കുമളി ചെക്പോസ്റ്റിൽ ഇന്നലെ എത്തിയത് 500 പേർ
![കുമളി അതിർത്തിയിൽ പരിശോധനയ്ക്കായി പിപിഇ കിറ്റ് ധരിച്ച് നിൽക്കുന്നയാളിന്റെ മുഖാവരണം ശരിയായി ക്രമീകരിക്കുന്ന സഹപ്രവർത്തകർ കുമളി അതിർത്തിയിൽ പരിശോധനയ്ക്കായി പിപിഇ കിറ്റ് ധരിച്ച് നിൽക്കുന്നയാളിന്റെ മുഖാവരണം ശരിയായി ക്രമീകരിക്കുന്ന സഹപ്രവർത്തകർ](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2020/5/12/idukki-covid-19-kumily-check-post.jpg?w=1120&h=583)
Mail This Article
കുമളി ∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുമളി വഴി കേരളത്തിലേക്കു കടക്കാൻ ഇന്നലെ മാത്രം ചെക്പോസ്റ്റിലെത്തിയത് അഞ്ഞൂറിലേറെ ആളുകൾ. പുലർച്ചെ മുതൽ വലിയ ക്യൂ ആയിരുന്നു. അഞ്ചു മണിക്കൂറിലേറെ കാത്തുനിന്ന ശേഷമാണ് പരിശോധനകൾ പൂർത്തിയാക്കി ഇവർ അതിർത്തിയിൽ പ്രവേശിച്ചത്. സാധാരണയിലും അധികം ആളുകൾ എത്തിയതാണ് ഇന്നലെ തിരക്ക് കൂടാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രാവിലെ 7ന്എത്തിയവരും 11.30 വരെ വെയിലേറ്റ് റോഡരികിൽ നിൽക്കുകയായിരുന്നു.വെയിലേറ്റ് നിന്നിരുന്ന കുറെ ആളുകളെ 11.30ന് ശേഷം പൊലീസ് സ്റ്റേഷന് എതിർവശത്തെ വിശ്രമസ്ഥലത്തേക്കു മാറ്റി. കർണാടകയിൽ നിന്നുള്ള മലയാളികൾക്കായി കർണാടക പിസിസി ഏർപ്പെടുത്തിയ ബസും ഇന്നലെ കുമളി ചെക്പോസ്റ്റ് വഴിയാണ് വന്നത്. തിങ്കളാഴ്ച രാത്രി 8ന് ബെംഗളൂരുവിൽ നിന്ന് തിരിച്ച ബസ് രാവിലെ കുമളി ചെക്പോസ്റ്റിൽ എത്തി.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള 21 പേരും തിരുവനന്തപുരത്തുള്ള 3 പേരും ഇടുക്കി സ്വദേശിയായ ഒരാളുമാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒന്നിനാണ് പരിശോധന പൂർത്തിയാക്കി ഇവർ യാത്ര തുടർന്നത്.ഇടുക്കി ജില്ലാ കലക്ടർ എച്ച്.ദിനേശൻ വൈകുന്നേരം ചെക്പോസ്റ്റിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. അതിഥിത്തൊഴിലാളികൾക്ക് അവരുടെ നാടുകളിലേക്കു മടങ്ങാൻ റജിസ്റ്റർ ചെയ്യാൻ പ്രത്യേക കൗണ്ടർ ആരംഭിക്കാൻ കലക്ടർ പഞ്ചായത്തിനു നിർദേശം നൽകി.