ADVERTISEMENT

രാജകുമാരി ∙ ചൊക്രമുടിയിൽ ഭൂമാഫിയ നോവേൽപിച്ചിട്ടും അവശേഷിച്ച കുറിഞ്ഞി മൊട്ടുകൾ വിരിഞ്ഞു. ചൊക്രമുടിയുടെ താഴ്ഭാഗത്ത് വിവാദമായ ഭൂമി കയ്യേറ്റവും അനധികൃത നിർമാണവും നടന്ന സ്ഥലത്തിന് സമീപമാണ് ചോലക്കുറിഞ്ഞികൾ പൂവിട്ടത്. നീലക്കുറിഞ്ഞിയും ചോലക്കുറിഞ്ഞിയുമാണ് ചൊക്രമുടി മലനിരകളിലെ പ്രധാന ഇനങ്ങൾ. 2014 ലാണ് ഇതിനു മുൻപ് ചൊക്രമുടിയിൽ നീലക്കുറിഞ്ഞി പൂവിട്ടത്. ഇനി 2026 ലാണ് ചൊക്രമുടിയിലെ കുറിഞ്ഞിക്കാലം. എന്നാൽ അതിനു മുൻപ് തന്നെ ചോലക്കുറിഞ്ഞികൾ ഒറ്റതിരിഞ്ഞ് പൂവിട്ടു.

നീലക്കുറിഞ്ഞി പൂവിടുന്നതിന് 12 വർഷം വേണമെങ്കിലും പത്താം വർഷം മുതൽ ചോലക്കുറിഞ്ഞികൾ  പൂവിടാറുണ്ടെന്ന് വിദഗ്ധർ പറയുന്നു. പശ്ചിമഘട്ട മലനിരകളിൽ രാജമലയും കൊളുക്കുമലയും കഴിഞ്ഞാൽ ഏറ്റവുമധികം നീലക്കുറിഞ്ഞി പൂക്കുന്നത് ചൊക്രമുടിയിലാണ്. 876 ഏക്കറിലധികം വരുന്ന ചൊക്രമുടിയുടെ താഴ്‌വാരം ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. രാജമലയിലും കൊളുക്കുമലയിലും കാണപ്പെടുന്ന വരയാടുകൾ ചൊക്രമുടിയിലുമുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്. ജില്ലയിൽ നീലക്കുറിഞ്ഞി പൂവിടുന്ന മറ്റ് സ്ഥലങ്ങളിലൊന്നും വരയാടുകളില്ല. 

കേസെടുക്കാൻ വനംവകുപ്പിന് മടി
∙ചൊക്രമുടിയിൽ റെഡ് സോണിലുൾപ്പെടുന്ന 14 ഏക്കറിലധികം സ്ഥലത്ത് സ്വകാര്യ വ്യക്തികൾ പാറ പൊട്ടിച്ചും റോഡ്, തടയണ എന്നിവ നിർമിച്ചു നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള ജൈവ സമ്പത്ത് രാസവസ്തുക്കൾ ഉപയോഗിച്ച് ഉണക്കിയതായും ഉത്തര മേഖല ഐജി കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മണ്ണിളക്കി ഭൂമി പ്ലോട്ടുകളായി തിരിക്കുകയും റോഡ് നിർമിക്കുകയും ചെയ്തതോടെ ഏക്കർ കണക്കിന് ഭൂമിയിലെ കുറിഞ്ഞി ചെടികളാണ് നശിച്ചത്.

കഴിഞ്ഞ വർഷം നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. നീലക്കുറിഞ്ഞി ഉൾപ്പെടെ 25 സംരക്ഷിത സസ്യങ്ങളാണ് രാജ്യത്തുള്ളത്. സംരക്ഷിത സസ്യങ്ങൾ നശിപ്പിക്കുകയോ അനധികൃതമായി കൈവശം വയ്ക്കുകയോ ചെയ്താൽ 1972 ലെ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാവുന്നതാണ്.  എന്നാൽ ചൊക്രമുടിയുടെ താഴ്ഭാഗത്ത് കുറിഞ്ഞിച്ചെടികൾ നശിപ്പിച്ചവർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. വനം വകുപ്പിന്റെ ഭൂമിയല്ല ഇതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

ചോലക്കുറിഞ്ഞി എന്ന വകഭേദം
∙സ്ട്രൊബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന നീലക്കുറിഞ്ഞിക്കു പുറമേ, സ്ട്രൊബിലാന്തസ് കുടുംബത്തിലെ തന്നെ ഗ്രാസിലിസ്, ലുറിഡസ്, അർസിയോലാറിസ്, നിയോസ്പർ, പൾനിയൻസിസ് തുടങ്ങിയ ഇനങ്ങളെയല്ലാം ചോലക്കുറിഞ്ഞി എന്നാണറിയപ്പെടുന്നത്. പൂവിന്റെയും ചെടിയുടെയും വലുപ്പം, പൂക്കളുടെ നിറം, ആകൃതി, ഇലകളുടെ വലുപ്പ ചെറുപ്പവുമെല്ലാം വകഭേദങ്ങൾക്ക് കാരണമാകുന്നു. ഇന്ത്യയിൽ 150 തരം കുറിഞ്ഞിയുള്ളതിൽ  47 എണ്ണം പശ്ചിമഘട്ട മലനിരകളിലുണ്ട്. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിൽ മാത്രം ഇരുപതിനം കുറിഞ്ഞികൾ ഉണ്ടെന്നാണു കണ്ടെത്തൽ.

English Summary:

This article highlights the recent blooming of Shola Kurinji flowers in Chokramudi, even amidst illegal land encroachment and construction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com