മാക്കൂട്ടം– പെരുമ്പാടി ചുരം നവീകരണം തുടങ്ങി

Mail This Article
ഇരിട്ടി∙ തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ ഭാഗമായി കർണാടകയുടെ അധീനതയിലുള്ള മാക്കൂട്ടം – പെരുമ്പാടി ചുരം പാതയിൽ കേരള അതിർത്തി ഭാഗത്ത് നവീകരണം തുടങ്ങി. കൂട്ടുപുഴപ്പാലം മുതൽ മാക്കൂട്ടം വരെ 1.4 കിലോമീറ്റർ ദൂരം 2.7 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. മഴയ്ക്ക് മുൻപേ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കരാർ കമ്പനി ഉടമ നാമേര ബല്യപ്പ നവീൻ അറിയിച്ചു.കേരളത്തിലേക്ക് വഴി തുറക്കുന്ന മാക്കൂട്ടം – പെരുമ്പാടി ചുരം പാതയുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു കഴിഞ്ഞ ജനുവരി 10 ന് കൂട്ടുപുഴ പാലം അതിർത്തി വരെ റോഡിൽ സന്ദർശനം നടത്തിയ കർണാടക മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും വിരാജ്പേട്ട എംഎൽഎ എ.എസ്.പൊന്നണ്ണയും അറിയിച്ചിരുന്നു.
നിലവിൽ 3 റീച്ചുകളിലായാണു ചുരം നവീകരിക്കുന്നത്. പെരുമ്പാടി മുതൽ കൂട്ടുപുഴ ഭാഗത്തേക്കുള്ള 2.3 കിലോമീറ്റർ ദൂരം 5 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ നവീകരിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ വിളിച്ചതായി കർണാടക മരാമത്ത് വിഭാഗം അറിയിച്ചു. അവശേഷിച്ച 12 കിലോമീറ്റർ ചുരംപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നതിനൊപ്പം വിവിധ ഘട്ടങ്ങളിലായി നവീകരണം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.