ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വർഷം; നവീകരണം കാത്ത് കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡ്

Mail This Article
കൊട്ടാരക്കര∙ നിർമാണ ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വർഷം കഴിഞ്ഞിട്ടും കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിന്റെ നവീകരണം ആരംഭിച്ചില്ല. കരാർ റദ്ദാക്കാൻ നഗരസഭാ നീക്കം. സാങ്കേതിക പ്രശ്നങ്ങളിൽ മുങ്ങി ഒന്നര വർഷത്തോളം നിർമാണം നടന്നില്ല. പിന്നീട് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും നിർമാണം തുടരാൻ കരാറുകാരൻ തയാറായില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.നൂറിലേറെ ബസുകൾ ദിവസവും കടന്നു പോകുന്ന സ്വകാര്യ ബസ് സ്റ്റാൻഡ് ഇന്ന് പൂർണ തകർച്ചയിലാണ്. സന്ധ്യയായാൽ സാമൂഹിക വിരുദ്ധരുടെ താവളമാണ്.
ഇരുട്ടിലാണ് പ്രദേശം.തെരുവ് വിളക്കുകൾ പോലും കത്തുന്നില്ല. എ.ഷാജു നഗരസഭ ചെയർമാനായിരിക്കെയാണ് 75 ലക്ഷം രൂപ ചെലവിൽ നിർമാണം ആരംഭിച്ചത്. മന്ത്രി കെ.എൻ.ബാലഗോപാലാണ് നിർമാണ ഉദ്ഘാടനം നടത്തിയത്. സാങ്കേതിക കുരുക്കുകൾ മാറിയിട്ടും നിർമാണം ആരംഭിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നിർമാണം ആരംഭിക്കാത്ത സാഹചര്യത്തിൽ കരാർ റദ്ദാക്കാൻ അടുത്ത കൗൺസിൽ തീരുമാനിക്കുമെന്ന് നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അറിയിച്ചു.