കൊച്ചിൻ കാർണിവൽ റാലി ജനുവരി 2ന്; വെളി മൈതാനത്ത് 31ന് പപ്പാഞ്ഞിയെ കത്തിക്കും

Mail This Article
ഫോർട്ട്കൊച്ചി∙ മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ്ങിന്റെ മരണത്തെ തുടർന്നു മാറ്റിവച്ച കൊച്ചിൻ കാർണിവൽ റാലി ജനുവരി 2ന് നടത്തും. കാർണിവൽ കമ്മിറ്റി ഭാരവാഹികൾ കലക്ടറെ കണ്ട് നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ആഘോഷങ്ങളുടെ ഭാഗമായി പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെ സ്ഥാപിക്കും. പപ്പാഞ്ഞിയുടെ നിർമാണം ഉടൻ പൂർത്തിയാക്കും. പപ്പാഞ്ഞിയെ കത്തിക്കില്ലെങ്കിലും പ്രതീകാത്മകമായി സ്ഥാപിക്കുന്ന പപ്പാഞ്ഞിയെ കാണാൻ ആളുകൾക്ക് സൗകര്യം ഒരുക്കും.
മാറ്റി വച്ച മെഗാ ഷോ അടക്കമുള്ള പരിപാടികൾ 2–ാം തീയതി മുതലുള്ള ദിവസങ്ങളിൽ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കാർണിവൽ റാലി 2ന് നടത്തുന്നതിനുള്ള തീരുമാനം റാലിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഫ്ലോട്ടുകൾ തയാറാക്കി വരുന്ന ക്ലബ് അംഗങ്ങൾക്ക് ഏറെ സന്തോഷം പകർന്നു. പലരും മാസങ്ങൾക്ക് മുൻപ് തയാറെടുപ്പുകൾ ആരംഭിച്ചതാണ്. സമ്മാനം നേടുന്നതിലല്ല, റാലിയിൽ പങ്കെടുക്കുന്നതിനാണ് കലാകാരന്മാർ പ്രാധാന്യം നൽകുന്നതെന്നതാണ് പ്രത്യേകത.
വെളി മൈതാനത്ത് 31ന് പപ്പാഞ്ഞിയെ കത്തിക്കും
ഗാലാ ഡി ഫോർട്ട്കൊച്ചിയുടെ നേതൃത്വത്തിൽ വെളി മൈതാനത്ത് സ്ഥാപിച്ചിട്ടുള്ള 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ 31ന് അർധരാത്രി അഗ്നിക്കിരയാക്കും. ഹൈക്കോടതി നിർദേശമനുസരിച്ച് 70 അടി അകലത്തിൽ ബാരിക്കേഡ് നിർമാണം പൂർത്തിയായി. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡപ്യൂട്ടി കമ്മിഷണർ കെ.എസ്.സുദർശനൻ, മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണർ പി.ബി. കിരൺ എന്നിവർ വെളി മൈതാനം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
പരേഡ് മൈതാനിയിൽ പപ്പാഞ്ഞിയെ കത്തിക്കാത്ത സാഹചര്യത്തിൽ വെളി മൈതാനത്ത് കൂടുതൽ ജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മൈതാനത്തിനകത്ത് 4000 അടി ഫെൻസിങ് കളങ്ങളായി സ്ഥാപിക്കണമെന്ന് പൊലീസ് നിർദേശിച്ചു. 31ന് വെളിയിൽ പ്രത്യേക സംഗീത പരിപാടികൾ ഉണ്ടാവില്ല. പപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ് മാത്രമായിരിക്കും നടക്കുക.