കനത്ത കാറ്റിൽ പൊട്ടിവീണത് 6 വൈദ്യുതത്തൂണുകൾ: ഉറക്കമൊഴിഞ്ഞ് നന്നാക്കാനിറങ്ങിയ ജീവനക്കാർക്ക് കയ്യടി
Mail This Article
കരിവെള്ളൂർ ∙ തിമർത്തു പെയ്തവേനൽമഴയും ആഞ്ഞുവീശിയ കാറ്റും കഴിഞ്ഞ ദിവസം രാത്രി കരിവെള്ളൂരിൽ ഇരുട്ട് പരത്തി. ഒരുരാത്രി കൊണ്ട് ആറ് വൈദ്യുതത്തൂണുകൾ പൊട്ടിവീണു. കെഎസ്ഇബി ജീവനക്കാർ നാടിനു വേണ്ടി ഉണർന്നിരുന്ന് വെളിച്ചം പകർന്നു. രാത്രിയോടെ കുണിയൻ, കുതിര്, തെക്കെമണക്കാട്, മതിരക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് തൂണുകൾ നിലംപതിച്ചത്. കെഎസ്ഇബി ഓഫിസിലേക്ക് വിവരം എത്തിയതോടെ മഴയെയും കാറ്റിനെയും തരണം ചെയ്ത് ജീവനക്കാർ രംഗത്തിറങ്ങി. അപകടം ഒഴിവാക്കാനുള്ള പ്രവൃത്തികൾ ആദ്യം ചെയ്തു. അപ്പോഴേക്കും മറ്റൊരു സ്ഥലത്ത് വൈദ്യുതക്കമ്പിക്ക് മുകളിൽ മരം പൊട്ടിവീണ സംഭവം അറിഞ്ഞു. \
രാത്രി 12 മണി വരെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള ഓട്ടത്തിലായിരുന്നു ജീവനക്കാർ. പരമാവധി ആളുകൾക്ക് വൈദ്യുതി എത്തിച്ച് വെളിച്ചം നൽകി. നേരം വെളുക്കുന്നത് വരെ ഇവർ ഉണർന്നിരുന്നു. ഇന്നലെ പകൽ മുഴുവൻ തൂണുകൾ പൂർവസ്ഥിതിയിലാക്കാനും കമ്പികൾ പുനഃസ്ഥാപിക്കാനുമുള്ള ജോലിയിൽ ഏർപ്പെട്ടു. നാടിന് വെളിച്ചം നൽകാൻ രാവന്തിയോളം പണിയെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും നാട്ടുകാർ നന്ദി പറഞ്ഞു. ആദ്യ മഴയിൽ തന്നെ വൈദ്യുതത്തൂണുകൾ പൊട്ടി വീണത് ജീവനക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കി. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് വൈദ്യുതത്തൂണുകൾ പരിശോധിക്കണമെന്നും അപകടഭീഷണിയായ മരച്ചില്ലകൾ മുറിച്ചുമാറ്റണമെന്നുമാണ് നാടിന്റെ ആവശ്യം.