ADVERTISEMENT

ഇരിക്കൂർ ∙ പ്രതിദിനം എഴുന്നൂറിലേറെ പേർ ചികിത്സ തേടിയെത്തുന്ന ഒപി. നൂറ്റിയൻപതോളം പേരെത്തുന്ന സായാഹ്ന ഒപി. വിശാലമായ കെട്ടിട സൗകര്യങ്ങൾ. നാട്ടിലെ ആശുപത്രിയുടെ വികസനത്തിനുവേണ്ടി കയ്യയച്ചു സഹായിക്കുന്ന പ്രവാസി സംഘടനകൾ.. എല്ലാമുണ്ടായിട്ടും ഇരിക്കൂറിലെ സർക്കാർ ആശുപത്രിയോടു മുഖംതിരിഞ്ഞ് സർക്കാർ.

2015 സെപ്റ്റംബറിലെ മന്ത്രിസഭാ തീരുമാനപ്രകാരം കാഷ്വൽറ്റി സൗകര്യത്തോടുകൂടിയുള്ള താലൂക്ക് ആശുപത്രിയായി ഉയർത്തിയ ആതുരാലയമാണ് ഇരിക്കൂറിലേത്. 2015 നവംബർ 16ന് ഇതുസംബന്ധിച്ച ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ അന്നു മന്ത്രിയായിരുന്ന കെ.സി.ജോസഫ് ഇതിന്റെ പ്രഖ്യാപനവും നടത്തി. 

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നരക്കോടിയോളം ചെലവഴിച്ചു കെട്ടിട സൗകര്യങ്ങളും ഒരുക്കി. എന്നാൽ ഭരണം മാറിയതോടെ ഇരിക്കൂറിൽ ഉയർന്നു കേൾക്കുന്നത് അവഗണനയുടെ കഥകളാണെന്നു നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയും കെ.സി.ജോസഫ് എംഎൽഎയും ഒരേ സ്വരത്തിൽ പറയുന്നു.

താലൂക്ക് ആശുപത്രിയായി ഉയർത്തിയതിന്റെ ഭാഗമായി 4 സ്‌പെഷലിസ്‌റ്റ് തസ്തികകൾ സൃഷ്ടിച്ചിരുന്നു. നേരത്തെയുണ്ടായിരുന്ന 6 ഡോക്ടർമാർ ഉൾപ്പെടെ 10 പേർ വേണ്ടിടത്ത് ഇപ്പോഴുള്ളതു നാലുപേർ മാത്രം. ഒരു തസ്തികയിൽ ആളില്ല. രണ്ടുപേർ പ്രസവാവധിയിലും ഒരാൾ ദീർഘകാല മെഡിക്കൽ അവധിയിലുമാണ്. രണ്ടുപേരെ ശബരിമല ഡ്യൂട്ടിക്കും അയച്ചു.

കുത്തിവയ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഒരാൾക്കു പുറത്തുപോകേണ്ടി വന്നാൽ ആശുപത്രിയിൽ ബാക്കിയാവുക മൂന്നു പേർ. ഇതിൽ ഒരാൾ വൈകിട്ടുള്ള ഒപി നോക്കും. രാവിലെ എഴുന്നൂറിലേറെപ്പേരെ നോക്കാനും കിടത്തിചികിത്സയിലുള്ള രോഗികളെ പരിചരിക്കാനും രണ്ടുപേർ മാത്രം.മലയോര മേഖലയിലെ പ്രധാന കിടത്തി ചികിത്സാ കേന്ദ്രമാണ് ഇരിക്കൂർ താലൂക്ക് ആശുപത്രി.

ഇരിക്കൂർ പഞ്ചായത്തിലെ മാത്രമല്ല, പടിയൂർ, പയ്യാവൂർ, മലപ്പട്ടം, മട്ടന്നൂർ നഗരസഭയുടെ മണ്ണൂർ ഭാഗം, ശ്രീകണ്ഠപുരം, ഇരിട്ടി നഗരസഭകളോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം രോഗികൾ ഇവിടേക്ക് എത്തുന്നു. സംസ്ഥാന പാതയോരത്താണ് എന്നതിനാൽ യാത്രാ സൗകര്യം ലഭിക്കുന്നതും രോഗികൾക്ക് ആശ്വാസമാണ്.

1960 കാലഘട്ടത്തിൽ പ്രസവ വാർഡ് ഉൾപ്പെടെ സൗകര്യങ്ങളുണ്ടായിരുന്ന ആരോഗ്യകേന്ദ്രമായിരുന്നു ഇത്. കാഷ്വൽറ്റി, ഓപ്പറേഷൻ തിയറ്ററുകൾ, ഗൈനക്കോളജി വിഭാഗം, കുട്ടികളുടെ ചികിത്സാ വിഭാഗം, എക്‌സ്‌റേ എന്നിവ ഇവിടെ തുടങ്ങണമെന്നാണു നാട്ടുകാരുടെ ആവശ്യം. സംസ്ഥാന പാതയോരത്തായതിനാൽ ട്രോമ കെയർ സംവിധാനവും വേണം. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയെ ഉൾപ്പെടെ കണ്ട് ആവശ്യങ്ങൾ അറിയിച്ചിരുന്നു. അനുഭാവപൂർവം പരിഗണിക്കാമെന്ന വാക്കിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇരിക്കൂറുകാർ.            

ടിഎച്ച്, സിഎച്ച്സി, പിഎച്ച് ഏതാണ് ഇരിക്കൂറിലേത്?

ഇരിക്കൂറിലേതു താലൂക്ക് ആശുപത്രിയാണോ (ടിഎച്ച്) സാമൂഹികാരോഗ്യ കേന്ദ്രമാണോ (സിഎച്ച്എസി) പ്രാഥമിക ആരോഗ്യകേന്ദ്രമാണോ (പിഎച്ച്സി) എന്ന കാര്യത്തിൽ ആരോഗ്യവകുപ്പിനു തന്നെ ഉറപ്പില്ലാത്ത സ്ഥിതിയിലാണു കാര്യങ്ങൾ. ആശുപത്രിയിലേക്ക് അയയ്ക്കുന്ന കത്തുകളിൽ ചിലയിടത്ത് സിഎച്ച്സി എന്നും ചിലയിടത്ത് പിഎച്ച്സി എന്നും ചിലയിടത്ത് താലൂക്ക് ആശുപത്രിയെന്നുമെല്ലാം തരാതരംപോലെ രേഖപ്പെടുത്തുന്നു.

"സർക്കാരുകൾ തുടർച്ചയാണ്. ഭരണം മാറുമ്പോൾ മുൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ പാടേ അവഗണിക്കുന്നതു ശരിയല്ല. ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം." - കെ.സി.ജോസഫ് എംഎൽഎ

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com