ചെങ്കുത്തായ കൊക്ക: സുരക്ഷാ സംവിധാനമില്ലാതെ കുമളി - മൂന്നാർ റോഡ്

Mail This Article
നെടുങ്കണ്ടം ∙ അപകടങ്ങൾ തുടർക്കഥയായ കുമളി -മൂന്നാർ സംസ്ഥാന പാതയിൽ വേണ്ടത്ര സുരക്ഷാസംവിധാനമില്ല. അപകടത്തിൽ തകർന്ന ക്രാഷ് ബാരിയറുകൾ പുനഃസ്ഥാപിക്കാനും നടപടിയില്ല. വിദേശ വിനോദ സഞ്ചാരികളുടേതുൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിലാണ് അധികാരികളുടെ അനാസ്ഥ.
റോഡിന് സമീപം ചെങ്കുത്തായ കൊക്കയുള്ള നെടുങ്കണ്ടം മുതൽ കൽകൂന്തൽ വരെയുള്ള ഭാഗത്താണ് കൂടുതൽ ഭീഷണി. നാളുകൾ നീണ്ട പരാതികൾക്കൊടുവിലാണ് അപകടങ്ങൾ പതിവായ ചില സ്ഥലങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചത്. ഏറ്റവുമൊടുവിലായി വാഹനാപകടമുണ്ടായ കൽകൂന്തലിനു സമീപത്തെ കൊടും വളവിലെ ക്രാഷ് ബാരിയർ തകർത്താണ് കാർ നൂറടിയോളം താഴ്ചയിലേക്ക് പതിച്ചത്.
കഴിഞ്ഞ ഡിസംബറിലുണ്ടായ അപകടത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേൽക്കുകയും കാർ പൂർണമായി തകരുകയും ചെയ്തിരുന്നു. എന്നാൽ വാഹനം ഇടിച്ചു തകർന്ന ക്രാഷ് ബാരിയർ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. മാത്രമല്ല തകർന്ന ബാരിയറിന്റെ ഭാഗങ്ങൾ കൂടുതൽ അപകടഭീഷണിയായി തുടരുകയാണ്.
ചെറുതും വലുതുമായ പത്തോളം വാഹനങ്ങൾ ഇതേ സ്ഥലത്ത് ഇതുവരെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. മേഖലയിൽ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. അപകടങ്ങൾ തുടർക്കഥയായ സംസ്ഥാന പാതയിൽ റോളിങ് ബാരിയർ പോലെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.