ADVERTISEMENT

കാസർകോട്∙ മലയാളി വേരുകളുള്ള മംഗളൂരു എംഎൽഎ യു.ടി.ഖാദർ കർണാടക നിയമസഭാ സ്പീക്കറാവുമ്പോൾ മംഗളൂരുവിലെ മലയാളികൾക്കൊപ്പം കാസർകോട്ടും ആഹ്ലാദം. 2013–18, 2018–19 വർഷങ്ങളിലായി കോൺഗ്രസ് മന്ത്രി സഭകളിൽ ആരോഗ്യ-ഭക്ഷ്യ–കുടുംബ ക്ഷേമ, ഭവന, നഗര വികസന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന യു.ടി.ഖാദർ ഇത്തവണ മന്ത്രിയാവില്ലെന്നറിഞ്ഞപ്പോൾ നിരാശരായവർ സ്പീക്കറായി അദ്ദേഹം എത്തുന്നതിന്റെ ആവേശത്തിലാണ്.  ഇന്നലെ ബെംഗളൂരുവിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്പീക്കറായി ചുമതലയേറ്റു.

1972, 1978, 1999, 2004 വർഷങ്ങളിൽ മംഗളൂരു മണ്ഡലത്തിൽ എംഎൽഎ ആയിരുന്ന കാസർകോട് ഉപ്പള ഗേറ്റിനടുത്ത പള്ളത്തെ പരേതനായ യു.ടി. ഫരീദിന്റെ മകനാണ് യു.ടി. ഖാദർ. പിതാവിന്റെ മരണത്തെ തുടർന്ന് 2007ലെ ഉപ തിരഞ്ഞെടുപ്പിലാണ് ഖാദർ ആദ്യമായി മത്സരിച്ച് ജയിക്കുന്നത്. 2008, 2013, 2018, 2023 പൊതുതിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. 2022ൽ കോൺഗ്രസ് നിയമസഭാ കക്ഷി ഉപ നേതാവായിരുന്നു. കാസർകോട് ചട്ടഞ്ചാൽ സ്വദേശിനി ലമിസാണ് ഭാര്യ. ഖാദറിന്റെ മലയാളത്തിന് അത്ര ഒഴുക്കില്ല. ഇംഗ്ലിഷും കന്നഡയും കലരും.  പക്ഷേ മംഗളൂരുവിലെ മലയാളികൾക്ക് അദ്ദേഹം സ്വന്തം ജനപ്രതിനിധിയാണ്.

ഇപ്പോഴും കേരളവുമായി അടുത്ത ബന്ധം പുലർത്തുന്നു അദ്ദേഹം. മകൾ ഹവ്വ നസീമയെ കർണാടകയിൽ നിന്ന് കേരളത്തിലയച്ചാണ് 2 വർഷം പഠിപ്പിച്ചത്. മലപ്പുറത്ത് മഅ്ദിൻ അക്കാദമിയിൽ ഖുർആൻ പഠനവും മഞ്ചേരി ഗവ. ഗേൾസ് സ്കൂളിൽ 9,10 ക്ലാസ് വിദ്യാഭ്യാസവും പൂർത്തിയാക്കിയ ഹവ്വ  ഇപ്പോൾ മംഗളൂരു സെന്റ് അലോഷ്യസ് കോളജിൽ ബിഎ സൈക്കോളജി ഒന്നാം വർഷ വിദ്യാർഥിയാണ്. 15ാമത്തെ വയസ്സിൽ ഹവ്വ നസീമ ഖുർആൻ പൂർണമായും മനപ്പാഠമാക്കി. 

തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് മലയാള മനോരമയ്ക്ക് നൽ‌കിയ അഭിമുഖത്തിൽ അദ്ദേഹം 2 കാര്യങ്ങൾ പറഞ്ഞിരുന്നു. ദക്ഷിണ കന്നഡയിൽ 4 സീറ്റ് കോൺഗ്രസിനു ലഭിക്കും. കോൺഗ്രസ് 140 സീറ്റ് നേടി ശക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും. 135 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുകയും ദക്ഷിണ കന്നഡയിൽ കോൺഗ്രസ് 2 സീറ്റ് നേടുകയും ചെയ്തതോടെ പ്രവചനങ്ങൾ ഏറെക്കുറെ യാഥാർഥ്യമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com