ചാടി വന്ന പുലി പിടികൂടിയത് ഷീലയുടെ തലയിൽ; സംഭവം അൻപതോളം തൊഴിലാളികൾ നോക്കിനിൽക്കെ

Mail This Article
മൂന്നാർ ∙ തൊഴിലുറപ്പു ജോലിക്കിടെ യുവതിയെ പുലി ആക്രമിച്ചു പരുക്കേൽപിച്ചു. പഴയ മൂന്നാർ ബൈപാസ് റോഡിനു സമീപം താമസിക്കുന്ന ഷീല ഷാജി (40) ആണു പരുക്കേറ്റ് ആശുപത്രിയിലായത്. തൊഴിലുറപ്പു പദ്ധതി സൂപ്പർവൈസറാണു ഷീല. ഇന്നലെ വൈകിട്ട് ഹൈറേഞ്ച് ക്ലബ് റോഡിലാണു സംഭവം. അൻപതോളം തൊഴിലാളികൾ നോക്കിനിൽക്കെയാണു പുലിയുടെ ആക്രമണമുണ്ടായത്.
കാട്ടിൽ നിന്നു ചാടിയ പുലി ഷീലയുടെ തലയിൽ പിടിക്കുകയായിരുന്നു. ബഹളം വച്ചതോടെ മറ്റു തൊഴിലാളികൾ ഓടിയെത്തി. ഇതോടെ പുലി കാട്ടിലേക്ക് ഓടിപ്പോയി. ആക്രമണത്തെത്തുടർന്നു ബോധമറ്റുവീണ ഷീലയെ തൊഴിലാളികൾ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണു മൂന്നാറിൽ വന്യമൃഗ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ലക്ഷ്മിനാഗർമുടി സ്വദേശി രവികുമാർ ഓടിച്ചിരുന്ന ട്രാക്ടറിനു നേരെ കടുവ ചാടിയിരുന്നു.