കാട്ടുതീ തടഞ്ഞ് അഗ്നിരക്ഷാസേന
Mail This Article
പെരിങ്ങോം ∙ ഇരട്ടക്കുളം പാറയിൽ കാട്ടുതീ പടർന്നു. 100 ഏക്കറിന് മുകളിൽ പുൽമേടുകളും കശുമാവിൻ തോട്ടവും കത്തിനശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12നാണ് കാട്ടുതീ ഭീതിപടർത്തിയത്. പെരിങ്ങോം ഫയർ സ്റ്റേഷൻ ഓഫിസർ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്നി രക്ഷാസേനയുടെ അവസരോചിതമായ ഇടപെടലിലൂടെ കാട്ടുതീ വീടുകളിലേക്ക് പടരാതെ തടഞ്ഞു നിർത്തി. പെരിങ്ങോം, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുമെത്തിയ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സംഘവും സിആർപിഎഫ് ക്യാംപ് ഡപ്യൂട്ടി കമാൻഡന്റ് ഡോമനിക്ക് മുക്കുഴിയുടെ നേതൃത്വത്തിലെത്തിയ ജവാൻമാരും നാട്ടുകാരും മൂന്ന് മണിക്കൂറോളം നടത്തിയ പ്രതിരോധമാണ് സമീപ വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും തീപടരാതെ പിടിച്ചു നിർത്തിയത്.
തീപിടിത്തം വ്യാപിക്കുമെന്ന് മുന്നറിയിപ്പ്
പെരിങ്ങോം ∙ വെയിൽ കനത്തതോടെ മലയോര മേഖലയിൽ കാട്ടുതീപടരുന്നു. പെരിന്തട്ട ചുണ്ടതട്ട് പ്രദേശത്തുണ്ടായ വൻ തീപിടിത്തത്തിൽ ഒരു ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. കണ്ണാടിപ്പൊയിൽ പാറയിലും വൻതീപിടുത്തമുണ്ടായി. എരമം പുല്ലുപാറ, പെരിങ്ങോം സിആർപിഎഫ് ക്യാംപ് പരിസരം, വെള്ളോറ അനിക്കം, തിമിരി ഔവർ കോളജ്, മടക്കാം പൊയിൽ പ്രദേശങ്ങളിൽ കാട്ടുതീപടരുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം അനിക്കം പാറയിൽ 10 ഏക്കറോളം സ്ഥലം കത്തി നശിച്ചിരുന്നു. ഫയർ എൻജിന് കടന്നുപോകാൻ പറ്റാത്ത റോഡുകളാണ് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നതെന്ന് അഗ്നി രക്ഷാസേനാംഗങ്ങൾ പറയുന്നു. വേനലിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ കാട്ടുതീപടർന്ന് വൻ കൃഷി നാശം സംഭവിക്കുമെന്ന് സേനാംഗങ്ങൾ മുന്നറിയിപ്പ് നൽകുന്നു. വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ ഫയർ ബ്രേക്ക് നിർമിച്ചും തീ അശ്രദ്ധമായി കൈകാര്യം ചെയ്യാതെയും തീപിടുത്തം തടയുന്നതിൽ മുൻ കരുതൽ സ്വീകരിക്കണമെന്ന് സ്റ്റേഷൻ ഓഫിസർ പി.വി.അശോകൻ അറിയിച്ചു.