ചെമ്മനാട് പഞ്ചായത്തിലെ നാറ്റക്കേസ്: കെടുകാര്യസ്ഥതയുടെ ഇര, വൃത്തിയുടെ കാര്യത്തിൽ അധികൃതരെ നമിക്കാം

Mail This Article
അധികൃതരുടെ കെടുകാര്യസ്ഥതയുടെ ഇരയാണു മേൽപറമ്പിലെ മീൻ മാർക്കറ്റ്, അത്രയേറെ വൃത്തിഹീനമായ അവസ്ഥയിലാണ് ഈ കെട്ടിടവും പരിസരവും.
മേൽപറമ്പ് ∙ മേൽപറമ്പിൽ ചെമ്മനാട് പഞ്ചായത്തു നിർമിച്ച പീടികമുറി സഹിതമുള്ള മീൻചന്ത കെട്ടിടം ഒന്നു കാണണം. ‘ശുദ്ധജലം കുടിക്കൂ, അശുദ്ധ ജലം അപകടകാരി, പരിസരം വൃത്തിയായി സൂക്ഷിക്കുക’ തുടങ്ങിയ ബോധവൽക്കരണ സന്ദേശങ്ങൾ വൃത്തിയായി പതിപ്പിച്ചിട്ടുണ്ട് ഇവിടെ. എന്നാൽ സാഹചര്യം നേർ വിപരീതമാണ്. വൃത്തിയുടെ കാര്യത്തിൽ പൊതുജനാരോഗ്യ വകുപ്പിനെ നമിക്കും! 2003 മാർച്ച് 30ന് ഉദ്ഘാടനം ചെയ്തതാണു കെട്ടിടം. മുകളിൽ 3 മുറികളും താഴെ ഒരു പീടിക മുറിയും മീൻ വിൽപന ഹാളുമാണുള്ളത്.

കാട് മൂടിയ കെട്ടിടം
കാട് മൂടിക്കിടക്കുന്നതാണു കെട്ടിടത്തിന്റെ മേൽക്കൂര. മഴക്കാലത്ത് ഇതിൽ വെള്ളം കെട്ടിക്കിടന്നു കൊതുകു വളരും. കെട്ടിടത്തിനും കിണറിനും അരികിൽത്തന്നെ ഓട്ടോറിക്ഷകളുടെ പാർക്കിങ്ങും 4 ഡ്രൈവർമാർക്കുള്ള കോൺക്രീറ്റ് ഇരിപ്പിടവും ഉണ്ട്. അവർക്കും പറയാനുള്ളത് ദുരിത കഥ മാത്രം. ഇവിടെ മലിനജലവും പ്ലാസ്റ്റിക് മാലിന്യവും കെട്ടിക്കിടക്കുന്നു.

കീഴൂർ നിന്നുള്ള 22 സ്ത്രീകൾ ഇവിടെ വന്നു മീൻ വിൽപന നടത്തുന്നുണ്ട്. രാവിലെ 10 മുതൽ രാത്രി 8 വരെ നീളുന്നു മീൻ വിൽപന. ഇവർക്ക് ആവശ്യമായ ശുചിമുറി സൗകര്യം ഇല്ല. കെട്ടിടത്തിൽ ശുചിമുറിക്കു വേണ്ടി മാറ്റി വച്ച മുറിയിൽ വൈദ്യുതി മീറ്റർ ആണ് ഉള്ളത്.
കിണർ നശിക്കുന്നു
ശുദ്ധജലം കിട്ടാൻ ഒരു മാർഗവും ഇല്ല. കടുത്ത വേനലിൽ പോലും വറ്റാത്ത ഒരു കിണർ ഉണ്ടെങ്കിലും അത് വൃത്തിയാക്കിയിട്ടില്ല. കാട് മൂടിയ നിലയിലാണ് കിണർ. 3 സോഡ ഫാക്ടറിക്കും 4 ഹോട്ടലുകൾക്കും വേണ്ടി വെള്ളം കൊണ്ടു പോയിരുന്നത് ഈ കിണറ്റിൽ നിന്നാണ്.
പൈപ്പ് കണക്‌ഷൻ കൊടുത്താൽ വെള്ളം ഒഴിച്ച് മീൻ വിൽപന ഹാൾ വൃത്തിയാക്കാനും മീൻ വിൽക്കുന്ന സ്ത്രീകൾക്ക് ഉപയോഗിക്കാനും കഴിയുമായിരുന്നു. കെട്ടിടത്തിനു മുകളിൽ ജലസംഭരണിയുണ്ടെങ്കിലും വെള്ളം എത്തിക്കാൻ മാർഗം ഇല്ല.
വെളിച്ചം ഇല്ലേയില്ല
രാത്രി മീൻ ഇറക്കിയാൽ വെളിച്ചം ഇല്ലാത്തതിനാൽ ടൗണിലെ മറ്റു കടകൾക്കു സമീപം റോഡരികിൽ ഇരുന്നാണു സ്ത്രീകളടക്കം മീൻ വിൽക്കുന്നത്. ബൾബുകളെല്ലാം കാലപ്പഴക്കം കാരണം നശിച്ചു. കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ച വിളക്ക് ഏതാനും വർഷം പ്രകാശി ച്ചിരുന്നു. സമീപത്തെ തെരുവു വിളക്കാണ് ഏക ആശ്രയം.