കുന്നുകൂട്ടേണ്ട, മാലിന്യം: ആയുർവേദാശുപത്രി വളപ്പിൽ മാലിന്യസംഭരണ കേന്ദ്രം; പ്രതിഷേധവുമായി കോൺഗ്രസ്

Mail This Article
ചെറുപുഴ∙ ആയുർവേദാശുപത്രി വളപ്പിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്ത്. പ്രാപ്പൊയിൽ ഈസ്റ്റിലെ ആയുഷ് പ്രാഥമിക ആരോഗ്യകേന്ദ്രം വക സ്ഥലത്ത് മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെയാണു കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തുവന്നത്. ആരോഗ്യകേന്ദ്രത്തിനു സമീപം മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നത് ഭാവിയിൽ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും, പ്രദേശവാസികളുടെ എതിർപ്പിനെ അവഗണിച്ചാണു മാലിന്യസംഭരണ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ഇതിനുപുറമെ ആശുപത്രിയുടെ സ്ഥലത്തിനു ചുറ്റിലും നിർമിച്ച സംരക്ഷണഭിത്തി തകർത്തതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.പഞ്ചായത്ത് ഭരണസമിതിയെ പോലും അറിയിക്കാതെയാണു പ്രാപ്പൊയിൽ ഈസ്റ്റിൽ മാലിന്യസംഭരണ കേന്ദ്രം നിർമിക്കുന്നത്. മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സംരക്ഷണഭിത്തി തകർത്തതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും സ്ഥലം സന്ദർശിച്ച ഡിസിസി നിർവാഹക സമിതിയംഗം ആലയിൽ ബാലകൃഷ്ണൻ,വാർഡ് പ്രസിഡന്റുമാരായ സാജു കണിയാംപറമ്പിൽ,ടി.എം.പ്രശാന്ത്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി.പി.ബാലകൃഷ്ണൻ,ടി.വി.ജനാർദ്ദനൻ,മത്തായി പാലായ്ക്കാമണ്ണിൽ എന്നിവർ ആവശ്യപ്പെട്ടു.ഇതുസംബന്ധിച്ച് ഓംബുഡ്സ്മാനും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.