പയ്യാവൂർ ഊട്ടുത്സവത്തിന്റെ മഹോത്സവം ഇന്ന്

Mail This Article
ശ്രീകണ്ഠപുരം∙പ്രശസ്തമായ പയ്യാവൂർ ഊട്ടുത്സവത്തിന്റെ മഹോത്സവം ഇന്നു നടക്കും. ആയിരക്കണക്കിനാളുകൾ പയ്യാവൂരിൽ ഒത്തു ചേരുന്ന ദിവസമാണ് ഇന്ന്. ചൂളിയാട്ടുകാരുടെ പ്രശസ്തമായ ഓമനക്കാഴ്ച, കുടകരുടെ മടക്കയാത്ര, നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കൽ, കോമരത്തച്ചന്റെ കുഴിയടുപ്പിൽ നൃത്തം എന്നിവയെല്ലാം ഇന്ന് നടക്കും.
കുടക് മലയാളി കൂട്ടായ്മയ്ക്ക് കേളി കേട്ട ഉത്സവത്തിൽ പങ്കെടുക്കാൻ നിരവധി കുടകർ ഇന്നലെ രാവിലെ മുതൽ ഇവിടെ എത്തിയിട്ടുണ്ട്. നാടിന്റെ നാനാഭാഗങ്ങളിലെ നെയ്യമൃതു മഠങ്ങളിൽ ഉത്സവാരംഭം മുതൽ വ്രതാനുഷ്ഠാനത്തിൽ കഴിയുന്ന ഭക്തർ ഒറ്റയായും, കൂട്ടായും പയ്യാവൂരിലേക്ക് എത്തിത്തുടങ്ങി.
ഇന്ന് രാവിലെ മുതൽ ക്ഷേത്രത്തിൽ നെയ്യൊപ്പിക്കും. ഉച്ചയ്ക്ക് കോമരത്തച്ചനും, നെയ്യമൃതുകാരും ചേർന്ന് കുഴിയടുപ്പിൽ നൃത്തം ഉണ്ടായിരിക്കും. നെയ്യമൃതുകാരുടെ അടീലൂണ് നാളെയാണ്.അടീലൂണിന് ആവശ്യമായ പഴക്കുലകളാണ് വൈകിട്ട് ഓമനക്കാഴ്ചയായി ചൂളിയാട് നിന്ന് എത്തുന്നത്.
ഓമനക്കാഴ്ചയ്ക്ക് വൈകിട്ട് ക്ഷേത്ര പരിസരത്ത് വൻ സ്വീകരണമൊരുക്കും. ഓമനക്കാഴ്ച ക്ഷേത്രത്തിൽ എത്തുന്നതോടെ കുടകർ മടങ്ങും. ഉത്സവാരംഭ ദിനത്തിൽ കാളപ്പുറത്ത് അരിയുമായി എത്തിയ കുടകർ കാളകളെ ഓടിച്ചു കൊണ്ടാണ് മടക്കയാത്ര. കുടകരെ യാത്രയാക്കാനും, ഓമനക്കാഴ്ചയെ സ്വീകരിക്കാനുമാണ് ഭക്തജനങ്ങൾ ഒത്തു ചേരുന്നത്.
പഴക്കുലകൾ പുറത്തെടുത്തു
ഓമനക്കാഴ്ചയ്ക്കുള്ള അടുക്കൻ കുലകൾ പുറത്തെടുത്തു. ചൂളിയാട്ടെ തൈവളപ്പ്, തടത്തിൽകാവ്, നല്ലൂർ, മടപ്പുരക്കൽ, ചമ്പോച്ചേരി എന്നിവിടങ്ങളിലെ 5 കുഴികളിൽ നിന്ന് പുറത്തെടുത്ത അടുക്കൻകുലകൾ ഇവിടെ പ്രത്യേകം പന്തലുകളിൽ തൂക്കിയിട്ടിരിക്കുകയാണ്. 5 പന്തലുകളിലായാണ് ഇവ തൂക്കിയിട്ടിരിക്കുന്നത്. ഇന്നു രാവിലെ 10 മണിയോടെ തടത്തിൽകാവിൽ നിന്നും മേലായി കുഞ്ഞിമ്പിടുക്ക കുഞ്ഞിരാമൻ നമ്പ്യാർ ഓലക്കുടയുമായി മുന്നിൽ നിന്ന് കാഴ്ചയെ പയ്യാവൂരിലേക്ക് നയിക്കും
3000 വാഴക്കുലകൾ തണ്ടുകളിൽ കെട്ടിയാണ് പയ്യാവൂരിലേക്ക് കാൽനടയായി കൊണ്ടു പോകുക.15 കിലോമീറ്റർ നടന്ന് പയ്യാവൂർ ശിവക്ഷേത്രത്തിൽ എത്തുന്ന ഓമനക്കാഴ്ചയ്ക്ക് വഴി നീളെ സ്വീകരണവും ഉണ്ട്. കുംഭമാസം പിറന്നാൽ ഓമനക്കാഴ്ചയ്ക്കായി ചൂളിയാട്, അഡുവാപ്പുറം മേഖലയിൽ വ്രതാനുഷ്ഠാനം തുടങ്ങും. വൈകിട്ട് 4 മണിയോടെയാണ് കാഴ്ച പയ്യാവൂരിൽ എത്തുക.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം അവധി; പ്രത്യേക ബസ് സർവീസ്
പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന്റെ മഹോത്സവ ദിവസമായത് കൊണ്ട് ഇന്ന് രാവിലെ മുതൽ ശ്രീകണ്ഠപുരത്ത് നിന്ന് പയ്യാവൂരിലേക്ക് പ്രത്യേകം ബസ് സർവീസുകൾ ഉണ്ടായിരിക്കും. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ഉച്ച കഴിഞ്ഞ് അവധി നൽകിയിട്ടുണ്ട്. ആയിരക്കണക്കിനാളുകൾ ഉച്ച കഴിഞ്ഞ് പയ്യാവൂരിൽ കൂടിച്ചേരുന്ന സാഹചര്യത്തിൽ സ്ഥലത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.