മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തോട്ടണ്ടി വാങ്ങുമെന്ന് കാഷ്യു ബോർഡ്

Mail This Article
കൊല്ലം ∙ രാജ്യത്തെ തോട്ടണ്ടി ഉൽപാദക സംസ്ഥാനങ്ങളിൽ നിന്നും ഇ ടെൻഡറിലൂടെ പച്ച തോട്ടണ്ടി വാങ്ങാൻ കാഷ്യൂ ബോർഡ് തീരുമാനിച്ചു. തോട്ടണ്ടി ഉൽപാദക രാജ്യങ്ങളിൽ തോട്ടണ്ടി സംസ്കരണം ആരംഭിച്ചതോടെ തോട്ടണ്ടി യഥാസമയം ലഭിക്കുന്നില്ല. തോട്ടണ്ടിയുടെ വില കൂടിയെന്നു മാത്രമല്ല, ഗുണനിലവാരം കുറയുകയും ചെയ്തു. ഇതോടെയാണ് ഇ ടെൻഡറിലൂടെ തോട്ടണ്ടി വാങ്ങാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ കാഷ്യൂ ബോർഡ് തീരുമാനിച്ചത്. ഇതുവരെ വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തിനുള്ളിൽ നിന്നും മാത്രമാണു തോട്ടണ്ടി വാങ്ങിയിരുന്നത്.
ഓരോ സംസ്ഥാനത്തെയും സഹകരണ സംഘങ്ങളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നുമാകും തോട്ടണ്ടി വാങ്ങുക. കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഉൽപാദക സ്ഥാപനങ്ങളിൽ നിന്നും കാഷ്യൂ ബോർഡ് തോട്ടണ്ടി വാങ്ങും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തോട്ടണ്ടി കൃഷി ചെയ്യുന്ന സംസ്ഥാനം ഒഡിഷയാണ്. ആന്ധ്രപ്രദേശ് രണ്ടാം സ്ഥാനത്തും മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമുണ്ട്.
കേരളം അഞ്ചാം സ്ഥാനത്താണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 2 ലക്ഷം ടൺ വരെ തോട്ടണ്ടി വരെ വർഷം ഉൽപാദിപ്പിക്കുമ്പോൾ കേരളത്തിൽ അത് 76000 ടൺ മാത്രമാണ്. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും ഫാക്ടറികളും പ്രവർത്തിക്കണമെങ്കിൽ വർഷം ഏകദേശം 4 ലക്ഷം ടൺ തോട്ടണ്ടി വേണം. രാജ്യത്തെ തോട്ടണ്ടി ഉൽപാദക സംസ്ഥാനങ്ങളിലെ ആകെ ഉൽപാദനം ഏകദേശം 8 ലക്ഷം ടൺ ആണ്.
കശുമാവ് കർഷകർക്കു ന്യായമായ വില ലഭിക്കാനും കശുമാവ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് കാഷ്യൂ ബോർഡ് വിവിധ സംസ്ഥാനങ്ങളിൽ നിന്നു തോട്ടണ്ടി വാങ്ങാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാർ തോട്ടണ്ടി കിലോഗ്രാമിന് 110 രൂപ വില പ്രഖ്യാപിച്ചിട്ടുണ്ട്. വരും നാളുകളിൽ ഇന്ത്യയ്ക്കകത്തു തന്നെ കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുകയും തോട്ടണ്ടി സംഭരിക്കുകയും ചെയ്തു സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നു കണ്ടാണു ഈ ആവശ്യം സർക്കാരിനു മുന്നിൽ അവതരിപ്പിച്ചതെന്നു ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. കാഷ്യൂ ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. അലക്സാണ്ടർ, കോർപറേഷൻ മാനേജിങ് ഡയറക്ടർ കെ. സുനിൽ ജോൺ, കാപ്പെക്‌സ് മാനേജിങ് ഡയറക്ടർ എം.പി സന്തോഷ് കുമാർ, സിജു ജേക്കബ്, പി. വിനയൻ എന്നിവരും പങ്കെടുത്തു.