരുകാൻ കാരണമാകുന്നു. വൈകുന്നേരമായാൽ കൊതുകിനെ കൊല്ലലാണു നാട്ടുകാരുടെ പ്രധാന ജോലി.
ഡെങ്കിപ്പനിയും മറ്റും പകരുന്ന സമയമായതിനാൽ ജനങ്ങൾ ആശങ്കയിലാണ്. കുളത്തിനു സമീപം അങ്കണവാടി സ്ഥിതി ചെയ്യുന്നുമുണ്ട്. പ്രളയത്തിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ മോറത്തോട് കുളം ഇതുവരെ ശുചീകരിച്ചിട്ടില്ല. 2019ൽ കുളം ശുചീകരിക്കാൻ 3.5 ലക്ഷം അനുവദിച്ചിട്ടും നടപ്പാക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തി. കടുത്ത വേനലിൽ കിണറുകൾ വറ്റുന്നുണ്ട്. മോറത്തോട് ശുചീകരിച്ചാൽ ജനങ്ങൾക്കു കുളിക്കാനും അലക്കാനും കുട്ടികൾക്കു നീന്തൽ പഠിക്കാനും കഴിയും. ജലസേചനത്തിനും ഉപയോഗിക്കാമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.