വേനൽ കടുക്കുന്നു വറ്റിവരണ്ട് ജലാശയങ്ങൾ
Mail This Article
തൃക്കരിപ്പൂർ ∙ ചുട്ടെരിയുന്ന വേനലിൽ ജലസമൃദ്ധിയുള്ള കുളങ്ങളും വരളുന്നു. ശുദ്ധജല ക്ഷാമം പലേടത്തും രൂക്ഷതയിലേക്ക്. ചെറുകിട ജല വിതരണ പദ്ധതികളിൽ നവീകരണം നടത്തി ജലക്ഷാമം പരിഹരിക്കുന്നതിനു നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായി.കഴിഞ്ഞ രണ്ടാഴ്ചക്കകം കിണറുകളിൽ വലിയതോതിൽ വെള്ളം കുറഞ്ഞു.
അടുത്ത ദിവസങ്ങളിലായി കുളങ്ങളും വരളുന്ന സ്ഥിതിയായി. ജല സമൃദ്ധമായ കുളങ്ങൾ പോലും വർഷത്തിന്റെ തുടക്കത്തിൽ തന്നെ വരൾച്ചയുടെ പിടിയിലായത് ആശങ്കപ്പെടുത്തി. കുളങ്ങളിലെ വരൾച്ച പച്ചക്കറി കൃഷിയെ ഉൾപ്പെടെ ബാധിക്കുന്നുണ്ട്. വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പദ്ധതികളെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളിൽ ചിലേടത്ത് ജലക്ഷാമം രൂക്ഷമായിട്ടുണ്ട്.
പതിറ്റാണ്ടുകൾ പഴകിയ പദ്ധതികൾ നവീകരിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല. പദ്ധതി കിണറുകൾ ആഴം കൂട്ടിയോ അതല്ലെങ്കിൽ നിലവിലുള്ള പദ്ധതി പുതിയ കിണറുകൾ കണ്ടെത്തി വിപുലീകരിക്കുകയോ ചെയ്യണമെന്ന ആവശ്യം തന്നെ പതിറ്റാണ്ട് പഴകി. വലിയപറമ്പ് പോലുള്ള കടലോര പ്രദേശങ്ങളും ചേരി പ്രദേശങ്ങളും പദ്ധതികളുടെ നവീകരണത്തിനു കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.