ഈസ്റ്ററിന്റെ വരവറിയിച്ച് മൂന്നാറിൽ ഈസ്റ്റർ ലില്ലികൾ പൂവിട്ടു

Mail This Article
മൂന്നാർ ∙ ഈസ്റ്ററിന്റെ വരവറിയിച്ച് മൂന്നാറിൽ ഈസ്റ്റർ ലില്ലികൾ പൂത്തു. ഹൈറേഞ്ചിലെ ഏറ്റവും പുരാതന ദേവാലയമായ പഴയ മൂന്നാറിലെ സിഎസ്ഐ പള്ളിയുടെ സെമിത്തേരിയിലാണ് ഈസ്റ്റർ ലില്ലികൾ വ്യാപകമായി പൂവിട്ടത്. ബൈബിളിൽ സോളമൻ രാജാവിന്റെ സർവ മഹത്വങ്ങളെക്കാളും മഹത്വമുള്ളത് എന്നാണ് ലൂക്കായുടെ സുവിശേഷത്തിൽ ഈസ്റ്റർ ലില്ലിയെ വർണ്ണിച്ചിരിക്കുന്നത്. ‘അമാറില്ലീസ് ബെല്ലാ ഡോണാ’ എന്നാണ് ശാസ്ത്രനാമം. യൂറോപ്യൻ രാജ്യങ്ങളിൽ ചതുപ്പു സ്ഥലങ്ങളിലും പുഴയോരത്തും കണ്ടു വരുന്ന ഈസ്റ്റർ ലില്ലി തേയില വ്യവസായത്തിനെത്തിയ ബ്രിട്ടിഷുകാരാണ് മൂന്നാറിലെത്തിച്ചത്. തൂവെള്ളയും പർപ്പിളും നിറങ്ങളാണ് ഈസ്റ്റർ ലില്ലിയുടെ പൂക്കൾക്ക്. ഇതിൽ പർപ്പിൾ നിറമുള്ള പിങ്ക് ബെല്ല ഡോണ ഇനത്തിലുള്ളവയാണ് മൂന്നാറിൽ പൂത്തു നിൽക്കുന്നത്. ക്രൈസ്തവരുടെ വലിയ നോമ്പിലാണ് ഇവയുടെ പൂക്കാലം. സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ആത്മീയതയുടെയും പ്രതീകമായാണ് ഈസ്റ്റർ ലില്ലി അറിയപ്പെടുന്നത്.